കോട്ടയം: എയര്‍പോഡ്സ് മോഷണ കേസില്‍ കുടുങ്ങി പാലാ നഗരസഭയില്‍ തങ്ങള്‍ക്കു നാണക്കേടുണ്ടാക്കിയ സ്വന്തം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ കൈയൊഴിഞ്ഞ് സി.പി.എം. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം ബിനു പുളിക്കക്കണ്ടം പങ്കെടുത്തുവെന്നതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ക്കൊപ്പം സി.പി.എമ്മും ബഹിഷ്കരിച്ചു. ഇതോടെ സി.പി.എം ചിഹ്നത്തില്‍ മത്സരിച്ച ഏക പ്രതിനിധിയും നഗരസഭാ കക്ഷി നേതാവുമായ ബിനുവിനൊപ്പമില്ലെന്ന നിലപാടിലായി പാര്‍ട്ടി . കഴിഞ്ഞദിവസം അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ പൊലീസ് കേസില്‍ പ്രതിപ്പട്ടികയില്‍ പെട്ട ബിനു പങ്കെടുക്കുന്നതില്‍ എയര്‍പോഡ്സ് മോഷണക്കേസിലെ പരാതിക്കാരനായ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരംകുഴി എതിര്‍ത്തു. ഇതോടെ ചെയര്മാന് ഷാജി വി തുരുത്തന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ 9 പ്രതിനിധികള്‍ക്കും സിപിഐയുടെ ഒരംഗത്തിനും ഒപ്പം സിപിഎമ്മിന്റെ മൂന്നു പേരും ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തു. സിപിഎമ്മിലെ ഷീബ ജിയോ മാത്രമാണ് ബിനുവിനൊപ്പം കൗണ്‍സില്‍ ഹാളില്‍ തുടര്‍ന്നത്. ഒരു മണിക്കൂറിനുശേഷം സാധാരണ കൗണ്‍സില്‍ യോഗത്തിനായി വീണ്ടും ഭരണപക്ഷ അംഗങ്ങള്‍ എത്തിയെങ്കിലും ബിനുവിനെ ഹാളില്‍ കണ്ട് വീണ്ടും പുറത്തുപോയി.
നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കൗണ്സിലര്ക്കെതിര മോഷണക്കേസ് ഉയരുന്നതെന്നും നിയമപരമായി ജാമ്യം ലഭിക്കുന്നതു വരെ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്നും നഗരസഭാ ചെയര്മാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: