ജക്കാര്‍ത്ത: കനത്ത മഴയില്‍ ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും 50 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പ്രവിശ്യാ റെസ്ക്യൂ ടീം മേധാവി പറഞ്ഞു. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യതയെന്നാണ് വിവരം.
പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു. വെള്ളത്തിനൊപ്പം അഗ്നിപര്‍വതത്തിന്റെ തണുത്ത ലാവയും ജനവാസ മേഖലകളിലേക്ക് പ്രവഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മഴയത്ത് അഗ്നിപര്‍വതം പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളുടെയും ഉരുളന്‍ കല്ലുകളുടെയും മിശ്രിതമായ ലാഹാര്‍ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ദുരന്തകാരണം.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10:30ന് പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാര്‍ ജില്ലകളില്‍ പ്രകൃതി ദുരന്തമുണ്ടായതായി സര്‍ക്കാര്‍ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച സൗത്ത് സുലവേസിയില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകര്‍ന്ന് 15 പേര് മരിച്ചിരുന്നു. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതവും ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലെ 130 അഗ്നിപര്‍വതങ്ങളിലൊന്നുമായ മറാപ്പിയില്‍ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തില്‍ താഴേക്ക് ഒഴുകിയത്.
9,465 അടി ഉയരമുള്ള മറാപ്പി അഗ്നിപര്‍വതം ഡിസംബറില്‍ പൊട്ടിത്തെറിച്ചിരുന്നു. 9,800 അടി ഉയരത്തില്‍ ആകാശത്തേക്ക് ചാരപ്പുക ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ സ്ഫോടനത്തില്‍ പര്‍വതത്തില്‍ കുടുങ്ങിയ 23 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: