തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യോഗം വിളിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രിയുടെ ചേംബറിലാണ് യോഗം. സിഐടിയുവുമായി മാത്രം 23 ന് ചര്‍ച്ച പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഡ്രൈവിങ് സ്കൂളുകാരുടെ എല്ലാ സംഘടനകളെയും ഇന്നത്തെ ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്.
മെയ് ഒന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ നടത്തിയ പരിഷ്കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. പരിഷ്കാരം സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സംഘടനകള്‍ തയാറായിരുന്നില്ല. 14 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു.
ഇന്നലെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി. സമരക്കാര്‍ വാഹനം വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റ് നടത്താനെത്തിയവര്‍ക്ക് തിരികെ പോകേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സമരക്കാരെ കാണാന്‍ തീരുമാനിച്ചത്. പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കും. പുതിയ പരിഷ്കരണം പൂര്‍ണമായും പിന്‍വലിക്കണെമെന്നാണ് സമരക്കാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: