കോട്ടയം: കെട്ടിട നമ്പര്‍ ലഭിക്കാതിരുന്നതിന് നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ച് ശ്രദ്ധിപിടിച്ചുപറ്റിയ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ പരിസ്ഥിതി പ്രവര്‍ത്തക കുസുമം ജോസഫ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. ഷാജിമോന്‍ ജോര്‍ജിന്റെ മാഞ്ഞുരിലെ ബിസ ക്ലബ് ഹൗസ് എന്ന ഹോട്ടലിനു മുന്നില്‍ നിന്നിരുന്ന പ്ലാവ് ഉണങ്ങിപ്പോയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് കേസിന് ഇടയാക്കിയത്. പ്ലാവ് ഉണങ്ങിയതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹോട്ടലിലേയ്ക്ക് മാര്‍ച്ച് നടത്തി. ഷാജിമോന്‍ രാസവസ്തു വച്ച് പ്ലാവ് ഉണക്കി എന്നായിരുന്നു ആക്ഷേപം. സമരത്തിനിടെ വാക്കേറ്റമുണ്ടായിരുന്നു. ഇത് സ്ത്രീത്വത്തിന് അപമാനമായെന്ന് ആക്ഷേപിച്ചാണ് കുസുമം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രവാസിയായിരുന്ന ഷാജിമോന്‍ നാട്ടിലെത്തി തുടങ്ങിയതാണ് ഈ ഹോട്ടല്‍. ഇതിനായി നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ നല്കാഞ്ഞതില് പ്രതിഷേധിച്ച് റോഡില്‍ കിടന്ന് ഇദ്ദേഹം സമരം നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെ മന്ത്രിതലത്തില്‍ ഇടപെട്ടാണ് നമ്പര്‍ ലഭിച്ചതും ഹോട്ടല്‍ ആരംഭിച്ചതും. ഇതിനിടെയാണ് ഈ ഹോട്ടലിനു മുന്നില്‍ നിന്ന പ്ലാവ് ഉണങ്ങിയത്. ഇതിന് പിന്നില്‍ ഷാജിമോന്‍ ആണെന്ന് ആരോപിച്ചാണ് കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. അതേസമയം പ്ലാവ് ഉണങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ തനിക്ക് പങ്കില്ലെന്നും യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തുകയാണ് വേണ്ടതെന്നും ഷാജിമോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: