ഇംഫാല്‍: ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് മണിപ്പൂരിലേക്ക് കടന്ന കുടിയേറ്റക്കാരെ പൂര്‍ണമായും തിരിച്ചയയ്‌ക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍സിങ്. മണിപ്പൂരിലെ കാംജോങ് ജില്ലയില്‍ മാത്രം 5,801 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ 15 പേര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരണമടയുകയും 359 പേര്‍ സ്വമേധയാ ക്ക് മടങ്ങുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാര്‍ കാംജോങ് ജില്ലയിലെ എട്ട് ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവര്‍ മണിപ്പൂര്‍ ജനതയുമായി സമ്പര്‍ക്കം ചെയ്യാതിരിക്കാന്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
അനധികൃത കുടിയേറ്റം, വനംകൈയേറ്റം, പോപ്പി പ്ലാന്റേഷന്‍ തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാന്‍ എല്ലാ കടന്നുകയറ്റക്കാരെയും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കാംജോങ് ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ബയോമെട്രിക് ഡാറ്റ ശേഖരണം ആരംഭിക്കുകയും ക്യാമ്പുകള്‍ക്ക് ചുറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മറിലെ സ്ഥിതിഗതികള്‍ നേരെയാകുന്നതോടെ കുടിയേറ്റക്കാരെ മടക്കി അയയ്‌ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലാ ഭരണകൂടം നല്‍കുന്ന റേഷന്‍ ഉപയോഗിച്ചാണ് ക്യാമ്പുകള്‍ മുന്നോട്ടുപോകുന്നത്. കുടിയേറ്റക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും തലയെണ്ണി തിട്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മ്യാന്‍മറില്‍ കൃഷി സീസണ്‍ ആരംഭിച്ചതിനാല്‍ പലരും മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കുറച്ച് ദിവസങ്ങളായി തുടരുന്ന ബോംബാക്രമണം തടസമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: