ഷിംല: പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗമാണെന്ന് ഊന്നിപ്പറഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിമാചൽ പ്രദേശിലെ ഹമീർപൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന് പിന്തുണ പ്രഖ്യാപിച്ച് ഉന ജില്ലയിലെ അംബിൽ നടന്ന റാലിയിൽ ഷാ പറഞ്ഞു.
പിഒകെ ഞങ്ങൾ ഏറ്റെടുക്കും, അയൽരാജ്യത്തിന്റെ പക്കൽ ആറ്റംബോംബുകൾ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസിനെയും ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
“പാക് അധിനിവേശ കശ്മീർ (പിഒകെ) ഹമാരാ ഹേ, ഹമാര രഹേഗാ ഔർ ഹൂം ഇസെ ലെകർ രഹേംഗെ (പിഒകെ നമ്മുടേതാണ്, അത് നമ്മുടേതായി തുടരും. ഞങ്ങൾ അത് ഏറ്റെടുക്കും),” – അമിത് ഷാ പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം 310 സീറ്റുകൾ നേടിയിട്ടുണ്ടെന്നും ആറാം ഘട്ടത്തിലും അവസാന ഘട്ടത്തിലും 400-പാർ എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വെറും 40 സീറ്റുകളിൽ ഒതുങ്ങുമെന്നും ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആരായിരിക്കും പ്രധാനമന്ത്രിയെന്ന് റാലിയിലെ ജനക്കൂട്ടത്തോട് ചോദിച്ച് അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചു.
സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നതിനായി ആറ് നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയിപ്പിക്കാനും ‘400-പാർ’ എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: