ഈസ്റ്റ് സിങ്ഭും(ഝാര്‍ഖണ്ഡ്): കോണ്‍ഗ്രസിന്റെയും കൂട്ടാളികളുടെയും ഒരേയൊരു ലക്ഷ്യം പൊതുസ്വത്ത് കട്ടുമുടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജംഷഡ്പൂരില്‍ ചേര്‍ന്ന മഹാറാലിയെ അഭിവാദ്യം ചെയ്യുമ്പോഴാണ് ഇന്‍ഡി മുന്നണിക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്. വികസനത്തെക്കുറിച്ചും ഒരു വിവരവുമില്ലാത്തവരാണ് കോണ്‍ഗ്രസും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമെന്ന് മോദി ചൂണ്ടിക്കാട്ടി.
ആകെ അവര്‍ക്ക് അറിയുന്നത് ഉച്ചത്തില്‍ കള്ളങ്ങള്‍ വിളിച്ചുകൂവുകയാണ്. പാവപ്പെട്ടവന്റെ സ്വത്തിന് മേലാണ് കണ്ണ്. പൊതുസ്വത്ത് പുനര്‍വിതരണം എന്ന പേരില്‍ സമ്പത്ത് പിടിച്ചെടുത്ത് കൈക്കലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പിന്നാക്ക ജനതയുടെ സംവരണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഒപ്പം എല്ലാ ദിവസവും മോദിയെ അധിക്ഷേപിക്കുന്നതാണ് അവരുടെ വിനോദം. അതിനപ്പുറത്ത് അവര്‍ക്കൊന്നും ജനങ്ങളോട് പറയാനില്ല. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് മോഷ്ടിക്കുകയാണ്. ഝാര്‍ഖണ്ഡ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലത്തിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് കോടികളാണ് അന്വേഷണ ഏജന്‍സി കണ്ടെടുത്തതെന്ന് മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അഴിമതിയുടെ മാതാവാണ്. സാധാരണക്കാരുടെ പേര് പറഞ്ഞ് കള്ളപ്പണ സമാഹരണം നടത്തുകയാണ് അവര്‍. ജെഎംഎം നേതാക്കളുടെ വീട്ടില്‍നിന്ന് പിടിച്ചെടുക്കുന്ന ഈ പണം ജനങ്ങളുടേതാണ്. പിടിച്ചെടുക്കുന്ന ഈ പണമൊന്നും സര്‍ക്കാര്‍ ഖജനാവിലേക്കല്ല, പൊതുജനങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ മോദി സര്‍ക്കാര്‍ നിക്ഷേപിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്, അദ്ദേഹം പറഞ്ഞു.
സംരംഭകരെയും നിക്ഷേപകരെയും ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. അവര്‍ക്ക് പണം നല്‍കാത്ത വ്യവസായികളെ അസഭ്യം പറയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യത്തെ ചെറുപ്പക്കാരുടെ ക്ഷേമത്തെക്കുറിച്ചോ വ്യവസായങ്ങളെക്കുറിച്ചോ അവര്‍ക്ക് ചിന്തയില്ല. അവരുടെ ഷെഹ്‌സാദ നിക്ഷേപകരെ അധിക്ഷേപിക്കുന്നു. പിന്നെങ്ങനെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിക്ഷേപത്തിന്
വ്യവസായികള്‍ തയാറാകുന്നത്?
കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറഞ്ഞു. വയനാട്ടില്‍ നിന്ന് റായ്ബറേലിയിലേക്ക് മുങ്ങിയിരിക്കുകയാണ് നേതാവ്. അമ്മയുടെ സീറ്റെന്നാണ് പറയുന്നത്. അച്ഛന്‍ പഠിച്ച പള്ളിക്കൂടം അച്ഛന്റേതാണെന്ന് കൊച്ചുകുട്ടികള്‍ പോലും പറയില്ല. ഇത്തരം ആളുകളാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വീമ്പ് പറയുന്നത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: