ഇറാന് പ്രസിഡന്റ് ഇബ്രാഹീം റെയ്സിയുടെ ആകസ്മിക മരണം ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. മാറിയ ലോക സാഹചര്യത്തില്‍, അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഷിയാ ലോകത്തെ അതികായനായി ഇറാനെ ഉയര്‍ത്തുന്നതില്‍ റെയ്സിയുടെ പങ്കു ചെറുതല്ല. റെയ്സി(63) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതു നിരവധി ദുരൂഹതകളും ഉയര്‍ത്തിവിട്ടിട്ടുണ്ട്.
തെഹ്റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ അസര്‍ബൈജാനുമായി അതിര്‍ത്തിപങ്കിടുന്ന ചെമ്പു ഖനികള്‍ നിറഞ്ഞ പ്രദേശത്താണ് അപകടം. അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ റെയ്സി ഞായറാഴ്ച രാവിലെ അസര്‍ബൈജാനില്‍ എത്തിയിരുന്നു. ഇവിടെനിന്ന് തിരിച്ചുപോകവെയാണ് അപകടം. മൂന്ന് ഹെലികോപ്റ്ററുകളാണ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണത്തിനാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനും കാലാവസ്ഥ തടസം സൃഷ്ടിച്ചിരുന്നു. ഇബ്രാഹീം റെയ്സിയടക്കം ഒന്പതുപേര് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ട ഭാഗങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരണം വന്നത്. പതിനാല് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇറാന് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ഇറാന്റെ കോപ്റ്ററുകളും സൈനിക വിമാനങ്ങളും കൂടുതലും പഴഞ്ചനാണ്.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള ഇവയുടെ സ്പെയര്‍ പാര്‍ട്ടുകള്‍ ഇപ്പോള്‍ ലഭ്യമല്ല. പാശ്ചാത്യ ഉപരോധം കാരണം ആധുനികവല്‍ക്കരണവും ഇഴയുകയാണ്. പ്രസിഡന്റിന്റെ കോപ്റ്ററിനും കാലപ്പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍ക്കിയുടെയും സഹായം ലഭിച്ചിരുന്നു. വിദേശമന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാന്‍, ഈസ്റ്റ് അസര്ബൈജാന് ഗവര്‍ണര്‍ മാലിക് റഹ്മതി എന്നിവരും ഈ കോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു.
2021 ജൂണിലാണ് ഇബ്രാഹിം റെയ്സി ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്ന ശേഷമാണ്പ്രസിഡന്റായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുടെ മാനസപുത്രനാണ് ഇബ്രാഹിം റഈസ് അസ്സാദാത്തിയെന്ന ഇബ്രാഹിം റെയ്സി. ഇറാന് ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തില്‍ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ഷിയാ തീര്‍ഥാടനകേന്ദ്രവുമായ മശ്ഹദില്‍ 1960ലാണ് അദ്ദേഹത്തിന്റെ ജനനം. അഞ്ചു വയസ്സായിരിക്കെ പിതാവ് മരിച്ചു. 1979ല്‍ ആയത്തുല്ല ഖുമൈനി നയിച്ച ഇസ്ലാമികവിപ്ലവത്തില്‍ പങ്കാളിയായി. 25-ാം വയസ്സില്‍ തെഹ്റാന് ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു റെയ്സി. 2017 ല്‍ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ല്‍ ജുഡീഷ്യറി മേധാവി പദവിയിലെത്തി. രണ്ടു വര്‍ഷത്തിനു ശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. വൈകാതെ, അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിര്‍ണയിക്കാനുള്ള വിദഗ്ധസഭയുടെ ഉപചെയര്മാന് പദവിയിലും റെയ്സി നിയമിതനായി.
അധികാരത്തിലിരിക്കെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇറാന് പ്രസിഡന്റാണ് ഇബ്രാഹിം റെയ്സി. ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന മൊഹ്മദ് അലി രജായിയാണ് അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രസിഡന്റ്. 1981 ആഗസ്ത് 30നാണ് പ്രധാനമന്ത്രി മൊഹമ്മദ് ജാവദ് ബഹൊനാറുമൊത്ത് പ്രതിരോധ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവെ അദ്ദേഹം സ്വന്തം ഓഫീസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ വധിക്കപ്പെട്ടത്. പീപ്പിള്‍സ് മുജാഹിദീന്‍ ഓഫ് ഇറാന്റെ മസൗദ് കെഷ്മീരിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി.
ഇസ്ലാമിക ലോകത്തും പുറത്തും സവിശേഷ സ്ഥാനം ഇറാനുണ്ട്. സുന്നി, ഷിയാ ധാരകളായി പിരിഞ്ഞ ഇസ്ലാമിക ലോകത്ത് ന്യൂനപക്ഷ ഷിയാ വിഭാഗത്തിന്റെ നായകസ്ഥാനമാണ് ഇറാനുള്ളത്. ലോകത്തെ മുസ്ലിം വിഭാഗത്തില്‍ 15 ശതമാനത്തോളം മാത്രമാണ് ഷിയാകള്‍. നാല് രാജ്യങ്ങളില്‍ ഷിയാകള്‍ക്ക് ഭൂരിപക്ഷമുണ്ട്. സൗദി അറേബ്യ നയിക്കുന്ന സുന്നി വിഭാഗത്തിന് 40ല്‍പ്പരം രാജ്യങ്ങളില്‍ ഭൂരിപക്ഷമുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിനെ അട്ടിമറിച്ചാണ് അമേരിക്ക മുന്‍ രാജാവ് മുഹമ്മദ് റീസ പഹ്ലവിയെ അധികാരത്തില്‍ വീണ്ടും അവരോധിച്ചത്. അതോടെ ഇറാന് ജനതയില്‍ അമേരിക്കയോടുണ്ടായ വിരോധം ഇനി ആര് ഭരണത്തില്‍ വന്നാലും മാറാനിടയില്ല. ഇറാന് മതരാഷ്ട്രമാണെങ്കിലും മേഖലയിലെ സുന്നി രാജവാഴ്ചകളില്നിന്ന് വ്യത്യസ്തമായി ജനഹിതത്തിനും ഇടമുള്ള രാജ്യമാണ്. നാലുവര്‍ഷം കൂടുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
യുക്രൈന് അധിനിവേശത്തിനിടെ റഷ്യയ്ക്ക് ആയുധങ്ങളടക്കം നല്കി ഇബ്രാഹിം റെയ്സി പൂര്‍ണ പിന്തുണ നല്‍കുന്നത് യൂറോപ്പിനെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയ ഇറാന് നേതാക്കളുടെ പട്ടികയില്‍ റെയ്സിയുണ്ടായിരുന്നു. 2019ല്‍ ഡോണള്‍ഡ് ട്രംപ് ആണ് റെയ്സിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഗാസ യുദ്ധം മൂലം കലുഷിതമായ മധ്യപൂര്‍വദേശ മേഖലയില്‍ പ്രധാന ശക്തിയാണ് ഇറാന്. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാന് ശക്തമായ പിന്തുണയാണു നല്‍കുന്നത്. കടുത്ത മത യാഥാസ്ഥിതിക വാദിയായ റെയ്സി സ്ത്രീ സമത്വത്തിന് എന്നും എതിരായിരുന്നു. റെയ്സിയെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം ഇറാനിലുണ്ട്. പരിഷ്കരണവാദികളായ അവര്‍ റെയ്സിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു എന്നതരത്തിലുള്ള ചില റിപ്പോര്‍ട്ടുകളും ഇറാനില്‍നിന്നു വരുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമടക്കം ഇറാനില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ഇസ്ലാമിക മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുമാത്രമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.
ഇന്ത്യയുമായി അടുത്ത ബന്ധമായിരുന്നു റെയ്സിക്കുണ്ടായിരുന്നത്. ചാബ്ബഹാര് തുറമുഖ സഹകരണ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇന്ത്യക്കു എന്നും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. ഇറാന്, ഇസ്രായേലിനെ തൊണ്ടിയപ്പോള് ഇസ്രായേല്‍ വെറുതെ ഇരുന്നില്ല എന്നും മൊസാദ് ആണ് റെയ്സിയുടെ മരണത്തിനു പിന്നില്‍ എന്നെല്ലാമുള്ള വാദങ്ങള്‍ വരുന്നുണ്ട്. ഇസ്രായേലീനെ ലോകത്ത് നിന്നും തുടച്ചുനീക്കും എന്ന് പറഞ്ഞ റെയ്സിയുടെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ ഇനി ഏറെ നാള് ലോകത്ത് ചച്ച ചെയ്യപ്പെടും.
(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സയന്‍സില്‍, സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: