തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതിനുളള ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ അറിയിപ്പ് നിയമസഭാ സെക്രട്ടറിക്കു കൈമാറി. തന്നെ നേരിട്ടു ബാധിക്കുന്ന ബില്ലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണുണ്ടായത്. എന്നാല്‍ രാഷ്ട്രപതി ബില്ലിന് അനുമതി നല്‍കിയില്ല.
ഗവര്‍ണ്ണര്‍ സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടുന്നുവെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയായ എസ്.എഫ്.ഐ പ്രത്യക്ഷ സമരത്തിലായിരുന്നു. വഴിവിട്ട് നിയമിതരായ വൈസ് ചാന്‍സലര്‍മാരെ നീക്കാന്‍ തയ്യാറായതും സര്‍വകലാശാല സെനറ്റിലേക്ക് സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് നോമിനികളെ നിശ്ചയിച്ചതും ഗവര്‍ണ്ണറെ വഴിയില്‍ തടയുന്നതടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസാക്കിയത്.
ബില്ലിന് അനുമതി നിഷേധിച്ച കാര്യം രാജ്ഭവന് നിയമവകുപ്പ് വഴി ഔദ്യോഗികമായി നിയമസഭാ സെക്രട്ടറിയെ അറിയിച്ചു. ഇക്കാര്യം നേരത്തെ രാജഭവനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ നിയമസഭാ പാസാക്കിയ ബില്ലുകളായതിനാല്‍ ഔദ്യോഗികമായി രാജ്ഭവന് നിയമവകുപ്പ് വഴി വിവരം നിയമസഭാ സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. മറ്റ് മൂന്നു ബില്ലുകള്ക്കുകൂടി രാഷ്ട്രപതി അനുമതി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: