കൊച്ചി: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കീഴ്ക്കോടതികള്ക്കായി കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് (ജില്ലാ ജുഡീഷ്യറി) നിര്‍ദേശം നല്കി. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡിജിപി) ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് നിര്‍ദേശിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കീഴ്ക്കോടതികള്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നല്കിയ ഇടക്കാല അപേക്ഷയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ അതിജീവിച്ചയാളുടെ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല അപേക്ഷ ഫയല്‍ ചെയ്തത്. ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മെയ് 27 ന് മാറ്റി.
നേരത്തെ, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡില്‍ അനധികൃതമായി പ്രവേശിച്ചുവെന്നാരോപിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അംഗീകരിച്ച ബെഞ്ച് 2023 ഡിസംബറില്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജിയോട് നിര്‍ദ്ദേശിച്ചു.
ഈ വിധിയില്‍, ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കൈകാര്യം ചെയ്യുന്നതിന് ബെഞ്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ഉത്തരവിടുകയും ചെയ്തു. ആവശ്യമായ നടപടികള്‍ക്കായി വിധിയുടെ പകര്‍പ്പുകള്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ ജഡ്ജിമാര്‍ക്കും കൈമാറാന്‍ രജിസ്ട്രിക്ക് നിര്‍ദേശവും നല്കി.
എന്നാല്‍ ജില്ലാ ജുഡീഷ്യറിയിലെ എല്ലാ കോടതികള്‍ക്കും രജിസ്ട്രി ഒരു അഡ്മിനിസ്ട്രേറ്റീവ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചില്ലെങ്കില്‍, നിര്‍ദേശങ്ങള്‍ എല്ലാ കോടതികളുടെയും ശ്രദ്ധയില്പ്പെട്ടേക്കില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ കോടതികള്‍ക്കും വിധിയുടെ പകര്‍പ്പുകള്‍ കൈമാറാന്‍ വിധിയില്‍ നിര്‍ദ്ദേശമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: