പൂനെ: മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് രണ്ട് പേര് മരിച്ച സംഭവത്തില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കി. പ്രതിക്ക് ജാമ്യം നല്‍കിയത് പുനപരിശോധിക്കണമെന്ന പൂനെ പോലീസിന്റെ ഹര്‍ജിയില്‍ ഇയാളെ ഇന്നലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കിയിരുന്നു. പ്രതിക്ക് 18 വയസ് തികയാന്‍ നാല് മാസം മാത്രമുള്ളപ്പോഴാണ് അപകടം. കൂടാതെ രണ്ട് പേര് അപകടത്തില്‍ മരണമടഞ്ഞതും ജുവനൈല്‍ ബോര്‍ഡ് വീണ്ടും പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ വയസ് പരിഗണിച്ച് കോടതി ജാമ്യം നല്‍കിയതില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതിക്കെതിരെ ഗതാഗത വകുപ്പും കുടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മോട്ടാര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുക തുടങ്ങി നിരവധി വകുപ്പുകളാണ് 17 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് 25 വയസ് പൂര്‍ത്തിയാകാതെ വാഹന ലൈസന്‍സ് അനുവദിക്കില്ല. ഇയാളുടെ വാഹനം പോര്‍ഷെ കാറിന് രജിസ്ട്രേഷന് ഇല്ലെന്നും ഗതാഗത കമ്മിഷണര്‍ പറഞ്ഞു.
മാര്‍ച്ചില്‍ ബെംഗളൂരുവില്‍ ഇറക്കുമതി ചെയ്ത ഈ കാര്‍ താത്കാലിക രജിസ്ട്രേഷനിലാണ് മഹാരാഷ്ട്രയില്‍ എത്തിച്ചത്. പിന്നീട് പൂനെ രജിസ്ട്രേഷന് ഓഫീസില്‍ ഇതുവരെ വാഹനത്തിന്റെ രജിസ്ട്രേഷന് തുകയായ 1,758 രൂപ അടച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് കമ്മിഷന് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. പ്രതിയും സുഹൃത്തുക്കളും പൂനെയിലെ വിവിധബാറുകളില് നിന്ന് മദ്യപിച്ചിരുന്നു. പബ്ബുകളിലൊന്നില്‍ 90 മിനിറ്റിനുള്ളില്‍ 48,000 രൂപ ചെലവഴിച്ച് മറ്റൊരു പബ്ബിലേക്ക് പോവുകയായിരുന്നുവെന്ന് പൂനെ പോലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
പ്രതിയും സുഹൃത്തുക്കളും മദ്യം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന 17കാരന്റെ പൊര്‍ഷെ കാറിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഐടി പ്രൊഫഷണലുകളാണ് കൊല്ലപ്പെട്ടത്. ഇരുവരേയും വൈദ്യ പരിശോധനക്ക് വിധേയമാക്കി. രക്ത സാമ്പിളുകളുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ വിശാല്‍ അഗര്‍വാളിനെ ഔറംഗബാദ് ഛത്രപതി സംഭാജിനഗര്‍ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് റെസ്റ്റോറന്റ് ഉടമകളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ ആദ്യം അറസ്റ്റിലായെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. പകരം പ്രതി 15 ദിവസം യെര്‍വാഡ ട്രാഫിക് പോലീസുമായി സഹകരിച്ച് ജോലി ചെയ്യണം, വാഹനാപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലം ഇല്ലാതാക്കുന്നതിന് ചികിത്സയ്ക്കും കൗണ്‍സിലിങ്ങിനും വിധേയമാകണം എന്നിങ്ങനെയുള്ള ശിക്ഷയാണ് വിധിച്ചത്. ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് കുട്ടിയുടെ മുത്തച്ഛന് നല്കിയ ഉറപ്പിന്മേലാണ് ജാമ്യം നല്‍കിയത്.
അതേസമയം അപകടം കൈകാര്യം ചെയ്യുന്നതില്‍ പൂനെ പോലീസിന് അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പോലീസുകാരില്‍ ഒരു തരത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അപകടവുമായി ബന്ധപ്പെട്ട് പൂനെ പോലീസ് കമ്മിഷണറേറ്റില്‍ ഫഡ്നാവിസ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. വിഷയത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൃദുവായി കണ്ടുവെന്നും 17 കാരനെ പ്രായപൂര്‍ത്തിയായെന്ന നിലയില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചിരുന്നു.
അപകടത്തിനെ തുടര്‍ന്ന് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കെതിരെ പൂനെ മുനിസിപ്പല്‍ കോര്പ്പറേഷന് നടപടി ആരംഭിച്ചു. വ്യാജ ഐഡി ഉപയോഗിച്ചും ചട്ട വിരുദ്ധമായും നിര്‍മിച്ചിട്ടുള്ള ചിലത് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. ബാക്കിയുള്ളവയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: