ബെംഗളൂരു: വേനല്‍ചൂടിന് എന്നും ആശ്വാസവും മാധുര്യവും, അവധിക്കാലമായതിനാല്‍ കുട്ടികള്‍ക്ക് ഉന്മേഷവും ആശ്വാസവും പകര്‍ന്നു നല്കുന്ന പ്രകൃതിയുടെ വരദാനമാണല്ലോ മാമ്പഴം. മാമ്പഴമില്ലാത്ത വേനല്‍ക്കാലം അപൂര്‍ണ്ണമാണ്. എന്താണ് മാമ്പഴക്കാലത്തെക്കുറിച്ച് ഇത്ര പറയാനെന്നല്ലേ…
മാമ്പഴമേളകളില് ഏറ്റവും ശ്രദ്ധേയവും വൈവിധ്യങ്ങളായ മാമ്പഴങ്ങളാല്‍ സമൃദ്ധവുമാണ് ബാംഗ്ലൂരിലെ ലാല്‍ബാഗില്‍ വര്‍ഷം തോറും നടന്നുവരാറുള്ള മാമ്പഴമേള. മാമ്പഴങ്ങളിലെ രാജാവും രാഞ്ജിയും ഒക്കെ എത്താറുള്ള ലാല്‍ബാഗില്‍ ഇത്തവണയും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെയ് 23ന് മാമ്പഴമേള ആരംഭിക്കും. കര്‍ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന് ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎല്‍) നേതൃത്വത്തിലാണ് മേള നടക്കുന്നത്.
മൂന്നാഴ്ചത്തേക്ക് മേള സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കര്‍ണാടകയില്‍ നിന്നായി നൂറിലധികം കര്‍ഷകര്‍ മേളയില്‍ പങ്കെടുക്കും. മേളയില്‍ 50 ഓളം മാമ്പഴ സ്റ്റാളുകളും 15 ചക്ക സ്റ്റാളുകളും ഒരുക്കും. ഇത്തവണ സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും നല്ല നിലവാരമുള്ള മാമ്പഴം മേളയില്‍ ലഭ്യമാകുമെന്ന് കെഎസ്എംഡിഎംസിഎല്‍ മാനേജിങ് ഡയറക്ടര്‍ സി.ജി.നാഗരാജു പറഞ്ഞു.
2023ല്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് (ജിഐ) ടാഗ് നേടിയ ഉത്തര കന്നഡയിലെ അങ്കോളയില്‍ നിന്നുള്ള മാമ്പഴ ഇനമായ കാരി ഇഷാദ് മേളയില്‍ ലഭ്യമാക്കും.
കൊപ്പാളില്‍ നിന്നുള്ള കേസര്‍, ചിത്രദുര്‍ഗയില്‍ നിന്നുള്ള ബാദാമി, തുമകുരു, കോലാര്‍, രാമനഗര, ചിക്കബല്ലാപ്പൂര്‍, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ രസപുരി, തോതാപുരി തുടങ്ങിയ ഇനങ്ങള്‍ വില്പനക്കെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: