ന്യൂദല്‍ഹി: വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പിഎം സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജനയുടെ ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭിക്കും. പുരപ്പുറങ്ങളില്‍ സൗരോര്‍ജ്ജ പാനലുകളും മറ്റും സ്ഥാപിക്കാനും അവ പരിപാലിക്കാനും ഒരു ലക്ഷം പേരെങ്കിലും വേണ്ടിവരും. ലക്ഷം പേര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
പദ്ധതി നടപ്പാക്കുന്നത് ഒരു കോടി വീടുകളിലാണ്. ഇത്രയും വീടുകളില്‍ ഇവ സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും മറ്റുമായി കുറഞ്ഞത ഒരു ലക്ഷം പേര് വേണ്ടിവരുമെന്നാണ് കേന്ദ്ര റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ കണക്ക്. മന്ത്രാലയമാണ് ഇവരുടെ നൈപുണ്യ വികസനത്തിന് വിപുലമായ പരിശീലന പദ്ധതി തയ്യാറാക്കിയതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു പുരപ്പുറത്തു നിന്ന് ശരാശരി 300 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഗ്രിഡിലേക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 75000 കോടിയുടെ പദ്ധതിയാണ്.
സോളാര്‍ പാനലുകളുടെ ഇന്സ്റ്റലേഷന്, മെയിന്റനന്‍സ് അടക്കമുള്ള കാര്യങ്ങളിലാണ് പരിശീലനം.പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം, നൈപുണ്യ വികസന മന്ത്രാലയം, സംരംഭകത്വ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത്.
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ആര്‍ഇസി ലിമിറ്റഡ്, നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുക. ഇതിന് പുറമേ പദ്ധതിയുമായി ബന്ധപ്പെട്ട് 50,000 പേര്‍ക്ക് സംരംഭകത്വ പരിശീലനവും നല്‍കും. പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ രജിസ്ട്രേഷന് ഒരു കോടി കവിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: