നെയ്യാറ്റിന്‍കര: രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആംബുലന്‍സുകള്‍ സര്‍വീസുകള്‍ നടത്തുന്നു എന്ന് വ്യാപക പരാതികള്‍. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ വൈകുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അമിത ചാര്‍ജിന് ഓടുന്ന സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അപകടത്തില്‍പ്പെടുന്നവരുടെയും അത്യാസന്ന നിലയിലായവരുടെയും ആശ്വാസവാക്കായ ആംബുലന്‍സുകള്‍ ഈ ഒരു സേവനത്തിന്റെ മറവില്‍ പലപ്പോഴും സര്‍വ നിയമങ്ങളും ലംഘിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുകയാണ്. സ്വകാര്യ ആംബുലന്‍സുകള്‍ ആശ്രയിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണെന്നുള്ള ആരോപണവും ഉണ്ട്.
വാടകയ്ക്ക് വിളിക്കുന്ന മറ്റെല്ലാ വാഹനങ്ങളുടെ നിരക്കുകള്‍ക്കും ഏകീകരണമുണ്ടെന്നിരിക്കെ സ്വകാര്യ ആംബുലന്‍സുകള്‍ തോന്നും വിധമാണ് പലപ്പോഴും നിരക്കുകള്‍ ഈടാക്കുന്നത്. കണക്ക് പറഞ്ഞ് നില്‍ക്കാനുള്ള സാവകാശമില്ലാത്തതിനാല്‍ ചോദിക്കുന്ന തുക കൊടുത്ത് തലയൂരുകയാണ് പലരും ചെയ്യുന്നത്. ഇത്തരം ചൂഷണങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് 108 പോലുള്ള സര്‍ക്കാര്‍ ആംബുലന്‍സുകളാണ്. എന്നാല്‍ 108 ഒഴികെയുള്ള മറ്റ് സര്‍ക്കാര്‍ ആംബുലന്‍സുകള്‍ സ്വകാര്യന്മാരെ സഹായിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ ആംബുലന്‍സിന്റെ മറവില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതും പതിവു സംഭവം തന്നെ.
വെറുതെ പോയാലും സൈറണ്‍ മുഴക്കി ഹോണ്‍ അടിച്ച് പായുകയെന്നത് ചില സ്വകാര്യ ആംബുലന്‍സുകളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. അമിത വേഗം ആംബുലന്‍സുകളെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധമല്ലാത്തതിനാല്‍ ഈയൊരു ആനുകൂല്യം പലപ്പോഴും മുതലെടുപ്പിന് വഴിയൊരുക്കുന്നുണ്ട്. അലറിപ്പാഞ്ഞ് വരുന്ന ആംബുലന്‍സിനെ സംശയത്തിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ കണ്ണടക്കുമ്പോള്‍ നിരത്തിലെ നിയമങ്ങള്‍ പലതും ലംഘിച്ചാണ് ഇവയില്‍ മിക്കതും പായുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: