സാന്റിയാഗോ: ചിലിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 137 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഗ്നിരക്ഷാ സേനാംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ ചിലിയിലെ വാല്‍പറാസിയോ മേഖലയിലെ വിനാ ഡെല്‍മാര്‍ നഗരത്തിലാണ് കാട്ടുതീ പടര്‍ന്നത്.
അഗ്നിരക്ഷാ സേനാംഗം ഫ്രാന്‍സിസ്കോ ഇഗ്നാസിയോ മൊണ്ഡാക്ക, ചിലി നാഷണല്‍ ഫോറസ്ട്രി കോര്പറേഷന് ഉദ്യോഗസ്ഥന് ഫ്രാന്‍സിസ്കോ പിന്റോ എന്നിവരാണ് അറസ്റ്റിലായത്. കാട്ടുതീ തടയാന്‍ ഉത്തരവാദിത്തപ്പെട്ടവരുടെ സ്ഥാപനമാണ് ഫോറസ്ട്രി കോര്പറേഷന്. കാട്ടുതീ മൊണ്ഡാക്കയും പിന്റോയും മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിനുള്ള തെളിവുകളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 2നാണ് നാലിടങ്ങളിലായാണ് കാട്ടുതീ പടര്‍ന്നത്.
ഇവിടെനിന്ന് സിഗരറ്റും തീപ്പെട്ടിയും ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും ചിലി പരിസ്ഥിതി കുറ്റകൃത്യ അന്വേഷണ ഏജന്‍സി തലവന്‍ ഇവാന് നവാരോ പറഞ്ഞു. പ്രതികളുടെ വീട്ടില്‍നിന്നും കാട്ടുതീ പടര്‍ത്താനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ റീജനല്‍ പ്രോസിക്യൂഷന് ജഡ്ജി ആറു മാസത്തെ സമയം അനുവദിച്ചു. മേഖലയില്‍ നേരത്തെയുണ്ടായ ആറ് കാട്ടുതീ സംഭവങ്ങളില്‍ മൊണ്ഡാക്കയ്ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: