ബര്‍ധമാന്‍ (ബംഗാള്‍): ബംഗാളില്‍ ഒരാളുടെയും ജീവന് സുരക്ഷയില്ലെന്ന് ബിജെപി നേതാവും മേദിനിപൂര്‍ എംപിയുമായ ദിലീപ് ഘോഷ്. സ്ത്രീകള്‍ക്ക് രക്ഷയില്ല. വിദേശികള്‍ക്കും രക്ഷയില്ല, നന്ദിഗ്രാമില്‍ ബിജെപി പ്രവര്‍ത്തകയുടെയും ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അനാറിന്റെയും കൊലപാതകം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
അമ്പത്താറുകാരിയായ ഒരു സ്ത്രീയെ അവര്‍ കൊന്നു. സ്ത്രീസുരക്ഷയുടെ ബംഗാള്‍ മോഡലാണിത്. കൊല്‍ക്കത്തയില്‍ ചികിത്സയ്ക്കെത്തിയ ബംഗ്ലാദേശ് എംപിയെ വധിച്ചു. ഒരാളുടെയും ജീവന് ഇവിടെ സുരക്ഷിതത്വമില്ല. സ്ത്രീയോ പുരുഷനോ എന്ന് ഭേദമില്ല. സ്വദേശിയോ വിദേശിയോ എന്ന് നോട്ടമില്ല, ബര്‍ധമാനിലെ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് ഘോഷ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് നന്നായി അറിയാം. അതുകൊണ്ട് അവര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. വോട്ടര്‍മാരെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇക്കുറി അത് വിജയിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനത്തേതാണ്. ഇത്തരം അതിക്രമങ്ങള്‍ ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങള്‍ ഇനി അവസരം ഉണ്ടാക്കില്ല.
അക്രമികളെ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളെപ്പോലും തൃണമൂല്‍ എതിര്‍ക്കുകയാണ്. അവരുടെ ഉന്നം വ്യക്തമാണ്. അക്രമം കൊണ്ട് ജയിക്കാനാകുമെന്ന പ്രതീക്ഷ തെറ്റായിരുന്നുവെന്ന് മമതയ്ക്ക് ഇക്കുറി മനസിലാകും. ബംഗാളില്‍ മമതാവാഴ്ചയ്ക്ക് അറുതി വരുത്തുന്ന തെരഞ്ഞെടുപ്പാണിത്, ദിലീപ് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: