നമ്മുടെ ഭരണഘടന ഒരു മതത്തോടും പ്രത്യേക പരിഗണനയോ ആഭിമുഖ്യമോ പുലര്‍ത്തുന്നില്ല. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ നീതിയും അവസരവും പ്രദാനം ചെയ്യുന്ന ഭരണഘടനയാണ് നമ്മുടേത്. നൂറ്റാണ്ടുകളായി ഹിന്ദുമതത്തില്‍ ആചരിച്ചുവന്ന അയിത്തവും അനാചാരവും മൂലം അടിച്ചമര്‍ത്തപ്പെട്ട് അധഃസ്ഥിതരായി മാറിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ അവര്‍ക്ക് വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ നിയമനങ്ങളിലും സംവരണം നല്‍കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 15(4), (5), 16(4), 335 പ്രകാരം നിര്‍ദ്ദേശിച്ചു.
ഒപ്പം ഭാഷാ, മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും അതിന്റെ ഭരണനിര്‍വ്വഹണം നടത്താനുമുള്ള അവകാശവും അനുച്ഛേദം 29, 30 എന്നിവയിലൂടെ നല്‍കിക്കൊണ്ട് ന്യൂനപക്ഷ സംരക്ഷണവും ഭരണഘടന ഉറപ്പുനല്‍കി. എന്നാല്‍ പില്‍ക്കാലത്ത് മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു കൂടി സംവരണം നല്‍കാനുള്ള തീരുമാനമുണ്ടായി. ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങളിലെ സാമൂഹ്യമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമാണ് 27%ഒബിസി സംവരണം ശുപാര്‍ശ ചെയ്യപ്പെട്ടത്.
3943 ജാതികളെയാണ് മണ്ഡല്‍ കമ്മീഷന്‍ പിന്നാക്കമായി കണ്ടെത്തിയത്. മുസ്‌ലീം സമുദായത്തില്‍ മാപ്പിള വിഭാഗത്തില്‍പെട്ടവരെ മാത്രമാണ് മണ്ഡല്‍ കമ്മീഷന്‍ കേരളത്തില്‍ പിന്നാക്ക വിഭാഗമായി കണ്ടെത്തിയത്. ക്രിസ്തുമതത്തിലെ ലത്തീന്‍ കത്തോലീക്കര്‍, നാടാര്‍ ക്രിസ്ത്യാനികള്‍, പട്ടികജാതിയില്‍ നിന്ന് മതം മാറിയ പരിവര്‍ത്തിക ക്രിസ്ത്യാനികള്‍ എന്നിവരെയും പിന്നാക്ക വിഭാഗമായി കണ്ടെത്തി. എന്നാല്‍ കേരളം ഭരിച്ച ഇടതുവലത് മുന്നണികള്‍ വോട്ടുബാങ്ക് ലക്ഷ്യം വെച്ച് മുസ്‌ലീം സമുദായത്തെ ഒന്നാകെ സംവരണ വിഭാഗമായി നിശ്ചയിക്കുകയും അവര്‍ക്ക് 12% സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതുമൂലം കേരള, കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ ഈ ആനുകൂല്യം മുസ്‌ലീം സമുദായത്തിനൊന്നാകെ ലഭിക്കുന്നു. കൂടാതെ കേന്ദ്രത്തിന്റെ 27% സംവരണത്തിന്റെ പങ്കും മുസ്ലീംങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമായി നല്‍കുന്ന മതസംവരണമാണെന്ന് ഈ യോഗം വിലയിരുത്തുന്നു. കേന്ദ്രത്തിന്റെ സംവരണ നയമനുസരിച്ച് 22.5% സംവരണം എസ്‌സി, എസ്റ്റി വിഭാഗങ്ങള്‍ക്കും 27% സംവരണം ഒബിസി വിഭാഗങ്ങള്‍ക്കുമാണ് നല്‍കപ്പെടുന്നത്.
എന്നാല്‍ കേരളത്തില്‍ ജനസംഖ്യാനുപാതികമാണെന്ന ന്യായം പറഞ്ഞ് എസ്‌സി, എസ്റ്റി സംവരണം 10% മായി കുറച്ചു. 1971 ലെ സെന്‍സസ് പ്രകാരമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനൂപാതികമായി 8% സംവരണം നിശ്ചയിച്ചത്. എന്നാല്‍ 1981 സെന്‍സസ് പ്രകാരം 10% സംവരണത്തിന് പട്ടികജാതിക്കാര്‍ അര്‍ഹരാണ്. കേന്ദ്രസംവരണം പട്ടികജാതികാര്‍ക്ക് 10% സംവരണം നല്‍കുമ്പോഴും കേരളത്തില്‍ അത് 8% ആയി തുടരുകയാണ്. സച്ചാര്‍, പാലൊളി കമ്മറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് നിരവധി മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഫലത്തില്‍ ഇരട്ട സംവരണമാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുസ്‌ലീം സമുദായം ഒന്നാകെ അതിപിന്നാക്ക വിഭാഗമാണെന്ന് ഒരു പഠനവും കണ്ടെത്തിയിട്ടില്ല.
2016 ലെ സിഡിഎസ് പഠനമനുസരിച്ച് മുസ്‌ലീം സമുദായം എസ്‌സി, എസ്റ്റി വിഭാഗത്തേക്കാള്‍ മാത്രമല്ല ഹിന്ദു പിന്നാക്ക വിഭാഗങ്ങളേക്കാളും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലാണെന്ന് കണ്ടെത്തുകയുണ്ടായി. സച്ചാര്‍ കമ്മറ്റിയും കേരളത്തിലെ മുസ്ലീംങ്ങള്‍ പിന്നാക്ക വിഭാഗമാണെന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന് നല്‍കുന്ന സംവരണം സാമൂഹ്യ അനീതിയാണെന്ന് ഈ യോഗം അഭിപ്രായപ്പെടുന്നു.
തങ്ങള്‍ക്ക് ലഭിക്കുന്ന 12% സംവരണം ജനസംഖ്യാനുപാതികമായി പുനര്‍വിന്യസിക്കണമെന്നും മുസ്‌ലീങ്ങള്‍ ഈഴവരേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ളവരാണെന്നും അതനുസരിച്ച് അവരേക്കാള്‍ കൂടുതല്‍ സംവരണ അവകാശം മുസ്‌ലീങ്ങള്‍ക്ക് ലഭിക്കണമെന്നും ആവശ്യമുന്നയിച്ച് മൈനോററ്റി ഇന്‍ഡ്യന്‍സ് പ്ലാനിങ്ങ് & വിജിലന്‍സ് കമ്മീഷന്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഇത് ഹിന്ദുക്കളിലെ സംവരണ സമുദായാംഗങ്ങളെയാകെ ബാധിക്കുന്ന വിഷയമായി മാറുകയാണ്. ഇപ്പോള്‍ 18% സംവരണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിച്ചുവരുന്നുണ്ട്. ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണമാണ് ന്യൂനപക്ഷങ്ങള്‍ക്കായി വീതിച്ചു നല്‍കുന്നത്.
നാടാര്‍ ക്രിസ്ത്യാനികളെ ഒബിസിയില്‍ ഉള്‍പ്പെടുത്തുക വഴി നാടാര്‍ ഹിന്ദുക്കളുടെ സംവരണത്തെയാണ് അത് ഗുരുതരമായി ബാധിച്ചത്. ഇതിനൊക്കെ പുറമെയാണ് മതം മാറിയ പട്ടികജാതിക്കാര്‍ക്ക് എസ്‌സി സംവരണം നല്‍കണമെന്ന് രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഭരണഘടന സംരക്ഷണമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. എസ്‌സി സംവരണം അട്ടിമറിക്കാന്‍ യുപിഎ സര്‍ക്കാര്‍ രംഗനാഥ മിശ്ര കമ്മീഷനിലൂടെ ശ്രമിച്ചെങ്കിലും ഹിന്ദുസംഘടനകളുടെ വ്യക്തമായ എതിര്‍പ്പ് ഈ വിഷയത്തില്‍ ഉയര്‍ന്നുവരികയും, ജനകീയവും നിയമപരവുമായ പോരാട്ടം അതിനെതിരെ തുടരുകയും ചെയ്യുകയാണ്. മതം മാറിയവര്‍ക്ക് കിട്ടുന്ന സംവരണം അവര്‍ ജനിച്ച സമൂദായത്തിനു ലഭിക്കുന്ന അതേ സംവരണം തന്നെയാണ് എന്നുള്ളത് അങ്ങേയറ്റം അനീതിയും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
ഭരണഘടന ന്യൂനപക്ഷ സംരക്ഷണമാണ് ഉറപ്പുനല്‍കുന്നതെങ്കിലും പിന്നീട് അത് ന്യൂനപക്ഷ അവകാശമായി വ്യാഖ്യാനിക്കപ്പെടുകയും ഇപ്പോള്‍ അത് ന്യൂനപക്ഷ പദവിയിലെത്തി നില്‍ക്കുകയുമാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സംവരണ തത്വം പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടുകയും അത് സംവരണ വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. ഇത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര തത്വങ്ങള്‍ക്കും തുല്യ നീതിക്കും എതിരാണ്. പിന്നാക്ക സമുദായങ്ങളെ കണ്ടെത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക വഴി രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ അനര്‍ഹരായ സമുദായങ്ങളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന സമീപനം വര്‍ദ്ധിച്ചുവരുന്നു.
ബംഗാളില്‍ 41 മുസ്ലീം വിഭാഗങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയ നടപടി കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയ സംഭവം ഇതിന് ഉദാഹരണമാണ്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മുസ്‌ലീങ്ങളെ ഒബിസി വിഭാഗത്തില്‍ പെടുത്തിയത്. മഹാരാഷ്‌ട്രയില്‍ മതം മാറി ജാതിരഹിതരായി പ്രഖ്യാപിക്കപ്പെട്ട നിയോ ബുദ്ധിസ്റ്റുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും സംഘടിത വോട്ട് ലക്ഷ്യം വച്ചാണ്. ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കുന്ന അധികാരം എസ്‌സി, എസ്റ്റി വിഭാഗങ്ങളെ നിശ്ചയിക്കുന്നതുപോലെ കേന്ദ്രസര്‍ക്കാര്‍ തന്നെ ഏറ്റേടുക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
ഭരണഘടനാവിരുദ്ധമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നല്‍കിവരുന്ന മതാടിസ്ഥാനത്തിലുള്ള സംവരണം പ്രീണനരാഷ്‌ട്രീയവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണെന്നതിനാല്‍ മതസംവരണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഈ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: