ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. വിശ്വശാന്തിക്കുള്ള ഭാരതത്തിന്റെ പരമമന്ത്രമാണ് ആചാര്യന് ലോകത്തിനെ ഓര്‍മപ്പെടുത്തിയത്. ആധുനിക കാലഘട്ടത്തില്‍ മതപരവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്തിന് ശാന്തിയിലേക്കുള്ള വഴി. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന പരമചൈതന്യം ഒന്നു തന്നെയാണെന്ന അദൈ്വതമന്ത്രം. ഭാരതീയ ദര്‍ശനങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആചാര്യസ്വാമികള്‍ കൃത്യമായ ഭാഷ്യം നല്കി. ആത്മീയവും ഭൗതികവും രാജനൈതികവുമായ രംഗങ്ങളിലെല്ലാം ആചാര്യസ്വാമികളുടെ പ്രഭാവം പ്രകടമാണ്.
വേദാധിഷ്ഠിതമല്ലാത്തതൊന്നും ആചാര്യന് സ്വീകാര്യമായിരുന്നില്ല. വേദവിരുദ്ധമായ സര്‍വത്തേയും വാദമുഖങ്ങളാല്‍ പരാജയപ്പെടുത്തി. ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന അദൈ്വത മന്ത്രം അരക്കിട്ടുറപ്പിക്കുന്നതില്‍ ആചാര്യന് വിജയിച്ചു. വേദാധിഷ്ഠിതമായ സനാതനധര്‍മ പ്രതിഷ്ഠാപനത്തിനായി ഭാരതത്തിന്റെ നാലു ദിശകളിലായി അദ്ദേഹം നാലു മഠങ്ങള്‍ സ്ഥാപിച്ചു. ഒഡിഷ സംസ്ഥാനത്തിലെ പുരിയില്‍ ശ്രീ ഗോവര്‍ദ്ധനപീഠം, ഗുജറാത്തിലെ ജാമ്നഗറില്‍ ദ്വാരകാ ശാരദാ പീഠം, ഉത്തരഖണ്ഡിലെ ബദരിയില്‍ ശ്രീ ജ്യോതിര്‍ പീഠം, കര്‍ണാടകയിലെ ശൃംഗേരിയില്‍ ശ്രീ ശാരദാപീഠം. നാല് ശിഷ്യന്മാര്ക്ക് ഓരോ മഠത്തിന്റെയും ചുമതലയേല്പിക്കുകയും ചെയ്തു. പുരിയില്‍ പത്മപാദാചാര്യ, ദ്വാരകയില്‍ സ്വാമി സുരേശ്വരാചാര്യ (മണ്ഡനമിശ്രന്), ബദരിയില്‍ തോടകാചാര്യ, ശൃംഗേരിയില്‍ ഹസ്താമലകാചാര്യ.
പ്രപഞ്ചവിജ്ഞാനത്തിലെ കലവറകളായ നാല് വേദങ്ങള്‍ ധാരമുറിയാതെ തലമുറകളിലേക്ക് പകര്‍ന്നു നല്കാന് ഓരോ പീഠത്തിനും ഓരോ വേദവും നിര്‍ദേശിച്ചു; പുരിയില്‍ ഋഗ്വേദം, ശൃംഗേരിയില്‍ യജുര്‍വേദം, ദ്വാരകയില്‍ സാമവേദം, ബദരിയില്‍ അഥര്‍വവേദം. ദേശീയൈക്യത്തിന്റെയും ആത്മീയ, സാംസ്കാരിക നവോത്ഥാനത്തിന്റെയും പതാകാവാഹകനായിരുന്ന ശങ്കാരാചാര്യരുടെ മഹത്വം കേരളം വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത നവീകരിച്ച കാശി വിശ്വനാഥ സമുച്ചയത്തില്‍ ശങ്കരാചാര്യസ്വാമികളുടെ ശില്പത്തിന് സ്ഥാനം ലഭിച്ചപ്പോള്‍ ശങ്കര ജന്മസ്ഥാനമായ കാലടിയിലെ സംസ്കൃത സര്‍വകലാശാലക്കുമുന്നില്‍ ശ്രീശങ്കരശില്പം സ്ഥാപിക്കുന്നതിന് എന്തെതിര്പ്പായിരുന്നു! ശ്രീശങ്കര ശില്പം സ്ഥാപിച്ചപ്പോഴാകട്ടെ കമ്യൂണിസ്റ്റു പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും കൊടിതോരണങ്ങള്‍ തൂക്കാനുള്ള ഷെഡ്ഡായി അത് മാറുകയും ചെയ്തു!
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഭാരതത്തിലെങ്ങുമുള്ള അനേകായിരങ്ങളുടെ തീര്‍ഥാടന കേന്ദ്രമാകുന്നത് അവതാരപുരുഷന്റെ ജന്മസ്ഥലമെന്ന നിലയിലാണ്. ഭാരതം നേരിടുന്ന അനേകം പ്രശ്നങ്ങളുടെ പരിഹാരം ആദിശങ്കരനിലേക്ക് മടങ്ങുകയാണെന്ന് ഭാരതം തിരിച്ചറിയുന്നുണ്ട്. ലോകത്തെ ഗ്രസിക്കുന്ന വിവിധ പ്രശ്നങ്ങളുടെ പരിഹാരവും അതുതന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷമായ 2047നകം ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള വികസിതരാജ്യമായി മാറുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍തന്നെ ഭാരതം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകും. ഇന്ന് ലോകം ഭാരതത്തിന്റെ വാക്കുകള്‍ക്ക് വില കല്പിക്കുന്നുമുണ്ട്. സമസ്ത മേഖലകളിലും നാം വമ്പിച്ച പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
ഭാരതത്തിന്റെ ജനസംഖ്യ 144 കോടിയാണ്. ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ് ഭാരതം. ഭാരതത്തിന്റെ പൈതൃകം ഋഷി സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. ആരാധനാലയങ്ങളും പൗരാണിക ശാസ്ത്രങ്ങളും അതിന്റെ ഭാഗമാണ്. ഭാരതീയ യോഗ, ആയുര്‍വേദം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവക്കെല്ലാം ഇന്ന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഭാരതത്തിന്റെ തത്വശാസ്ത്രങ്ങള്‍ക്കും ലോകമാകെ സ്വീകാര്യത ലഭിച്ചുവരുന്നു. ഏകം സത് വിപ്രാ ബഹുധാ വദന്തി, ലോകാ സമസ്താ സുഖിനോ ഭവന്തു, ലോകമേ തറവാട് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ വെളിപ്പെടുന്ന അദൈ്വതസിദ്ധാന്തത്തിന്റെ ആത്മാവിഷ്കാരങ്ങള്‍ തന്നെയാണ് ലോകത്തെ കോര്ത്തിണക്കുന്നതിന് സഹായിക്കുക. അഹം ബ്രഹ്മാസ്മി – ഞാന്‍ തന്നെയാണ് ഈശ്വരന്- എന്ന അദൈ്വതത്തിന്റെ നിലപാട് അംഗീകരിച്ചാല്‍ മതവൈരങ്ങള്‍ അവസാനിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരും. ആദിശങ്കരനെ മനസ്സിലാക്കിയാല്‍ ലോകനന്മക്ക് കൂടുതല്‍ സഹായകമാവും. നാല് വിശുദ്ധ മഠങ്ങള്‍ സ്ഥാപിക്കുകയും 12 ജ്യോതിര്‍ലിംഗങ്ങളെ സനാതനധര്‍മത്തിന്റെ വിശ്വാസകേന്ദ്രങ്ങളായി പുനരുജ്ജീവിപ്പിക്കുകയും ചെയ്തുകൊണ്ട് ആദിശങ്കരന് ഭാരത അദ്ധ്യാത്മികതയ്ക്ക് ദിശാബോധം നല്കി. ആ പ്രാധാന്യം മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ്യോതിര്‍ലിംഗ ക്ഷേത്രമായ കേദാര്‍നാഥ് സന്ദര്‍ശിച്ച് ആരതി നടത്തി, ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു, ശങ്കരാചാര്യ സമാധി പുനര്‍നിര്‍മിച്ചു. തന്റെ തത്ത്വചിന്തയിലൂടെയും ആത്മീയ സന്ദേശത്തിലൂടെയും ദശലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമേകി, ഉറങ്ങിക്കിടന്ന അദ്ധ്യാത്മികതയെ േപ്രാജ്വലിപ്പിക്കാന് ആദിശങ്കരന് അവിശ്രമം പ്രവര്‍ത്തിച്ചു. ആദിശങ്കരന് മനുഷ്യരൂപത്തില്‍ പിറന്ന ശങ്കരന് (ശിവന്) തന്നെയായിരുന്നു. ശിവം ചെയ്യുന്നവനാണ് ‘ശങ്കരന്’.
ജാതി, വര്‍ഗം തുടങ്ങിയ വിഭജനങ്ങള്‍ മറന്ന്, അറിവും ആത്മസാക്ഷാത്കാരവും വഴി മഹത്വം കൈവരിക്കുന്നതിന് സാമൂഹിക-സാമ്പത്തിക അതിരുകള്‍ക്കപ്പുറം ഉയരാന്‍ ആദിശങ്കരന് ഭാരതീയരെ പ്രചോദിപ്പിച്ചു. ‘ചിദാനന്ദം’ അഥവാ ശാശ്വതമായ ആനന്ദം നമ്മുടെ ഉള്ളിലും നമ്മുടെ ബോധത്തിലും ഉണ്ട്. ദൈ്വതമല്ലാത്തത് ‘അദൈ്വതമാണ്’. മര്‍ത്യനില്‍ ശിവത്വമുണ്ട്. സ്വന്തം വേരുകള്‍ മറന്നുകൊണ്ടിരുന്ന ഒരു നാഗരികതയുടെ ‘ചേതന’ (ബോധം) ആദിശങ്കരന് ഉണര്‍ത്തി. നമ്മുടെ ആത്മീയ ലക്ഷ്യത്തെക്കുറിച്ചു ബോധവാന്മാരാക്കി. ഇന്ത്യയിലുടനീളം ധര്‍മത്തെ പുനരുജ്ജീവിപ്പിച്ചു.
നമ്മെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും നിരാശയില്‍ നിന്ന് പ്രബുദ്ധതയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന വഴികാട്ടിയാണ് ആദിശങ്കരന്. ഇരുട്ടില്‍ നിന്നും നമ്മെ മോചിപ്പിക്കുന്ന പാതയാണ് ജ്ഞാനം (അറിവ്). ആദിശങ്കരാചാര്യ എട്ടാം വയസ്സില്‍ ഗുരുവിനെ തേടി വീടുവിട്ടിറങ്ങി. 16-ാം വയസ്സില്‍, ഇന്ത്യയിലുടനീളം പഠന കേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചു. 32 വര്‍ഷത്തെ ഹ്രസ്വമായ ആയുസ്സില്‍, ശങ്കരാചാര്യര്‍ നിരവധി ആത്മീയ ഗുരുക്കന്മാരെയും പണ്ഡിതന്മാരെയും നയിച്ചു. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ് ഗീത തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് ഭാഷ്യങ്ങള്‍ രചിച്ചു. അദൈ്വത വേദാന്തത്തെക്കുറിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതി. പഠനത്തിന്റെയും സംവാദത്തിന്റെയും ആരോഗ്യകരമായ സംസ്കാരത്തിന് ഊന്നല്‍ നല്കി. 32 വര്‍ഷത്തെ ഹ്രസ്വമായ ആയുസ്സില്‍ ‘സനാതന ധര്‍മ’ത്തിന്റെ പുനരുജ്ജീവനത്തിന് ഗണ്യമായ സംഭാവന നല്കി.
ശങ്കരാചാര്യര്‍ ബ്രഹ്മസൂത്രം, പത്ത് പ്രധാന ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം എന്നിവയ്ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ രചനകള്‍ വളരെ മനോഹരവും ഉന്നതവുമാണ്.
ആദിശങ്കരാചാര്യ ‘അദൈ്വത വേദാന്ത’വും ‘ദശനാമി സമ്പ്രദായവും’ പ്രചരിപ്പിച്ചു. സന്യാസിമാരെ പത്ത് വിഭാഗങ്ങളില്‍ ക്രമീകരിച്ച് സന്ന്യാസ പാരമ്പര്യം ശക്തിപ്പെടുത്തി. ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്തം എന്നീ ആറ് വൈദിക തത്ത്വചിന്തയുണ്ട്. പദ്മപാദ, തോടകാചാര്യ, ഹസ്താമലക, സുരേശ്വര എന്നിവരാണ് അദ്ദേഹത്തിന്റെ നാലു പ്രധാന ശിഷ്യന്മാര്. വിഷ്ണു, ശിവന്, ശക്തി, മുരുകന്, ഗണേശന്, സൂര്യന് എന്നീ പ്രധാന ദൈവങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ആറ് ആരാധനാ വിഭാഗങ്ങളുടെ ‘ഷണ്മത’ സമ്പ്രദായം സൃഷ്ടിച്ചു. സൗന്ദര്യ ലഹരി, ശിവാനന്ദ ലഹരി, നിര്‍വാണ ശല്കം മുതലായ ഭക്തിയും ധ്യാനാത്മകവുമായ ശ്ലോകങ്ങള്‍ രചിച്ചു. വിവേകചൂഢാമണി, ആത്മബോധ, വാക്യവൃത്തി, ഉപദേശസാഹസ്രി തുടങ്ങിയ അദൈ്വത വേദാന്തത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചു. ബ്രഹ്മസൂത്രങ്ങള്‍, ഭഗവദ് ഗീത, 12 പ്രധാന ഉപനിഷത്തുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാലടിയിലേക്ക് ഏഴ് കിലോമീറ്റര്‍ മാത്രമേ അകലമുള്ളു. വിമാനത്താവളം ഭാരതത്തിന്റെ എക്കാലത്തെയും മികച്ച നവോത്ഥാനനായകനായ ആദിശങ്കരന്റെ പേരില്‍ അറിയപ്പെടണമെന്ന ചിരകാലാഭിലാഷം ഇന്നും നടപ്പായിട്ടില്ല. ഇപ്പോള്‍ പെരിയാര്‍ എന്നറിയപ്പെടുന്ന പൂര്‍ണാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലടി ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം, ശൃംഗേരി മഠം, ശ്രീ ശങ്കരകീര്‍ത്തിസ്തംഭം തുടങ്ങി നിരവധി സാമൂഹിക-മത സാംസ്കാരിക സ്ഥാപനങ്ങളുടെ സംഗമസ്ഥാനവും ശങ്കര സംസ്കൃത സര്‍വകലാശാലയും ശ്രീ ശങ്കര കോളജും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനവുമാണ്.
ശങ്കരന് പുനഃസ്ഥാപിച്ച അദൈ്വത ദര്‍ശനത്തിന്റെ സമ്പന്നത വളര്‍ത്തുന്നതിനായി ആദിശങ്കര ജന്മദേശ വികസന സമിതി രൂപീകരിച്ചു ശങ്കരജയന്തി, ശങ്കരോത്സവം എന്ന പേരില്‍ വിപുലമായി നടത്തിവരുന്നു. ഈ ജന്മസ്ഥാനം ഏതു കാലത്തും ഭാരതത്തിനു മുഴുവന്‍ പ്രചോദനമാകണമെന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ ശ്രീശങ്കരാചാര്യരുടെ ജീവിതവും സന്ദേശവും ജനകീയമാക്കുന്നതിനും ജീവിതാനുഷ്ഠാനത്തിന്റെ ഭാഗഭാക്കാക്കുന്നതിനുമായി 2005 മുതല്‍ ആദി ശങ്കര ജന്മദേശ വികസന സമിതി പ്രവര്‍ത്തിച്ചുവരുന്നു. സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജനകീയ പങ്കാളിത്തത്തോടെ ശങ്കരജയന്തി വിപുലമായി ആഘോഷിക്കാറുണ്ട്.
ജ്ഞാനസദസ്, സംന്യാസി സമ്മേളനം, സെമിനാര്‍, സിംപോസിയം, കുടുംബയോഗം, മത്സരങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, ഭജനകള്‍, മഹാപരിക്രമം, പൂര്‍ണാനദി പൂജ, മഹാസ്നാനം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍. മാര്‍ഗദര്‍ശകമണ്ഡലിലെ സംന്യാസിശ്രേഷ്ഠര്‍ മാര്‍ഗദര്‍ശനം നല്‍കും. ശ്രീശങ്കര കീര്‍ത്തിസ്തംഭത്തിന്റെ പരിസരത്തുനിന്നാരംഭിക്കുന്ന ഘോഷയാത്ര ഇതിഹാസ പ്രസിദ്ധമായ മുതലക്കടവില്‍ അവസാനിക്കും. ആചാര്യന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന മുതലക്കടവില്‍ പൂര്ണാനദീപൂജ നിര്‍വഹിക്കും. തുടര്‍ന്ന് മഹാസ്നാനം നടക്കും. ശങ്കരാനുഗ്രഹമായി പ്രസാദം സ്വീകരിച്ച് ശങ്കരഭക്തര്‍ പിരിയുന്നു. ഈ വര്‍ഷത്തെ ശ്രീശങ്കര ഭഗവദ്പാദരുടെ ജന്മദിനം വൈശാഖ ശുക്ല പഞ്ചമി ദിനമായ 1199 മേടം 29 (2024 മെയ് 12) ഞായറാഴ്ച സാമൂഹ്യ, സാംസ്കാരിക, സാമുദായിക സംഘടനകളുടെ കൂട്ടായ്മയില്‍ വിവിധ പരിപാടികളോടെ വിപുലമായി നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: