കട്ടപ്പന : ഇടുക്കിയിൽ ജലജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്നു. മലയോര മേഖല പകർച്ച വ്യാധി ഭീഷണിയിലാണ്. ജില്ലയിൽ ഇതിനോടകം 175 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മുൻ വർഷങ്ങളിലേക്കാൾ രോഗതികളുടെ എണ്ണത്തിൽ വർധനയുണ്ട്. രോഗവ്യാപനത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയ് വരെ ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 34 ആയിരുന്നു. എന്നാൽ ഈവർഷം 175 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 700 പേരാണ് രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലെത്തിയത്. 59 പേർക്ക് മലേറിയയും ആറ് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മലേറിയ പിടിപെട്ടവരിൽ ഏറിയ പങ്കും തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
ജൂലൈ പകുതിയോടെ പനി ബാധിതരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ല മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: