ഈ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ പാക്കിസ്ഥാന്‍ പ്രണയവും ഇസ്ലാമിക ഭീകരസംഘടനകളുടെ പരസ്യമായ അഭിനിവേശവും എല്ലാ മറയും നീക്കി പുറത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടം മുതല്‍ എന്നും ഒളിഞ്ഞും തെളിഞ്ഞും പാക്കിസ്ഥാനെ പിന്തുണയ്‌ക്കുന്നത് ഭാരതത്തിലെ ന്യൂനപക്ഷ ഇസ്ലാമിക വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനാണെന്നകാര്യം സത്യസന്ധവും സുതാര്യവുമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും. പക്ഷേ, ഇവിടെ കോണ്‍ഗ്രസ് മനസ്സിലാക്കാത്ത ഒരുകാര്യം ഭാരതത്തിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും പാക്കിസ്ഥാന് എതിരാണെന്നതാണ്. പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്‌ക്കെതിരായ ഒളിപ്പോരും അന്താരാഷ്‌ട്രവേദികളില്‍ ഇന്ത്യക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളും ഒക്കെ തന്നെ മതത്തിനതീതമായി ഭാരതത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളെയും വേദനിപ്പിക്കുന്നതാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനില്‍ ഭൂരിപക്ഷം മുസ്ലീങ്ങള്‍ ആയതുകൊണ്ട് ഭാരതത്തിലെ മുസ്ലീങ്ങളും പാക്കിസ്ഥാനെ പിന്തുണയ്‌ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നെങ്കില്‍ അത് ശുദ്ധ ഭോഷ്‌കാണ്.
മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വടേറ്റിവാറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞദിവസം പാക്ക് അനുകൂല പരാമര്‍ശം നടത്തിയത്. താജ് ഹോട്ടലില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ഭീകരന്‍ അജ്മല്‍ കസബിന്റെ വെടിയേറ്റാണ് കര്‍ക്കരെ മരിച്ചത്. ഇപ്പോള്‍ പാക്കിസ്ഥാന്റെ വാദം ഉദ്ധരിച്ച് വിജയ് വടേറ്റിവാര്‍ പറയുന്നത് മഹാരാഷ്‌ട്ര പോലീസിലെ ആര്‍എസ്എസ് അനുഭാവിയായ ഒരു പോലീസുകാരന്റെ വെടിയേറ്റാണ് കര്‍ക്കറെ മരിച്ചതെന്നും അജ്മല്‍ കസബിന്റെ ആക്രമണത്തില്‍ അല്ലെന്നുമാണ്. പാക്കിസ്ഥാന്റെ വാദം അതേപടി ഉദ്ധരിച്ച് ഭാരതത്തിനെതിരെ പ്രസ്താവന നടത്താന്‍ യാതൊരു ഉളുപ്പുമില്ലാത്ത നേതാക്കളുടെ താവളമായി കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ ചര്‍ച്ചാവിഷയം. അദ്ദേഹം മാത്രമല്ല, കശ്മീരിലെ ഫറൂഖ് അബ്ദുള്ളയും പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പാക്ക് അനുകൂല നിലപാടുമായി പലതവണ രംഗത്തുവന്നിട്ടുണ്ട്. ഇവരുടെയെല്ലാം ചിന്ത പാക്ക് അനുകൂല നിലപാടെടുത്താല്‍ ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷം തങ്ങള്‍ക്കൊപ്പം നിലകൊള്ളും എന്നാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ മണി ശങ്കരയ്യറുടെ പ്രസ്താവന.
ഭീരുവായ മണിശങ്കരയ്യരുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പാക്ക് അനുകൂല നിലപാടിനെക്കാള്‍ കൂടുതലായി തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെയും അദ്ദേഹത്തിന്റെയും ഭാരതവിരുദ്ധതയും ഹിന്ദുവിരുദ്ധതയുമാണ്. മണ്ടത്തരങ്ങളുടെ രാജാവായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉദാസീനതകൊണ്ടും രാഷ്‌ട്രബോധം ഇല്ലാത്ത അകര്‍മണ്യത കൊണ്ടുമാണ് ഭാരതത്തിന്റെ സുവര്‍ണ്ണ കിരീടമായ കശ്മീരിന്റെ ഒരുഭാഗം പാക്ക് അധീന കശ്മീരായി മാറിയത്. അന്ന് ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഭാരതത്തിനെതിരെ ആരും യുദ്ധം ചെയ്യാന്‍ വരില്ലെന്നും ഭാരതത്തെ പോലുള്ള ഒരു രാജ്യത്തില്‍ സൈന്യം ആവശ്യമില്ലെന്നും ആയിരുന്നു നെഹ്‌റുവിന്റെ നിലപാട്. മന്ത്രിസഭായോഗത്തില്‍ തന്നെ ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച സര്‍ദാര്‍ പട്ടേല്‍ അടക്കമുള്ള രാഷ്‌ട്രതന്ത്രജ്ഞരായ നേതാക്കളാണ് നെഹ്‌റുവിനെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത്. 97 ബ്ലെന്‍ഡേഴ്‌സ് ഓഫ് നെഹ്‌റു എന്ന പുസ്തകത്തിലും മേജര്‍ ജനറല്‍ ബക്ഷിയുടെ ബോസ് ഓര്‍ ഗാന്ധി ഹൂ വണ്‍ ഫ്രീഡം ഫോര്‍ ഇന്ത്യ എന്ന പുസ്തകത്തിലും ഇതിന്റെ രേഖകള്‍ തുറന്നുകാട്ടിയിട്ടുണ്ട്.
ഒരു രാഷ്‌ട്രത്തിന്റെ പുരോഗതിയെ സംബന്ധിച്ച് ദീര്‍ഘവീക്ഷണമോ, അതിന്റെ ഭാവി എന്തായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാതെ അന്താരാഷ്‌ട്രരംഗത്തും നയതന്ത്രരംഗത്തും താരമാകാനും താന്‍പോരിമ കാട്ടാനും വ്യക്തിപ്രഭാവം സൃഷ്ടിക്കാനുമുള്ള പ്രതിച്ഛായാഭിക്ഷു മാത്രമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. സൈനികരംഗത്തെയും അതിര്‍ത്തിയിലെയും പിടിപ്പുകേടാണ് പാകിസ്ഥാന്‍ പാക്ക് അധിനിവേശ കശ്മീര്‍ സൃഷ്ടിക്കാന്‍ കാരണം. രാജാ ഹരിസിങ്ങുമായി ഉടമ്പടി ഒപ്പിടാന്‍ വൈകിച്ചതു മുതല്‍ തുടങ്ങുന്നു നെഹ്‌റുവിന്റെ പിടിപ്പുകേടുകള്‍. സര്‍ദാര്‍ പട്ടേലും വിപി മേനോനും ഉചിതമായ സമയത്ത് നടപടിയെടുത്ത് പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക്ഷയ്‌ക്കൊപ്പം നടത്തിയ നീക്കങ്ങളാണ് ഇത്രയെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഇടയാക്കിയത്. ഇന്ന് പാക്ക് അധിനിവേശ കശ്മീരില്‍ കടുത്ത പ്രക്ഷോഭം ഉയരുകയാണ്. അവര്‍ക്ക് ഭാരതത്തോടൊപ്പം ചേരണം, ഭാരതത്തില്‍ ലയിക്കണം. പ്രക്ഷോഭകാരികളെ ജയിലില്‍ അടച്ചും സൈനിക നടപടികള്‍ സ്വീകരിച്ചും പാക്ക് അധിനിവേശ കശ്മീരിലെ ജനാധിപത്യ പോരാട്ടത്തെ പാക്കിസ്ഥാന്‍ ഭരണകൂടവും ജിഹാദികളും ചേര്‍ന്ന് മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ഒന്നും പറയാനില്ല. പക്ഷേ, അതേക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം പറഞ്ഞു, സൈനിക നടപടി ഇല്ലാതെ തന്നെ പാക്ക് അധിനിവേശ കശ്മീര്‍ ഭാരതത്തില്‍ ലയിക്കുമെന്ന്.
ഏതാണ്ട് അതേസമയത്ത് തന്നെയാണ് മണിശങ്കരയ്യരുടെ പാക്ക് അനുകൂല പ്രസംഗം പുറത്തുവരുന്നത്. പാക്കിസ്ഥാനുമായി ഭാരതം സമാധാന ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും എന്നുമാണ് മണിശങ്കരയ്യര്‍ ഭാരതത്തിന് നല്‍കുന്ന മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ കൈയില്‍ അണുബോംബുകള്‍ ഉണ്ടെന്നും മോദി സര്‍ക്കാര്‍ പ്രകോപിപ്പിച്ചാല്‍ അവര്‍ അത് ഭാരതത്തിന് നേരെ പ്രയോഗിക്കുമെന്നും മണിശങ്കര്‍ പറയുന്നു. മാത്രമല്ല, ഭാരതം സൈനികശക്തി വര്‍ധിപ്പിക്കുന്നത് ഈ മേഖലയിലെ പിരിമുറുക്കം കൂട്ടുമെന്നും അതുകൊണ്ട് ഭാരതം സൈനിക ശക്തി വര്‍ദ്ധിപ്പിക്കരുതെന്നുമാണ് മണി ശങ്കരയ്യരുടെ നിലപാട്. അതോടൊപ്പം പാക്കിസ്ഥാനെ ഭാരതം ബഹുമാനിക്കണമെന്നും അയ്യര്‍ പറയുന്നു. ഭാരതം പാക്കിസ്ഥാനെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ ആണവായുധം ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കും. ഒരു ഭ്രാന്തന്‍ ലാഹോറില്‍ ബോംബിട്ടാല്‍ അതിന്റെ അണുവികരണം പഞ്ചാബിലെ അമൃതസര്‍ എത്താന്‍ 8 സെക്കന്‍ഡ് പോലും എടുക്കില്ലെന്ന് അയ്യര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും മുഴങ്ങുന്ന പാക് പ്രണയം ന്യൂനപക്ഷ പ്രീണനത്തേക്കാള്‍ ഹിന്ദു വിരുദ്ധതയാണ് പ്രകടമാക്കുന്നത്.
മണി ശങ്കരഅയ്യറും ഏ.കെ. ആന്റണിയും മന്‍മോഹന്‍സിങ്ങും ഒക്കെ പാക്കിസ്ഥാനെയും ചൈനയെയും ഭയന്ന് രാജ്യഭരണം നടത്തിയിരുന്ന, അമേരിക്കയ്‌ക്ക് മുന്നില്‍ മുട്ടിടിച്ചിരുന്ന പഴയ പരാധീന ഭാരതമല്ല ഇന്നത്തെ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഭാരതം. പാകിസ്ഥാന്റെ മൊത്തം ആണവ പോര്‍മുനകളുടെ എണ്ണം 300 ല്‍ താഴെയാണ് എന്നാണ് അന്താരാഷ്‌ട്ര ഏജന്‍സികള്‍ പറയുന്നത്. ഇതുവരെ ഭാരതത്തിന് എത്ര ആണവ പോര്‍മുനകള്‍ ഉണ്ട് എന്നകാര്യം ഭാരത സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്താരാഷ്‌ട്ര ഏജന്‍സികള്‍ പറയുന്ന കണക്കനുസരിച്ച് 750 നും 900നും ഇടയ്‌ക്ക് ആണവ പോര്‍മുനകള്‍ ഭാരതത്തിനുണ്ട്. മാത്രമല്ല, ആണവബോംബുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനവും ഭാരതത്തിനുണ്ട്. അതുകൊണ്ടുതന്നെ വെടിക്കെട്ടുകാരന്റെ പുരയില്‍ ഉടുക്ക് കൊട്ടിപ്പേടിപ്പിക്കാനുള്ള മണിശങ്കര അയ്യരുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ശ്രമം കയ്യില്‍ വച്ചാല്‍ മതി. നെഹ്‌റുവിന്റെ കാലത്ത് ചൈനയ്‌ക്ക് മുന്നില്‍ കീഴടങ്ങി തിരിഞ്ഞോടി സ്ഥലം വിട്ടുകൊടുത്ത പഴയ ഭാരത സൈന്യം അല്ല ഇപ്പോഴത്തത് എന്ന് ഗാല്‍വാനില്‍ കഴുത്തൊടിഞ്ഞു മരിച്ച നിരവധി സൈനികരുടെ മൃതദേഹം പരിശോധിച്ച ചൈനയിലെ സൈനിക അധികൃതര്‍ക്കും ഭരണത്തലവന്മാര്‍ക്കും മനസ്സിലായിട്ടുണ്ട്. ഇങ്ങോട്ട് തരുന്നതെല്ലാം പലിശയടക്കം തിരിച്ചു കൊടുക്കുക എന്ന കര്‍ശനമായ നിലപാടാണ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഉള്ളത്. അത് പാക്കിസ്ഥാനെ പലതവണ ഭാരതം ബോധ്യപ്പെടുത്തിയതുമാണ്.
പുല്‍വാമയില്‍ സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തു കയറ്റിയ വാഹനം ഇടിച്ചു കയറ്റി സൈനികരെ കൊന്നെങ്കില്‍ അതിനു പകരം ബലക്കോട്ടിലെ മാത്രമല്ല പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഭീകര താവളങ്ങള്‍ തകര്‍ത്തു. 100 കണക്കിന് ആള്‍ക്കാരെ കൊന്നു വീഴ്‌ത്തി തിരിച്ചടിക്കാനുള്ള ആണത്തം നരേന്ദ്രമോദിക്കും ബിജെപിക്കും ഉണ്ട്. പഴയ പ്രതിരോധ മന്ത്രിയായ ഏ.കെ ആന്റണി അതിര്‍ത്തിയിലെ വികസനത്തിന്റെ പോരായ്മയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം വന്നപ്പോള്‍ അവിടെ റോഡും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചാല്‍ ചൈനയ്‌ക്കും പാകിസ്ഥാനും പ്രകോപനമാകും എന്നായിരുന്നു മറുപടി പറഞ്ഞത്. ആ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. റോഡില്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ഇന്ന് അതിര്‍ത്തിയില്‍ നടക്കുന്നത്. ഏതുസമയത്തും ഏതു കാലാവസ്ഥയിലും പടനീക്കം നടത്താന്‍ ഉതകുന്ന രീതിയില്‍ സൈനിക വിന്യാസം ഉറപ്പാക്കുന്ന രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളും റോഡും എയര്‍ സ്ട്രിപ്പുകളും പാലങ്ങളും തുരങ്കങ്ങളും വിശാല ദേശീയപാതകളും അതിര്‍ത്തിയിലുടനീളം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു.
ഇത് പുതിയ ഭാരതമാണ്. എല്ലാവരോടും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം തന്നെയാണ് നമ്മുടെ നിലപാട്. പക്ഷേ, ചൊറിയാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. എല്ലാകാലവും അടിമത്തമനോഭാവം മനസ്സില്‍ കയറി വിദേശികളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന കോണ്‍ഗ്രസിന് ഇത് മനസ്സിലാവില്ല. ഛത്രപതി ശിവജിയും പൃഥ്വിരാജ് ചൗഹാനും റാണപ്രതാപും റാണി ചെന്നമ്മയും റാണി വേലുനാച്ചിയാരും ഝാന്‍സി റാണിയും ഭാരതത്തിന്റെ വീരേതിഹാസ പൈതൃകങ്ങളാണ്. പാഠപുസ്തകത്തില്‍ പോലും അവരെക്കുറിച്ച് ഒരുവാക്ക് പറയാത്ത കോണ്‍ഗ്രസ് ധീരസൈനികരുടെ സ്മൃതിപഥത്തിലൂടെ ഉരുത്തിരിയുന്ന പരമ വൈഭവത്തിന്റെ, സ്വാശ്രയത്വത്തിന്റെ, ചിരന്തനമായ ദേശീയ ബോധത്തെ കാണുന്നില്ല. ലാഹോറില്‍ മാത്രമല്ല, പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചിയിലും ഒക്കെ ആണവബോംബ് ഇട്ടാല്‍, അത്രയധികം ദൂരം ഇല്ലാത്തതുകൊണ്ട് ഭാരതത്തിന്റെ അതിര്‍ത്തിയിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആണവായുധം ഇല്ലാതെ തന്നെ പാക്കിസ്ഥാന്റെ കഥ കഴിയുന്ന സാഹചര്യമാണ് അന്താരാഷ്‌ട്രതലത്തില്‍ തന്നെ ഉരുത്തിരിയുന്നത് എന്നകാര്യം പഴയ വിദേശകാര്യ ഉദ്യോഗസ്ഥനായ മണിശങ്കരയ്യര്‍ അറിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ചിത്തഭ്രമം ബാധിച്ചോ എന്നകാര്യം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണം.
ഭാരതം സുശക്തമായ സൈനിക ആയുധശക്തിയായി മാറാനുള്ള പ്രക്രിയയാണ് മേക്ക് ഇന്‍ ഇന്ത്യയില്‍ ഇന്ന് നടക്കുന്നത്. ഇന്ന് ബ്രഹ്മോസ് മിസൈല്‍ പല വിദേശ രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നു. ഭാരതത്തിന്റെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനം തേജസ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. 5000 കി.മീറ്റര്‍ അപ്പുറം വരെ പരിധിയുള്ള ഭൂതല ഭൂതല മിസൈല്‍ മുതല്‍ ഭാരതം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ പാക്കിസ്ഥാനെ മാത്രമല്ല, ചൈനയെയും ഒരു പരിധിവരെ ലോക മേധാവിത്വം ചമഞ്ഞിരുന്ന് അമേരിക്കയെയും പ്രകോപിപ്പിക്കുന്നതാണ്, ഭയപ്പെടുത്തുന്നതാണ്. ഈ സഹസ്രാബ്ദം ഭാരതത്തിന്റെ പുനര്‍ജനിയുടേതാണെന്ന് പറഞ്ഞ ആര്‍നോള്‍ഡ് ടോയന്‍ബി, എച്ച്.ജി. വെല്‍സ്, വില്‍ ഡ്യൂറന്റ് തുടങ്ങിയവരെ വായിക്കുക.
പ്രശ്‌നം അമേരിക്കക്കുമുണ്ട്. ലോകസമ്പദ്‌വ്യവസ്ഥയുടെ അധീശസ്ഥാനം നേടിയിരുന്ന ഡോളറിനെ മടക്കി പോക്കറ്റില്‍ വച്ചുകൊടുത്ത് ഭാരതത്തിന്റെ സ്വന്തം കറന്‍സിയായ ഉറുപ്പികയില്‍ നിരവധി വിദേശ രാഷ്‌ട്രങ്ങളുമായി വിനിമയം ആരംഭിച്ചത് അമേരിക്കയ്‌ക്ക് ഒട്ടും ബോധിച്ചിട്ടില്ല. ഭീകരവാദികളെ സ്വന്തം കോട്ടയില്‍ പോയി തീര്‍ക്കുന്ന പുതിയ ഭാരതത്തിന്റെ അജ്ഞാതര്‍ അമേരിക്കയെയും ഞെട്ടിച്ചതാണ്. ഭാരതത്തില്‍ ഭീകരവാദം നടപ്പിലാക്കാന്‍ എത്തി നിരപരാധികളായ സൈനികരെയും പൗരന്മാരെയും വധിച്ചവരെ പാക്കിസ്ഥാനിലെ അവന്റെ മടയില്‍ കയറി അജ്ഞാതന്മാര്‍ തീര്‍ക്കുമ്പോള്‍ അതിനു കഴിയുന്ന മൂന്നാമത്തെ രാജ്യമായി ഭാരതം മാറി എന്നകാര്യം കൂടി കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിയണം. ഒസാമാ ബിന്‍ലാദനെ അടോട്ടബാദില്‍ എത്തി വധിക്കാന്‍ സിഐഎ.ക്ക് കഴിഞ്ഞെങ്കില്‍, ഇസ്രായേലിന് ഭീഷണിയായ വരെ ദുബായിലും ഇംഗ്ലണ്ടിലും എത്തി വധിക്കാന്‍ മൊസാദിന് കഴിഞ്ഞെങ്കില്‍, ഇന്ന് ഭാരതത്തിനെതിരായ ഭീകരവാദികളെ 72 ഹൂറികള്‍ക്ക് ഒപ്പം അയക്കാന്‍ ഭാരതത്തിനു കഴിയുന്നുണ്ട്.
ശത്രുക്കളെ ഭയപ്പെട്ട് പിന്തിരിഞ്ഞോടി പിന്നില്‍ വെട്ടുകൊണ്ടുവന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല, മുന്നില്‍ വെട്ടു കൊണ്ട് മരിച്ചു വീണാലും പിറന്ന നാടിനെ രക്ഷിക്കും എന്നുപറഞ്ഞ് മുന്നോട്ടുപോകുന്ന ഭാരതീയ പാരമ്പര്യമാണ് നരേന്ദ്രമോദി മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് മണിശങ്കര അയ്യര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ട, നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുവരും. ഭാരതത്തെ ലോകത്തിലെ അജയ്യശക്തിയായി, പരമവൈഭവത്തിലേക്ക് നയിക്കും. പാകിസ്ഥാന്‍ പ്രണയം അവസാനിപ്പിച്ച് ഈ രാഷ്‌ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇനിയെങ്കിലും ശ്രമിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പുകളിലെങ്കിലും ഒരു പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടാന്‍ മോഹിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: