ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. ദല്‍ഹി ഏഴ്, ബീഹാര്‍ എട്ട്, ഹരിയാന 10, ജമ്മു കശ്മീര്‍ ഒന്ന്, ഒഡീഷ ആറ്, ഉത്തര്‍പ്രദേശ് 14, ബംഗാള്‍ എട്ട് ഉള്‍പ്പെടെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതിനൊപ്പമാകും.
കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, റാവു ഇന്ദര്‍ജിത് സിങ്, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മുന്‍ കേന്ദ്ര മന്ത്രി മനേകഗാന്ധി, ഹൈക്കോടതി മുന്‍ ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ, ദേശീയ വക്താവ് സംബിത് പത്ര, സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ്, മനോജ് തിവാരി, അശോക് തന്‍വര്‍, ഭര്‍തൃഹരി മഹ്താബ്, അപരാജിത സാരംഗി, നവീന്‍ ജിന്‍ഡാല്‍ എന്നിവരാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ ബിജെപി നേതാക്കള്‍. കനയ്യകുമാര്‍, മെഹബൂബ മുഫ്തി എന്നിവര്‍ മറ്റു പാര്‍ട്ടികളിലെ പ്രമുഖരാണ്.
അഞ്ചുഘട്ടമായി 428 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു പൂര്‍ത്തിയായി. അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനാണ്. ജൂണ്‍ നാലിനു വോട്ടെണ്ണും.
ഇന്ന് നടക്കുന്ന ആറാംഘട്ടത്തില്‍ 58 ലോക്സഭാ മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തുക 11.13 കോടി വോട്ടര്‍മാര്‍. ഇതില്‍ 5.84 കോടി പുരുഷന്മാരും 5.29 കോടി സ്ത്രീകളും 5120 ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. 889 സ്ഥാനാര്‍ത്ഥികളാണുള്ളത്. 1.14 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 11.4 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ആവശ്യമുള്ള പോളിങ്സ്റ്റേഷനുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുകയും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. 2222 ഫ്ളയിങ് സ്ക്വാഡുകള്‍, 2295 സ്റ്റാറ്റിസ്റ്റിക്സ് സര്‍വൈലന്‍സ് സംഘങ്ങള്‍, 819 വീഡിയോ നിരീക്ഷണ സംഘങ്ങള്‍, 569 വീഡിയോ വ്യൂവിങ് സംഘങ്ങള്‍ എന്നിവരെയും പൊതുനിരീക്ഷകര്‍ക്കുപുറമെ നിയോഗിച്ചിട്ടുണ്ട്.
257 അന്തര്‍ദേശീയ ചെക്ക് പോസ്റ്റുകളിലും 927 അന്തര്‍ സംസ്ഥാന ചെക്ക്പോസ്റ്റുകളിലും കര്‍ശനനിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. കടല്‍, വ്യോമ മാര്‍ഗങ്ങളും നിരീക്ഷണത്തിലാണ്. 20 പ്രത്യേക ട്രെയിനുകള്‍ പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ പ്രവചിച്ചിട്ടുള്ള ഇടങ്ങളില്‍ വേണ്ട നടപടികള്‍ക്ക് സിഇഒമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആത്മവിശ്വാസത്തോടെ എന്‍ഡിഎ
വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 44ലും 2019ല്‍ വിജയിച്ചത് ബിജെപിയാണ്. ഒരു സീറ്റില്‍ പോലും അന്ന് കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല. അതിനാല്‍ തന്നെ പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് എന്‍ഡിഎ ഈ ഘട്ടത്തിലും വോട്ടെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ രണ്ട് തവണയായി ബിജെപി മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ ദല്‍ഹിയില്‍ ഇത്തവണയും മാറ്റമുണ്ടാവില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ആപ്പിന്റെയും അരവിന്ദ് കേജ്രിവാളിന്റെയും അഴിമതിക്കും സ്ത്രീവിരുദ്ധതയ്ക്കും എതിരായ വിധിയെഴുത്താകും ദല്‍ഹിയിലെ തെരഞ്ഞെടുപ്പ്. ആപ്പിനൊപ്പം സഖ്യമായി മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെയുള്ളവരില്‍ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇതും ബിജെപിക്ക് ഗുണകരമാകും. ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി സീറ്റുകളുടെ എണ്ണം ഉയര്‍ത്താമെന്ന കണക്കുകൂട്ടലുതന്നെയാണ് ബിജെപിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: