തിരുവനന്തപുരം: ചട്ടമ്പി സ്വാമിയെക്കുറിച്ച് ബൃഹത്തായ ഗ്രന്ഥം രചിച്ച ഡോ.എ.എം. ഉണ്ണികൃഷ്ണന് കേരളത്തിന്റെ സുകൃതമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കേരള സര്‍വകലാശാല കേരള പഠന വിഭാഗത്തില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന പൗരസ്ത്യഭാഷാ വിഭാഗം ഡീനും സീനിയര്‍ പ്രൊഫസറുമായ ഡോ.എ.എം. ഉണ്ണികൃഷ്ണന് ഗവേഷകര്‍ നല്കിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളസര്‍വകലാശാല സെനറ്റ് യോഗത്തില്‍ ചട്ടമ്പിസ്വാമിയെക്കുറിച്ചുള്ള പഠനത്തിന് സൗകര്യമൊരുക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചത് അദ്ദേഹത്തിന് ലഭിച്ച ആദരമാണെന്നും പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. ‘മഹിതം സുകൃതം’ എന്ന പേരില്‍ ഒളിമ്പിയ ചേമ്പേഴ്സ് ഹാളിലാണ് ഏകദിന സെമിനാറും സമാദരണ സദസ്സും സംഘടിപ്പിച്ചത്.
ഗുരുവന്ദനമായി കവി എന്‍.എസ്. സുരേഷ് കൃഷ്ണന് എഴുതിയ നമസ്കാരം എന്ന കവിത ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അധ്യക്ഷനായി. ചടങ്ങില്‍ ഡോ.എ.എം. ഉണ്ണികൃഷ്ണന്റെ തിരെഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ അഭയം ആര്‍ജവം എന്ന പുസ്തകം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കേരള സര്‍വകാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ. ജയകൃഷ്ണന് നല്‍കിയും ആര്‍ജവം വാക്കിലും കര്‍മത്തിലും എന്ന പുസ്തകം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാറിന് നല്‍കിയും പ്രകാശനം ചെയ്തു.
ഗവേഷക വിദ്യാര്‍ത്ഥികളുടെ സ്നേഹോപഹാരം ഡോ.എം.എം. ഉണ്ണികൃഷ്ണന് പി.എസ്. ശ്രീധരന് പിള്ള സമ്മാനിച്ചു. കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍, ഗോവ സര്‍വകലാശാല മലയാള ഗവേഷണ വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, ഡോ.വി. കവിത തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡോ.എ.എം. ഉണ്ണികൃഷ്ണന് എന്ന ഗവേഷണ മാര്‍ഗദര്‍ശി, ഡോ.എ.എം. ഉണ്ണികൃഷ്ണനും ചട്ടമ്പിസ്വാമി വിജ്ഞാനീയവും, ഡോ.എ.എം. ഉണ്ണികൃഷ്ണനും സാഹിത്യ വിമര്‍ശനവും എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രൊഫസര്‍ ഡോ.എം.കൃഷ്ണന് നമ്പൂതിരി , തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സീനിയര്‍ പ്രൊഫസര്‍ ഡോ.എം.ശ്രീനാഥന്‍, യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അജയന് പനയറ തുടങ്ങിയവര്‍ പ്രബന്ധാവതരണം നടത്തി.
വൈകിട്ട് സമാദരണ സദസ് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളജ് മുന്‍ മലയാള വിഭാഗം മേധാവി ഡോ. ടി.ജി. മാധവന്‍കുട്ടി അധ്യക്ഷനായി. സാഹിത്യ ചരിത്ര വിജ്ഞാനീയം ഇതളുകളും വെയില്‍ച്ചീളുകളും എന്ന പുസ്തകം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. പി.എം രാധാമണിക്കു നല്കി പ്രകാശനം ചെയ്തു. ഡോ.എ.എം. ഉണ്ണികൃഷ്ണന് മറുമൊഴി പ്രഭാഷണം നടത്തി. കേരള സര്‍വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ.എം.എ. സിദ്ധിഖ്, സി.ജെ. ജനിഫര്‍ എന്നിവര്‍ സംസാരിച്ചു. സ്നേഹ സന്ധ്യ എന്ന പേരില്‍ ഗവേഷക കുടുംബ സംഗമവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: