ഹൂസ്റ്റണ്‍: ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പെട്ടം ചാര്‍ത്തിയപ്പോള്‍ ആകാശത്ത് ഇടിമുഴങ്ങി. പ്രകൃതി പനിനീര് തുകുന്നതുപോലെ ചാറ്റല്‍മഴ പെയ്തിറങ്ങി .വിശ്വാസത്തിന്റേയും ഭക്തിയുടേയും നിമിത്തത്തിന്റേയും മറ്റൊരു ദൃശ്യത്തിനാണ് ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍ സാക്ഷ്യം വഹിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ക്ഷേത്രാങ്കണത്തില്‍ സ്ഥാനം പിടിച്ചു. തന്ത്രി കരിയന്നൂര്‍ ദിവാകരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പൂജാരി സൂരജ് നമ്പൂതിരിയാണ് ഗജപൂജ നടത്തി ശില്പത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. പ്രതിമയിലേയ്ക്ക് നെറ്റിപ്പെട്ടം ചാര്‍ത്തിയപ്പോളാണ് ഇടുമുഴക്കവും ചാറ്റല്‍മഴയും ഉണ്ടായത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രതിമയുമായി നടന്ന ചുറ്റു പ്രദക്ഷിണത്തില്‍ ക്ഷേത്രം പ്രസിഡന്റ് സുനില്‍ നായരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, ഭജനസംഘങ്ങള്‍ തുടങ്ങി നിരവിധി പേര് അണിനിരന്നു
ഗുരുവായൂര്‍ അമ്പലനടയില്‍ കണ്ണനെ കണ്ടു തൊഴാനെത്തുന്നവര്‍ തൊട്ടടുത്തുള്ള ഗുരുവായൂര്‍ കേശവന്റെ പ്രതിമയിലും വണങ്ങാറുണ്ട്. സമാനമായി ഹൂസ്റ്റണ്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും അരനൂറ്റാണ്ടോളം സാക്ഷാല്‍ ഗുരുവായുരപ്പന്റെ തിടമ്പേറ്റിയ കേശവ രൂപത്തെ കണ്ടു തൊഴാം. 12.2 അടി ഉയരവും 15.4 അടി നീളവുമുള്ള ഈ ഫൈബര്‍ പ്രതിമ വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആന ശില്പമാണ്.
കൊല്ലം കോട്ടിയം സ്വദേശിയ എം അഭിലാഷ് നിര്‍മ്മിച്ച ഈ ഗജരാജന്റെ ശില്പം ഏറ്റവും വലിയ ആനപ്രതിമ എന്ന നിലയില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്നു.
കേരള ഹിന്ദു സൊസൈറ്റി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക , ഫൊക്കാന തുടങ്ങിയ സംഘടനകള്‍ക്ക് നേതൃത്വം നല്കിയിട്ടുളള ജി കെ പിള്ളയാണ് ക്ഷേത്രത്തിലേയ്ക്ക് പ്രതിമ പണികഴിപ്പിച്ചത്. നാട്ടില്‍ പ്രതിമനിര്മ്മിച്ച് കപ്പല്‍ മാര്‍ഗ്ഗം അമേരിക്കയില്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്വന്ഷന് ചെയര്‍മാനായിരുന്ന രജ്ഞിത് പിള്ളയാണ്. അമേരിക്കയില്‍ എത്തിയ ശേഷമുള്ള അലങ്കാരപണികള്‍ക്ക് ക്ഷേത ശില്പി ശബരീനാഥന് നേതൃത്വം നല്കി.
കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു, നിലമ്പൂര്‍ വലിയ തമ്പുരാന് ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടക്കിരുത്തിയ ‘ഗുരുവായൂര്‍ കേശവന്’. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ലക്ഷമമൊത്ത ആന. ഗജരാജലക്ഷണത്തില്‍ നിര്‍ദേശിക്കുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജകീയ സ്വഭാവവും പ്രൗഡിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം.
ഗുരുവയൂരപ്പന്റെ തിടമ്പ് അരനൂറ്റാണ്ടോളം സ്ഥിരമായി എടുത്തിരുന്ന കേശവന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നു. ഗുരുവായൂരപ്പന്റെ കൊടിമരം നോക്കി നമസ്ക്കരിച്ചു കിടന്നാണ് കേശവന് അന്ത്യശ്വാസം വലിച്ചത്. കേശവന് വേണ്ടി പിന്നീട് സ്മാരകം ഉണ്ടായി. കേശവന്റെ ചരമ ദിവസം ദേവസ്വം വര്‍ഷാവര്‍ഷം നിരവധി ആനകളുടെ അകമ്പടിയോടു കൂടി ഹാരാര്‍പ്പണം നടത്തി ഓര്മ പുതുക്കുന്നു.കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകള്‍ കിഴക്കേ നടയില്‍ കൊടിമരച്ചുവട്ടില്‍ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഗുരൂവായുര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ അമേരിക്കയില്‍ മലയാളികള്‍ പണികഴിപ്പിച്ചതാണ് ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന് ക്ഷേത്രം. ഭക്തര്‍ക്ക് ആത്മീയതയുടെയും സംസ്കാരത്തിന്റെയും വെളിച്ചം നല്കുന്ന ക്ഷേത്രാങ്കണത്തില്‍ ‘കേശവ’ സാന്നിധ്യം കൂടിയാകുമ്പോള്‍ അത് നവ്യാനുഭവമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: