മനുഷ്യ സ്‌നേഹത്തിന്റെ കണ്ണികള്‍ ചേര്‍ത്തിണക്കി ദൃശ്യവിതാനങ്ങളുടെ ചാരുത സമ്മാനിച്ച് വേറിട്ട കാവ്യവഴികളിലൂടെ സഞ്ചരിക്കുന്ന കവിയാണ് അനീഷ് കെ.അയിലറ. ‘ദൈവത്തിലേക്കുള്ള വഴികള്‍’ എന്ന പുതിയ കാവ്യസമാഹാരത്തിലെ കവിതകളിലൂടെ കണ്ണോടിക്കുമ്പോള്‍ അനുവാചകന് ദൃശ്യപ്രപഞ്ചത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ അനുഭവവേദ്യമാകും.
കവിതകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ഒരു ആശ്വാസവും സാന്ത്വനവും ലഭിക്കുന്നതോടൊപ്പം ശുഭ പ്രതീക്ഷകളുടെ മഴവില്ല് വിരിയുന്നത് കാണാനുമാകും. വ്യാകുലതയും സങ്കീര്‍ണ്ണതയും നിറഞ്ഞ് ഇളകിമറിയുന്ന സാമൂഹിക ചുറ്റുപാടില്‍ നിന്നു കവിതയിലൂടെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോകുന്ന കവിയെയും നമുക്ക് കാണാന്‍ കഴിയും.
അതോടൊപ്പം മറവിയില്‍ മായാത്ത പ്രണയാതുരമായ ഓര്‍മകള്‍ കവിക്കു ചുറ്റും ചൂഴ്ന്നുനിന്ന് നഷ്ടബോധത്തിന്റെ കനലില്‍ വെന്തുരുകുന്നുമുണ്ട്. ഈ ലോകം ഇല്ലായ്മകൊണ്ട് നിറയുമ്പോഴും ഇത്തിരി ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ നിന്നുപോലും വഞ്ചന നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ കവി അനുഭവവേദ്യമാക്കിത്തരുന്നുണ്ട്.
ആര്‍ക്കും പിടികൊടുക്കാതെ മഴയുടെ അടയാളങ്ങള്‍ മായക്കാഴ്ചകളായി പോകുന്നത് അനുവാചകന്‍ അറിയുന്നു. ആരുടെയോ നെഞ്ചകങ്ങള്‍ തകര്‍ത്തു പൊട്ടി കണക്കുകൂട്ടലിന്‍ തണുപ്പിലേക്കൊരാള്‍ കവിതകത്തിച്ചു നടന്നടുക്കുന്നു. ഒരു വരിയില്‍ ഒളിപ്പിച്ചു വച്ച കവിത വളരെ വേഗത്തില്‍ രഹസ്യങ്ങള്‍ കുടഞ്ഞ് ജീവിതവും തോളിലിട്ട് നടന്നു വരുന്നതും കവി കാണിച്ചുതരുന്നു. ഉമ്മറപ്പടിയില്‍ ചടഞ്ഞിരുന്ന മഴമനസ്സ് തുന്നിച്ചേര്‍ത്ത കാഴ്ചകള്‍കൊണ്ട് അദൃശ്യ സ്വപ്‌നങ്ങള്‍ വരച്ചുചേര്‍ക്കുന്നു. വീട്ടില്‍ ഞാനൊറ്റയ്‌ക്കു മാത്രമായപ്പോള്‍ പരിചയഭാവം നടിച്ച് രാവ് അരിച്ചരിച്ചെത്തുന്നു. ഒച്ചയൊടുങ്ങി കനത്ത വിഷാദങ്ങളുച്ചയിരുട്ടായി മുരണ്ടു കിടക്കുന്നു. തുടങ്ങിയ പ്രയോഗങ്ങളുടെ അര്‍ത്ഥഭംഗി അനന്യമാണ്.
ശ്വാസമടക്കിയുള്ള ഓട്ടത്തിനിടയില്‍ ഇരുട്ടുന്നതിനു മുമ്പുതന്നെ അദൃശ്യമാകുന്ന വെട്ടങ്ങളില്‍ ദുഃഖിതനാണ് കവി. ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ഓര്‍മിക്കുവാനായി ഒരുപാട് ഓര്‍മകള്‍ പ്രണയം നല്‍കിയെങ്കിലും തണല്‍മരങ്ങള്‍ തേടിയുള്ള കവിയുടെ യാത്രകള്‍ അവസാനിക്കുന്നില്ല.
”വെറുതെയെന്തിനോ
തീര്‍ക്കുന്നവേലിയില്‍
നിറയെ സംശയ-
പ്പൂക്കള്‍ വിടരുന്നു.”
വഴിപിരിയുന്നവര്‍ എന്ന കവിതയില്‍ എല്ലാവരേയും സംശയത്തോടെ നോക്കിക്കാണുന്ന മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ സ്വഭാവത്തിലേക്ക് കവി നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.
ദൈവത്തിലേക്കുള്ള വഴികളും തീക്കാറ്റുമുളപ്പിച്ച വിത്തുകളും നിലാവു പൂക്കുന്ന പ്രണയങ്ങളും ചിതറിപ്പോയ തോന്നലുകളും മേല്‍ക്കൂര നഷ്ടപ്പെട്ട വീടും മഴയുടെ അടയാളങ്ങളും ഓര്‍ക്കാതെ പറഞ്ഞതും, മഴ കാറ്റിനോടു പറഞ്ഞതുമെല്ലാം ആസ്വാദന തലത്തിന്റെ നവ്യാനുഭൂതികള്‍ വായനക്കാരനു പകര്‍ന്നു നല്‍കുന്നു.
”ഉച്ചയ്‌ക്കു കനക്കുന്നോ-
രിരുളിന്നോരം പറ്റി
ഒട്ടിയ ഉടലിന്റെ
ചിത്രമായ് വരുന്നൊരാള്‍.”
നാം നിത്യം കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍സാക്ഷ്യമാണ്. ‘തണല്‍’ എന്ന കവിതയില്‍ വഴിയിലെല്ലാവര്‍ക്കും ഒത്തിരി ചൂടില്‍ നിന്ന് അഭയം കൊടുക്കുന്ന നന്മയും അച്ഛന്റെ കനിവൂറും അറിവും അമ്മയുടെ സ്‌നേഹമാധുര്യവും ഗുരുവിന്റെ അനുഗ്രഹവും എല്ലാം തണലിനപ്പുറത്ത് അനുഭവ തീക്ഷ്ണമായ മറ്റൊരു ഭാവത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.
ഒന്നുമായില്ലേ? എന്ന ചോദ്യം ജനനം മുതല്‍ മരണം വരെ സമൂഹം നിരന്തരം നമ്മളിലേക്കെറിയുന്ന ഒരു കൂരമ്പാണ്. പലപ്പോഴും ആ ചോദ്യത്തില്‍ നിന്നു രക്ഷപ്പെട്ടുപോവുക അസാധ്യവുമാണ്.
”തനിച്ചായതറിഞ്ഞെന്നെ വലയ്‌ക്കാനേറ്റ് ഇരുട്ടായാല്‍ വിളക്കൂതി കെടുത്തും കാറ്റ്.”
തനിച്ചാകുമ്പോഴും നിരാലംബരാകുമ്പോഴും സഹായത്തിനെത്തുന്നവരെ തുരത്തിയോടിക്കുന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയും ഭയപ്പാടുമാണ് ‘ഇരുട്ടു വീഴുന്നേരം’ എന്ന കവിതയിലൂടെ പറയാതെ പറയുന്നത്.
അനീഷ് കെ.അയിലറയുടെ കാവ്യപരീക്ഷണങ്ങള്‍ മാനവികതയുടെ സൗന്ദര്യവും സൗരഭ്യവും കൊണ്ട് സമ്പന്നമാണ്. ഈ കവിതകള്‍ ശുഭപ്രതീക്ഷകളുടെ ചെപ്പുതുറന്ന് ആസ്വാദകര്‍ക്ക് ലാവണ്യബോധം തുളുമ്പുന്ന വശ്യത സമ്മാനിക്കുന്നു. ഈ കവിതകളുടെ ഉള്‍നിറവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാവ്യ നൃത്തച്ചുവടുകളുടെ മിന്നലാട്ടങ്ങള്‍ കൂടുതല്‍ ധന്യാത്മകമാകുന്നത് ഓരോ വായനയിലും നമുക്ക് ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: