പാട്ന: മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിക്ക് (72) ആയിരങ്ങളുടെ അന്ത്യാഞ്ജലി. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലാണ് വിടപറഞ്ഞത്. കോട്ടയം, പൊന്‍കുന്നം സ്വദേശിനി ജെസി ജോര്‍ജ്ജാണ് ഭാര്യ. ഉത്കര്‍ഷ് തഥാഗത്, അക്ഷയ് അമൃതാംശു എന്നിവരാണ് മക്കള്‍. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകിട്ട് സംസ്കരിച്ചു.
ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി എബിവിപിയിലെത്തി. ബീഹാറില്‍ ബിജെപി കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച അദ്ദേഹം ബീഹാര്‍ ഘടകം അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 2005-2013ലും 2017-2020ലും ബീഹാര്‍ ധനമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്നു. ചരക്കുസേവന നികുതി നടപ്പാക്കാന്‍ നിയുക്തമായ ഉന്നതാധികാര സമിതി അധ്യക്ഷനായിരുന്നു.
പഠന കാലത്ത് അദ്ദേഹം പാട്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് യൂണിയന് പ്രസിഡന്റ് പിന്നീട് രാഷ്ട്രീയ എതിരാളിയായ ലാലു പ്രസാദ് യാദവ്. 74ല്‍ സംഘര്‍ഷ സമിതി വിദ്യാര്‍ഥി വിഭാഗത്തില്‍ ചേര്‍ന്നു. ലോക സംഘര്‍ഷ സമിതി പ്രവര്‍ത്തന സമയത്തും അടിയന്തരാവസ്ഥക്കാലത്തുമായി അദ്ദേഹത്തെ അഞ്ചു തവണ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്.
മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ. പി. നദ്ദ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ബിഹാറിലെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം അടിയന്തരാവസ്ഥയെ അതിശക്തമായി എതിര്‍ത്തിരുന്നുവെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം കഠിനാധ്വാനിയായിരുന്നു. ഓരോ രാഷ്ട്രീയ വിഷയങ്ങളിലും അഗാഥമായ അറിവുണ്ടായിരുന്നു. മികച്ച ഭരണാധികാരിയായിരുന്നു. ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഖത്തില്‍ പങ്കു ചേരുന്നു. മോദി എക്സില്‍ കുറിച്ചു.
ബിഹാര്‍ രാഷ്ട്രീയത്തില്‍ നികത്താവാനാവാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചതെന്ന് അമിത് ഷാ പറഞ്ഞു. എബിവിപി മുതല്‍ ബിജെപി വരെ അദ്ദേഹം നിരവധി സംഘടനാ ചുമതലകള്‍ വഹിച്ചിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: