മുത്തങ്ങ (വയനാട്): കഴിഞ്ഞ ദിവസം വനംവകുപ്പിന് കീഴില്‍ ആനപ്പാപ്പാന്‍മാര്‍ക്കായി നടത്തിയ പരീക്ഷയില്‍ പിഎസ്‌സിയുടെ ചോദ്യങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. പരീക്ഷാര്‍ത്ഥികളെ ആക്ഷേപിക്കാന്‍കൂടി ലക്ഷ്യമിട്ടായിരുന്നു ചോദ്യങ്ങള്‍ എന്നുവേണം ധരിക്കാന്‍. ആനയും ആനപ്പിണ്ടവും ഓര്‍മ്മിച്ചാവണം ചോദ്യകര്‍ത്താവ് പാണ്ഡിത്യം കാണിച്ചത്. ദ്രവ്യവും പിണ്ഡവും ലസാഗുവും ഉസാഘയുമൊക്കെയാണ് ചോദ്യത്തില്‍ ചേര്‍ത്തത്. ആനയെ കുറിച്ചുമാത്രം ചോദ്യ പേപ്പറില്‍ ഒന്നുമില്ലായിരുന്നു.
ആനപരിചരണത്തിനെന്തിനാണ് എല്‍ഡിസി പരീക്ഷയുടെ ചോദ്യപേപ്പറെന്നാണ് ഉയരുന്ന വിമര്‍ശനം. എറണാകുളം, വയനാട് ജില്ലകളിലെ ആന ക്യാമ്പുകളിലേക്കുള്ള പാപ്പാന്‍മാര്‍ക്കായാണ് കഴിഞ്ഞ 14ന് പിഎസ്‌സി പരീക്ഷ നടന്നത്. ചോദ്യങ്ങളില്‍ ഭാരത സ്വാതന്ത്ര്യസമരം മുതല്‍ ആറ്റത്തിന്റെ ഘടന വരെയുണ്ട്. സൗരയൂഥവും സവിശേഷതകളും മുതല്‍ സാംക്രമിക രോഗങ്ങളും രോഗകാരികളും വരെ. പിന്നെ സംഖ്യകളും അടിസ്ഥാന ക്രിയകളും വര്‍ഗവും വര്‍ഗമൂലവും അങ്ങിനെയങ്ങിനെ നീളുന്നു സിലബസ്.
ചില ചോദ്യമാതൃകകള്‍: പാരപ്പെറ്റില്‍ വച്ചിരിക്കുന്ന ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജമാറ്റമേത്? യുദ്ധക്കപ്പലായ ഐഎന്‍എസ് മഹീന്ദ്രയ്‌ക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നല്‍കിയിരിക്കുന്നത്? ദൃശ്യപ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍ തിരിയുന്ന പ്രതിഭാസം ഏത്? ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത്?
ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നിറഞ്ഞപ്പോള്‍ ആനയും ആന പരിചരണവും പുറത്തായി. ദേവസ്വം ബോര്‍ഡുകളില്‍ നാലാംക്ലാസാണ് ആനപ്പാപ്പാന്‍മാര്‍ക്കുള്ള യോഗ്യത.
പ്രായോഗിക ജ്ഞാനത്തിനാണ് പരിഗണന. പക്ഷേ വനംവകുപ്പിന്റെ ആനകളുടെ കാര്യം വന്നപ്പോള്‍ യോഗ്യത ഏഴാംക്ലാസായി. വിദ്യാഭ്യാസ യോഗ്യതയില്‍ പരിധിയുമില്ല. പ്രായോഗിക ധാരണയുള്ള, കാലങ്ങളായി ആനകളെ നോക്കുന്ന പാപ്പാന്‍മാരുണ്ട് വനംവകുപ്പില്‍. ഇവരെയൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പരീക്ഷ നടത്തി പരിഹാസം ഏറ്റുവാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: