കൊച്ചി: അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്ന് നിരവധി പേര് ഇരകളായെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു. ദാരിദ്ര്യം ചൂഷണം ചെയ്താണ് അവയവക്കച്ചവടം നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. തൃശ്ശൂര്‍ മുല്ലശ്ശേരിയില് മാത്രം അവയവദാനം ചെയ്തത് ഏഴു പേരാണ്. തീരദേശ മേഖലയിലും അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും പുറത്തു വരുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായ മലയാളി സബിത് നാസര്‍ പിടിയിലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം രണ്ടു കൊല്ലത്തിനിടെ ഏഴു പേര് അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നു. രണ്ടു പുരുഷന്മാരും അഞ്ചു സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. അവയവക്കച്ചവട മാഫിയ സംഘത്തിന് ഭീകരരുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു.
കേസില്‍ പോലീസ് യുഎപിഎ ചുമത്തും. ഇതോടെ കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി സ്റ്റേഷനിലെത്തി പോലീസുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസം പ്രതി സബിത് നാസറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. എന്‍ഐഎ സംഘവും സബിത്തിനെ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: