കാഞ്ഞങ്ങാട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്ണക്കമല് കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. കുടക് സ്വദേശി പി.എ. സലിം (35) ആണ് ആന്ധ്രപ്രദേശ് കര്‍ണൂര്‍ ജില്ലയിലെ അഡോണി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെ പോലീസ് പിടിയിലായത്.
സംഭവത്തിന് ശേഷം പ്രതി ആന്ധ്രയിലേക്ക് മുങ്ങുകയായിരുന്നു. യാത്രക്കിടെ മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിന്ന് നേരത്തെ പോലീസ് വലയത്തിലായിരുന്ന പ്രതിയുടെ കൂട്ടുകാരിയിലേക്ക് വന്ന മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് പിന്തുടരുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഹോസ്ദുര്‍ഗ് പോലിസ് സ്റ്റേഷനില്‍ എത്തിച്ചു.
മെയ് 15 ന് പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തില്‍ അധികമായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ അമ്മയുടെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇടയ്ക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചുപറിച്ച കേസുകളും കര്‍ണാടക സുള്ള്യ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയുണ്ട്. ഈ കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് മേല്‍പ്പറമ്പ് സ്റ്റേഷനില്‍ പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു. അധികം സുഹൃത്തുക്കള്‍ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി നേരത്തെ ജയിലില്‍ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ആന്ധ്രയിലും ബംഗളൂരുവിലും ഇയാള്‍ ഹോട്ടല്‍ ജോലി ചെയ്തിരുന്നു. യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച വീണ്ടും കുട്ടുകാരിയെ ഫോണില്‍ വിളിച്ചപ്പോഴാണ് കൃത്യം നടന്നതിന്റെ ഒമ്പതാം നാള് പ്രതി പോലീസ് വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: