സ്യോള്‍: നൂറ് ഗോള്‍ഫ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത താരമായി ദിക്ഷ ദാഗര്‍. കൊറിയയില്‍ ഇന്നലെ ആരംഭിച്ച ആരാംകോ ടീം സീരീസ് 2024 ലേഡീസ് യൂറോപ്യന്‍ ടൂറി(എല്‍ഇടി)ലാണ് താരം നൂറാമതായി പങ്കെടുത്തിരിക്കുന്നത്.
23കാരിയായ ദിക്ഷ 2019ലാണ് എല്‍ഇടിയില്‍ അരങ്ങേറ്റം കുറിച്ചത്. അക്കൊല്ലം ദക്ഷിണാഫ്രിക്കന്‍ വനിതാ ഓപ്പണ്‍ ഗോള്‍ഫ് ടൈറ്റില്‍ സ്വന്തമാക്കിയാണ് താരം വരവറിയിച്ചത്. താരത്തിന്റെ മറ്റൊരു എല്‍ഇടി കിരീട നേട്ടം കഴിഞ്ഞ വര്‍ഷം ചെക്ക് ലേഡീസ് ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയതാണ്. 2021ല്‍ ലണ്ടനില്‍ നടന്ന ആരാംകോ ടീം സീരീസില്‍ ടീം ഇനത്തില്‍ ജേതാക്കളായ സംഘത്തില്‍ ദിക്ഷ ദാഗറും ഉണ്ടായിരുന്നു. ഒലിവിയ കോവന്, സറീന സ്കിമിദ്റ്റ് എന്നിവര്‍ക്കൊപ്പം ടീം കോവനിലാണ് ദിക്ഷ അന്ന് മത്സരിച്ചത്.
കൊറിയയില്‍ ഇക്കുറി ദിക്ഷയ്ക്കൊപ്പം രണ്ട് ഭാരത താരങ്ങള്‍ കൂടി മത്സരിക്കുന്നുണ്ട്. പ്രണവി ഉഴ്സ്, വാണി കപൂര്‍ എന്നിവരാണ് മത്സരിക്കുന്നത്. ടീം ഇനത്തില്‍ ഈ രണ്ട് താരങ്ങളും സിംഗപ്പൂരിന്റെ ഷന്നോന്‍ ടാനിന് കീഴിലാണ് ഇറങ്ങുക. ദിക്ഷ നയിക്കുന്ന ടീം ഇനത്തില്‍ ഷീസിയന് താരം തെരേസ മെലേക്കയും കൊറിയയുടെ ദൊ യീന്‍ പാര്‍ക് എന്നിവര്‍ ഉള്‍പ്പെടുന്നു.
ശ്രവണ വൈകല്യമുള്ളവര്‍ക്കായുള്ള ഡീഫ്ലിംപിക്സില് ദിക്ഷ ദാഗര്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ രണ്ട് തവണ മെഡലുകള്‍ നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സില്‍ അദിതി അശോകിനൊപ്പം ദിക്ഷ ദാഗറും പങ്കെടുത്തിരുന്നു. ലോകത്ത് ഡിഫ് ലിംപിക്സിലും ഒളിംപിക്സിലും പങ്കെടുക്കാന്‍ സാധിച്ച ഏക താരമാണ് ദിക്ഷ ദാഗര്‍. ഒളിംപിക് ഗോള്‍ഫ് റാങ്കിങ്ങില്‍ 37-ാം സ്ഥാനത്തോടെ ദിക്ഷ പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കാനിരിക്കുന്നത്. 60-ാം റാങ്ക് വരെയുള്ളവര്‍ക്കാണ് ഒളിംപിക്സില്‍ പങ്കെടുക്കാനാകുക. 25-ാം സ്ഥാനത്തുള്ള അദിതി അശോക് ആണ് മുന്നിലുള്ള ഭാരത താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: