ഹൈദരാബാദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനങ്ങള്‍ എത്തിയത്. പത്തോളം വിമാനങ്ങളിലായി 3000ലേറെ ഇന്ത്യന്‍ ഹാജിമാരാണ് ഇന്നലെ മദീനയിലെത്തിയത്.
ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കമായി. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21 നാണ്.
ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര് സ്വകാര്യ ഗ്രൂപ്പിലുമാണ് എത്തുക. മദീനയില്‍ ഇറങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് മടങ്ങും.
18,019 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ കേരളത്തില്‍ നിന്നെത്തുക. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാകും. കൊച്ചിയില്‍ നിന്നുള്ളത് 26നും കണ്ണൂരില്‍നിന്നുള്ളത് ജൂണ്‍ ഒന്നിനും പുറപ്പെടും. ഇവര്‍ക്ക് ഹജ്ജ് കഴിഞ്ഞാകും മദീന സന്ദര്‍ശനം.
അതേസമയം കഴിഞ്ഞ 10 വർഷമായി ഹജ്ജ് കർമ്മം സുഗമമാക്കാൻ നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. പുരുഷ സഹയാത്രികൻ ഇല്ലാതെ തീർത്ഥാടനത്തിന് പോകാൻ സ്ത്രീകൾക്കുള്ള അനുമതി ( മെഹ്റം) എടുത്ത് പറയേണ്ടതാണ്. ഇതുകൂടാതെ അപേക്ഷ നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ്ഡ് ചെയ്തതോടെ സുതാര്യത ഉറപ്പ് വരുത്താനും സാധിച്ചു. ഇന്ത്യൻ തീർത്ഥാടകർക്കുള്ള ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ “ഇ-മസിഹ” എന്നപേരിൽ ഡിജിറ്റൽ ഹെൽത്ത് കാർഡും ഏർപ്പെടുത്തി. ഒപ്പം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ പോർട്ടലിനും കേന്ദ്രസർക്കാർ തുടക്കമിട്ടു.
ക്ലേശമില്ലാത്ത ഹജ്ജ് യാത്ര ഉറപ്പ് വരുത്താൻ മാർച്ച് മാസത്തിലാണ് ഹജ്ജ് സുവിധ ആപ്പ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയത്. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ഹജ്ജ് സുവിധ ആപ്പ് വഴി ലഭ്യമാകും.
ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരെ അയക്കുന്നത് ഇന്ത്യയാണ്. 2023-ൽ 1.40 ലക്ഷത്തിലധികം പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിച്ചത്. 2022 നെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണ് തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: