കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് ഹരിഹരന്റെ മൊഴിയെടുത്തു. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
നേതാക്കളുടെ അറിവോടെ, പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് മൊഴിയെന്നറിയുന്നു. സംഭവത്തിലുള്‍പ്പെട്ട ചിലരുടെ പേര് ഹരിഹരന്റെ പരാതിയിലും മൊഴിയിലുമുണ്ടെങ്കിലും പോലീസ് ഇതുവരെ ആരെയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പുഫലം എന്തായാലും വടകരയില്‍ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാധ്യത ഏറെയാണെന്നാണ് പോലീസിന്റേയും നാട്ടുകാരുടേയും വിലയിരുത്തലുകള്‍.
ബോംബേറു ദിവസം അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ചിലര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. കെഎല്‍ 18, 7009 രജിസ്ട്രേഷന് നമ്പരാണ് വണ്ടിയുടേതെന്നും അതില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നും എഫ്ഐആറിലുണ്ട്.
ഞായറാഴ്ച രാത്രിയായിരുന്നു ബോംബേറ്. വടകരയിലെ തെരഞ്ഞെടുപ്പ് അനുബന്ധ വിവാദത്തില്‍ ഹരിഹരന് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. രമയെ അപഹസിക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചു വിശദീകരിക്കുമ്പോള്‍, കെ.കെ. ശൈലജയേയും നടി മഞ്ജുവാര്യരെയും മറ്റും കുറിച്ച് പറഞ്ഞത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിരുന്നു. വിഷയത്തില്‍ പിന്നീട് ഹരിഹരന് ഖേദം പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മലപ്പുറം തേഞ്ഞിപ്പലത്തെ ഒലിപ്രംകടവിലുള്ള ഹരിഹരന്റെ വീടിന് ബോംബേറുണ്ടായത്. ബോംബ് മതിലില്‍തട്ടി അപകടം ഒഴിവായി. ആക്രമിച്ചത് സിപിഎംകാരാണെന്നും സംഭവത്തിനുമുമ്പ് ചിലര്‍ വണ്ടിയില്‍ സ്ഥലത്ത് നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നുവെന്നും അക്രമികള്‍ തന്നെ ബോംബേറിന്റെ തെളിവ് നശിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ഹരിഹരന്റെ പ്രസംഗം ന്യായീകരിക്കുന്നില്ല. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ പ്രശ്നം തീരേണ്ടതാണ്. പക്ഷേ, മാപ്പുകൊണ്ട് പ്രശ്നം തീരില്ല എന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും ഹരിഹരന്റെ വീടിനുനേരെ നടന്ന ബോംബേറും ചേര്‍ത്ത് വായിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ബോംബേറ് നടന്നത്. പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ തുടര്‍ച്ചയാണിത്, വേണു ആരോപിച്ചു.
രാഷ്ട്രീയ വിരോധംവച്ച് തന്നേയും കുടുംബത്തേയും അപകടപ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് ആക്രമണമെന്ന് തേഞ്ഞിപ്പലം പോലീസില്‍ നല്കിയ പരാതിയില്‍ ഹരിഹരന് പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദി സിപിഎമ്മാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഹരിഹരനെതിരെ ആക്രമണം നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് കഴിഞ്ഞ ദിവസം പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പില്‍ ജയിക്കുമ്പോള്‍ വടകരയെ സിപിഎം സംഘര്‍ഷ ഭൂമി ആക്കും, പ്രവീണ്‍കുമാര്‍ പറഞ്ഞു.
ഹരിഹരന്റെ പ്രസംഗം ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രസ്താവിച്ചു. ഹരിഹരന്റെ പ്രസംഗം കേട്ട് യുഡിഎഫ് നേതൃത്വം കുലുങ്ങി ചിരിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം.
വടകരയില്‍ ബോധപൂര്‍വം വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചു. അതില്‍ കെ.കെ. രമയും സതീശനും ഉണ്ട്. അവരെ ചോദ്യം ചെയ്താല്‍ എല്ലാത്തിനും ഉത്തരം കിട്ടും. വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ഡിവൈഎഫ്ഐ വലിയ കാമ്പെയ്ന് നടത്തുമെന്നും വസീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: