വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ 2020ല്‍ പ്രസിഡന്റ് ജോ ബൈഡന് വിജയിച്ച അഞ്ചു നിര്‍ണായക സംസ്ഥാനങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിട്ടു നില്ക്കുന്നതായി സര്‍വേഫലങ്ങള്‍.
ന്യൂ യോര്‍ക്ക് ടൈംസ്, സിയന്ന കോളജ്, ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍ എന്നിവര്‍ നടത്തിയ സര്‍വേകളിലാണ് അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡനെക്കാള്‍ പിന്തുണ ട്രംപിനാണ് എന്ന് പ്രവചിച്ചിരിക്കുന്നത്.
വിസ്കോണ്‍സിനില്‍ മാത്രം ബൈഡനു ലീഡുണ്ട്. ആറു സംസ്ഥാനങ്ങളും 2020ല്‍ ബൈഡന് ജയിച്ചതാണ്. ഇതില്‍ മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ മാത്രം ജയിച്ചാലും ബൈഡനു വൈറ്റ് ഹൗസില്‍ തിരിച്ചെത്താം.
ജീവിതച്ചെലവ് കുതിച്ചു കയറിയതും സമ്പദ് വ്യവസ്ഥ ഭദ്രമല്ല എന്ന ചിന്തയും ഗാസ യുദ്ധവും കുടിയേറ്റ പ്രശ്നവും അമേരിക്കന്‍ ജനതയെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നാണ് തെളിയുന്നത്. അതിനൊക്കെ പരിഹാരം കാണാനും ജനജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന നേതാവല്ല ബൈഡന് എന്ന ചിന്ത വ്യാപകമായിട്ടുണ്ട്. അദ്ദേഹത്തിനു കഴിയുമെന്ന വിശ്വാസം 13% പേര്‍ക്കു മാത്രമേയുള്ളൂ.
വോട്ടര്‍മാരില്‍ 70% പേര് പറഞ്ഞത് രാഷ്ട്രീയസാമ്പത്തിക സംവിധാനങ്ങള്‍ വമ്പിച്ച തോതില്‍ പൊളിച്ചു പണിയേണ്ടതുണ്ട് എന്നാണ്. ട്രംപിന്റെ അനുയായികളില്‍ 40% പേരും പറഞ്ഞത് സമ്പദ് വ്യവസ്ഥയും ജീവിതച്ചെലവും തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന വിഷയങ്ങളാണ് എന്നാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെന്ന ബൈഡന്റെ വാദം തള്ളുകയാണിവര്‍.
യുവാക്കളിലും വെള്ളക്കാരല്ലാത്ത വോട്ടര്‍മാരിലും ട്രംപ് നേടിയ ജനപ്രീതി അദ്ദേഹത്തിന് അരിസോണ, ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളില്‍ മെച്ചമാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സംസ്ഥാനങ്ങള്‍ ബൈഡന് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേ സമയം, ബൈഡന് പ്രായം ചെന്നവരിലും വെള്ളക്കാരിലും മതിപ്പു നേടിയതായി കാണുന്നു. കൂടുതല്‍ വെള്ളക്കാരുള്ള മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്കോണ്‍സിന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹം മുന്നേറ്റം നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ഗര്‍ഭഛിദ്രം ചൂടുള്ള വിഷയമായി മാറിയിട്ടുണ്ട്. നിര്‍ണായക സംസ്ഥാനങ്ങളില്‍ 64% പറയുന്നത് എന്നും അബോര്ഷന് അനുവദിക്കാന്‍ നിയമം വേണം എന്നാണ്. അതില്‍ ട്രംപിന്റെ അനുയായികളായ 44% പേരുമുണ്ട്. ഗര്‍ഭഛിദ്രം സുപ്രീം കോടതി നിരോധിച്ചതിനു 20% ബൈഡനെ കുറ്റം പറയുന്നുണ്ട്. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹത്തിനാണ് പിന്തുണ കൂടുതല്‍ 49% പേര്. ട്രംപിന്റെ പിന്തുണ 38% മാത്രമാണ്.
സര്‍വേയില്‍ പങ്കെടുത്ത 13% ഗാസ നയത്തിന്റെ പേരില്‍ ബൈഡനു വീണ്ടും വോട്ട് ചെയ്യില്ല. എന്നാല്‍ 17% പേര് ഇസ്രയേലിന്റെ പക്ഷത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: