ഗാസ: ഗാസയില്‍ കൊല്ലപ്പെട്ട ഭാരതത്തിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന് യുഎന്നിലെ ഭാരതത്തിന്റെ ദൗത്യസംഘം അന്തിമോപചാരം അര്‍പ്പിച്ചു. ഭാരതത്തിന്റെ എംബസി ഉദ്യോഗസ്ഥരും യുഎന്‍ ഏജന്‍സികളും കൊല്ലപ്പെട്ട കേണല്‍ വൈഭവ് അനില്‍ ഖാലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഭാരതത്തിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി യുഎന്നിന്റെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് ശ്രമമാരംഭിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഭാരത സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈഭവ് 2022ല്‍ സേനയില്‍ നിന്നും വിരമിച്ചിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയില്‍ (ഡിഎസ്എസ്) സെക്യൂരിറ്റി കോഓര്‍ഡിനേഷന്‍ ഓഫീസറായി ചേര്‍ന്നത്. ഇസ്രായേല്‍- ഹമാസ് യുദ്ധമേഖലയായ റഫയില്‍ നിന്ന് ഖാന് യൂനിസ് പ്രദേശത്തെ ആശുപത്രിയിലേക്ക് യുഎന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴുണ്ടായ ആക്രമണത്തിലാണ് വൈഭവ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന യുഎന്‍ ഏജന്‍സിയിലെ ആദ്യ ഉദ്യോഗസ്ഥനാണ് കേണല്‍ വൈഭവ്. സംഭവത്തില്‍ ഇസ്രായേലും ഐക്യരാഷ്ട്ര സംഘടനയും അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടുണ്ട്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുഎന്നുമായും ഇസ്രായേലുമായും ഉദ്യോഗസ്ഥന്റെ ഭൗതികശരീരം ഭാരതത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: