തിരുവനന്തപുരം: സംസ്ഥാനത്താകെ പെയ്ത കനത്ത മഴയില്‍ മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വ്യാപക നാശനഷ്ടം. നിരവധി വീടുകളില്‍ വെള്ളം കയറി. പുഴകള്‍ കര കവിയുന്നു. മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.
മലയോര മേഖലകളിലെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കാര്‍ഷിക മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലാവര്ഷമെത്തിയതിനാല് മഴ അഞ്ച് ദിവസം നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ. രാജന് പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. മൂന്ന് പേരാണ് കുളിക്കാന്‍ ഇറങ്ങിയത്. ശക്തമായ ഒഴുക്കില്‍ പെട്ടു. രണ്ട് പേര് നീന്തിക്കയറി.
ഇടുക്കി പാറത്തോട്ടില്‍ മഴയിലും കാറ്റിലും ജീപ്പിന് മുകളിലേക്ക് മരം വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാറത്തോട് സ്വദേശികളായ മാരിമുത്തു (42), പെരിയസാമി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുത്തപ്പന് പുഴ, ആനക്കാം പൊയില്‍, അരിപ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. തിരുവമ്പാടി, കോടഞ്ചേരി, ചക്കിട്ടപാറ തുടങ്ങിയ മലയോര മേഖലയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. താമരശ്ശേരി ചുരം ഭാഗത്തും കാരാടിയിലും ദേശീയ പാതയില്‍ വെള്ളം കയറി. മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തലസ്ഥാന നഗരിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി എടുത്ത കുഴികളെല്ലാം തോടുകളായി. കുഴികളില്‍ വെള്ളം നിറഞ്ഞ് നിരവധി വീടുകളിലേക്ക് കയറി. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഓപ്പറേഷന് അനന്തയ്ക്കായി ചിലവഴിച്ച കോടിക്കണക്കിന് രൂപയും വെള്ളത്തിലായി.
കൊച്ചിയിലും ആലപ്പുഴയിലും സമാന സ്ഥിതിയാണ്. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹന ഗതാഗതം തടസ്സപ്പെട്ടു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൊച്ചിയില്‍ കുണ്ടന്നൂര്‍ വൈറ്റില ഭാഗങ്ങളില്‍ ഗതാഗതത്തിനും തടസമായി റോഡുകള്‍ പുഴയായി മാറി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ചെളി അടിഞ്ഞു കയറി.
ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: