ജിഥിന് ജേക്കബ്ബ്
കേരളത്തിൽ നിന്നുള്ള 20 ലോക്സഭ സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നതിൽ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല.
ബിജെപി തുടർന്നും ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കും എന്നത് എല്ലാ പ്രീ പോൾ സർവ്വേ ഫലങ്ങളും ഒന്നടങ്കം പറയുന്നു. ബിജെപിക്ക് മൊത്തത്തിൽ എത്ര സീറ്റ് കിട്ടും എന്നതിൽ മാത്രമേ ചോദ്യം ഉള്ളൂ.
ബിജെപി 400 സീറ്റ് ലക്ഷ്യം വെയ്ക്കുമ്പോൾ 55 സീറ്റ് എങ്കിലും നേടി പ്രതിപക്ഷ സ്ഥാനം എങ്കിലും കിട്ടാൻ സ്വാതന്ത്ര്യം കിട്ടി 60 കൊല്ലത്തോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ശ്രമിക്കുമ്പോൾ, എങ്ങനെയും 11 സീറ്റ് കിട്ടി ദേശീയ പാർട്ടി പദവി നിലനിർത്താൻ സിപിഎം ഉം ശ്രമിക്കുന്നു.
രസകരമായ കാര്യം ആകെ മൊത്തം 55 സീറ്റ് ലക്ഷ്യം വെയ്ക്കുന്ന കോൺഗ്രസ്സും, ആകെ 11 സീറ്റ് ലക്ഷ്യം വെയ്ക്കുന്ന സിപിഎം ഉം ആണ് ബിജെപിയെ കേന്ദ്ര ഭരണത്തിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞ് കേരളത്തിൽ ഇരുന്ന് തള്ളുന്നത്..!
കേരളത്തിൽ നിന്ന് ഒരു സീറ്റും കിട്ടിയില്ലെങ്കിലും ബിജെപിക്ക് നഷ്ടം ഒന്നുമില്ല, അവർ തുടർന്നും രാജ്യം ഭരിക്കും. മണ്ഡല പുനർനിർണയം കൂടി 2026 ൽ വരുന്നതോടെ ബിജെപി ശക്തമായ സംസ്ഥാനങ്ങളിൽ ലോക്സഭ സീറ്റുകളുടെ എണ്ണത്തിൽ വീണ്ടും വർധന ഉണ്ടാകുന്നതോടെ 2029 ലെ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകും.
2014 ലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് 10.85% വോട്ട് ഷെയർ ആയിരുന്നു എങ്കിൽ, 2019 ൽ അത് 15.20% ആയി വർധിച്ചു. ഇത്തവണ 20% ത്തിന് മുകളിൽ ബിജെപിയുടെ (NDA സഖ്യത്തിന്റ) വോട്ട് ശതമാനം ഉയരുകയും ഒന്നോ രണ്ടോ സീറ്റിൽ വിജയം അല്ലെങ്കിൽ 4-5 സീറ്റിൽ രണ്ടാം സ്ഥാനത്തും എത്തിയാൽ അത് ചരിത്ര നേട്ടം ആകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 31.80 ലക്ഷം പേർ കേരളത്തിൽ വോട്ട് ചെയ്തു. ഇത്തവണ ആകെ വോട്ടർമാർ 2.77 കോടി ആണ്. ഇപ്പോൾ കാണുന്ന ട്രെൻഡ് ബിജെപി വോട്ടുകൾ കൃത്യമായി ബിജെപിക്ക് തന്നെ വീഴാൻ തുടങ്ങി എന്നാണ്. അങ്ങനെ വന്നാൽ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ 50 ലക്ഷം കടക്കും.
കഴിഞ്ഞ തവണ ‘ആരിഫ്’ ആലപ്പുഴയിൽ വിജയിക്കാൻ ഒരേ ഒരു കാരണം ബിജെപി സ്ഥാനാർഥി നേടിയ വമ്പിച്ച വോട്ട് ഷെയർ ആണ്.
ബിജെപിയെ കേരളത്തിൽ നിന്ന് അകറ്റി നിർത്തിയാൽ അത് വലിയ നേട്ടമായി എന്ന് കരുതുന്ന വങ്കന്മാർ ഓർക്കേണ്ടത് ബിജെപിക്ക് ഇപ്പോൾ തന്നെ കേരളത്തിൽ 32 ലക്ഷം വോട്ടുകൾ ഉണ്ട്. അത് ഇത്തവണ 50 ലക്ഷം ആയി ഉയരാം. മറുവശത്ത് ഇന്ത്യ മഹാരാജ്യത്തിന്റ എല്ലാ നയങ്ങളും തീരുമാനിക്കുന്നതും, നടപ്പാക്കുന്നതും ബിജെപി തന്നെ ആണ്. അത് തന്നെയേ കേരളത്തിലും നടപ്പാകൂ.
ബിജെപി സർക്കാർ നയം കേരളത്തിൽ നടപ്പാക്കില്ല എന്നൊക്കെ പറഞ്ഞിരുന്നവർ അതൊക്കെ വിഴുങ്ങി ഓരോ പദ്ധതികളും കേന്ദ്രം പറയുന്നത് പോലെ നടപ്പാക്കുന്നത് നമ്മൾ കഴിഞ്ഞ 10 കൊല്ലം കൊണ്ട് കണ്ടതാണ്.
കേരളത്തിൽ നിന്ന് ഒരു ബിജെപി എം പി ഉണ്ടായാൽ ഉറപ്പായും കേന്ദ്രമന്ത്രി ആകും. അത് ആ മണ്ഡലത്തിന്റെ വികസനത്തിന് എത്രമാത്രം സഹായകം ആകും എന്ന് പറയേണ്ടല്ലോ.
കേരളത്തിൽ നിന്നുള്ള നിലവിലെ എം പി മാരുടെ വികസന പ്രവർത്തനം എന്നത് നാല് ഹൈമാസ്റ്റ് ലൈറ്റ്കളും, 25 ലക്ഷവും 30 ലക്ഷവും ഒക്കെ മുടക്കിയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ആണ്..
പാർലമെന്റിൽ ആകട്ടെ എഴുന്നേറ്റ് നിന്ന് ഒരു ചോദ്യം ചോദിക്കാൻ പോലും കേരളത്തിൽ നിന്ന് പോകുന്ന 90% ത്തിനും അറിയില്ല. ചുമ്മാ കിടന്ന് ബഹളം വെയ്ക്കാനും, പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് കേരളത്തിലെ പത്രങ്ങളിൽ ഇളിച്ചു നിൽക്കാനും മാത്രമേ അറിയൂ.
പാർലമെന്റിൽ ബിജെപി അവരുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ ബില്ലുകളായി കൊണ്ടുവന്നു പാസാക്കുന്നു, നിയമം ആക്കുന്നു. നമ്മുടെ ആളുകൾ മുദ്രാവാക്യം വിളിക്കുന്നു എന്നല്ലാതെ എന്ത് ഗുണമാണ് ഉള്ളത്..?
CAA, ആർട്ടിക്കിൾ 370, മുതലാഖ്, അയോദ്ധ്യ എല്ലാം ബിജെപി പറഞ്ഞത് പോലെ ചെയ്തു. ഇനി യൂണിഫോം സിവിൽ കോഡും നടപ്പിലാക്കും. അപ്പോഴും അവിടെ കിടന്ന് ചുമ്മാ ബഹളം വെയ്ക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകില്ല.
വലതുപക്ഷ രാഷ്ട്രീയം ആണ് ലോകത്തെ സാമ്പത്തീക പുരോഗതിയിലേക്ക് നയിച്ചത്. കമ്മ്യൂണിസം നിലനിന്ന നാടുകൾ ഒക്കെ നശിച്ച് തകർന്നു. ചൈനയൊക്കെ കമ്മ്യൂണിസ്റ്റ് സാമ്പത്തീക നയം ഉപേക്ഷിച്ചത് കൊണ്ട് രക്ഷപെട്ടു.
കേരളത്തിൽ ഇരുന്ന് കമ്മ്യൂണിസം തള്ളുന്ന വേലയും കൂലിയും ഇല്ലാത്ത നേതാക്കന്മാരുടെ മക്കൾ പോലും മുതലാളിത്ത രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കൻമാർക്ക് പനി വന്നാലും ചികിത്സ അമേരിക്കയിൽ ആണ്..!
2014 ന് ശേഷം ഇന്ത്യയിൽ ഉണ്ടായ അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്തൊക്കെ ആണെന്ന് വാളയാറിനു അപ്പുറം ഒരിക്കൽ എങ്കിലും പോയിട്ടുള്ളവർക്ക് മനസിലാകും. എന്തിന്, കേരളത്തിൽ തന്നെ നോക്കൂ, 40 വർഷം ഒക്കെയായി മുടങ്ങി കിടന്ന ആലപ്പുഴ, കൊല്ലം, മാഹി ബൈപ്പാസുകൾ, റോഡിന്റെ അപ്പുറം പശുവിനെ കെട്ടാൻ പറ്റില്ല എന്ന് പറഞ്ഞ് മുടങ്ങി കിടന്ന ദേശീയ പാതാ വികസനം, ഗ്യാസ് ലൈൻ പദ്ധതി അങ്ങനെ നിരവധി പദ്ധതികൾ..
സാമ്പത്തീക രംഗത്ത് രാജ്യത്തിനു ഉണ്ടായ പുരോഗതി നമ്മുടെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ പോലും കാണാൻ കഴിയും. മ്യൂച്ചൽ ഫണ്ട്, ഷെയർ മാർക്കറ്റ്, ഗോൾഡ് തുടങ്ങിയവയിൽ ഒക്കെ നിക്ഷേപം നടത്തിയവർക്ക് ഒക്കെ ഈ കാലയളവിൽ ഉണ്ടായ സാമ്പത്തീക നേട്ടം പറഞ്ഞറിയിക്കാൻ കഴിയില്ല.
രാജ്യത്ത് കർഷക ആത്മഹത്യകൾ ഏറെക്കുറെ ഇല്ലാതായി, കഴിഞ്ഞ 10 കൊല്ലം കൊണ്ട് 25 കോടി ഇന്ത്യക്കാർ പട്ടിണിയിൽ നിന്ന് കരകയറി (ഐക്യരാഷ്ട സഭ തന്നെ അത് അംഗീകരിക്കുന്നു), DBT വഴി സാമൂഹിക സുരക്ഷ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് സർക്കാർ സഹായം കൃത്യമായി എത്തുന്നു.
ഒരു ലക്ഷം കോടി രൂപയുടെ അഴിമതിപ്പണം ആണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ കണ്ടുകെട്ടിയത്. തീവ്രവാദത്തെ അടിച്ചമർത്തി. മാവോയിസം എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദം ഏറെക്കുറെ പൂർണമായും ഇല്ലാതാക്കി. സൈനികർക്ക് നേരെ കല്ലും ബോംബും എറിഞ്ഞു നടന്ന കശ്മീരി യുവാക്കൾ ഇന്ന് വ്യവസായ സംരംഭങ്ങൾ നടത്തുന്നു.
GST വന്നതോടെ നികുതി വെട്ടിപ്പ് ഗണ്യമായി കുറഞ്ഞു. രാജ്യത്തിന്റെ നികുതി വരുമാനം ഇപ്പോൾ സർവകാല റെക്കോർഡിൽ ആണ്. ലോകം മുഴുവൻ സാമ്പത്തീക പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഇന്ത്യയെ അത് ബാധിച്ചില്ല. ഇപ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തീക ശക്തി ആയി മാറി. അടുത്ത അഞ്ചു കൊല്ലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി ഇന്ത്യ മാറും.
അങ്ങനെ എല്ലാ മേഖലകളിലും രാജ്യം കഴിഞ്ഞ 10 വർഷം വളരെയധികം മുന്നോട്ടു പോയി. മോഡി 2047 ൽ ഇന്ത്യ ഒരു വികസിത രാജ്യം ആകും എന്ന് പറയുമ്പോൾ, ഭരണം കിട്ടിയാൽ ജാതി സെൻസസ് നടത്തും, കശ്മീരിനെ പഴയ കശ്മീർ ആക്കും എന്നൊക്കെയാണ് രാഹുൽ ഗാന്ധി പറയുന്നത്..!
സ്വന്തം നാട്ടിൽ നാല് ഹൈമാസ്റ്റ് ലൈറ്റും, ബസ് കാത്തിരിപ്പ് കേന്ദ്രവും കൊണ്ടുവരാനും, പാർലമെന്റിൽ പോയി ഒരക്ഷരം സംസാരിക്കാൻ പോലും അറിയാതെ ചുമ്മാ കിടന്ന് ബഹളം വെയ്ക്കാനുമായി ഒരാളെ ഡൽഹിയിലേക്ക് തിരഞ്ഞെടുത്ത് വിടണോ, അതോ വൻ വികസന കുതിപ്പ് രാജ്യത്ത് നടക്കുമ്പോൾ അതിന്റെ നേട്ടം സ്വന്തം മണ്ഡലത്തിലും ലഭ്യമാക്കാൻ പറ്റുന്ന ഭരണ കക്ഷിയുടെ അംഗത്തെ ജയിപ്പിക്കണോ എന്ന് ഓരോരുത്തരും ചിന്തിക്കുക.
ഇന്ത്യയെ വികസിത രാജ്യം ആക്കാൻ വലത് പക്ഷ രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ. രാജ്യത്തിന്റെയും, വ്യക്തിപരമായി ഓരോരുത്തരുടെയും ഉന്നമനത്തിനും വീണ്ടും ബിജെപി തന്നെ അധികാരത്തിൽ തുടരണം എന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞു. ആ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന ഓരോ മലയാളിക്കും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: