മാഡ്രിഡ്: ജയമുറപ്പിച്ച് നിന്ന ബയേണിന്റെ നെഞ്ചില്‍ തീയുണ്ട കണക്കെ നാല് മിനിറ്റുകൊണ്ട് രണ്ട് ഗോളുകള്‍ അടിച്ചുകയറ്റി ഹൊസേലു റയല്‍ മാഡ്രിഡിനെ യുവെഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചു. കളിയുടെ 87-ാം മിനിറ്റ് വരെ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു ബയേണ്‍. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്പാനിഷ് സ്ട്രൈക്കര്‍ ഹൊസേലു റയലിനായി സമനിലഗോള്‍ കണ്ടെത്തി. തീര്‍ന്നില്ല ബയേണ്‍ ഗോള്‍ മുഖത്തേക്കുള്ള റയലിന്റെ അടുത്ത മുന്നേറ്റവും ഗോളില്‍ കലാശിച്ചു. ഇന്‍ജുറി ടൈമിലേക്ക് കടന്ന സെക്കന്ഡുകളില് റയല്‍ നടത്തിയ പ്രസ്സിങ് ഗെയിമിനൊടുവില്‍ നിറയൊഴിച്ചത് ഹൊസേലു തന്നെ. ഗോള്‍ വീണ നിമിഷം തന്നെ ബയേണ്‍ താരങ്ങള്‍ ഓഫ്സൈഡിനായി അപ്പീല്‍ മുഴക്കി. വാര് പരിശോധനയില്‍ ഗോളെന്നു വിധി വന്നു. മത്സരം 2-1ന് സ്വന്തമാക്കി റയല്‍ ഫൈനല്‍ ടിക്കറ്റെടുത്തു.
മ്യൂണിക്കില്‍ നടന്ന ആദ്യപാദ സെമിയില്‍ ഇരു ടീമുകളും രണ്ട് വീതും ഗോളുകള്‍ നേടിയ സമനല പാലിച്ചിരുന്നു. ഇന്നലത്തെ മത്സരഫലവും ചേര്‍ത്ത് മൊത്തം ഗോള്‍ നേട്ടം 4-3നാണ് റയല്‍ വിജയിച്ചത്.
രണ്ടാംപാദത്തില്‍ രണ്ട് ടീമുകളും ഒന്നിനൊന്ന് മെച്ചമെന്ന തരത്തിലാണ് പൊരുതിയത്. ഗോളെന്നുറച്ച പല ഷോട്ടുകളും ഉതിര്‍ത്തെങ്കിലും ആദ്യ പകുതിയില്‍ ആരുടെ പേരിലും ഗോള്‍ വീണില്ല. രണ്ടാം പകുതി പുരോഗമിക്കവെ ബയേണ്‍ ലീഡ് ചെയ്തു. പല ശ്രമങ്ങള്‍ക്കൊടുവില്‍ ഹാരി കെയ്ന്‍ നീട്ടി നല്കിയ പാസുമായി ഇടത് ഭാഗത്ത് നിന്ന് ബോക്സിലേക്ക് കുതിച്ചു കയറിയ പ്രതിരോധതാരം അല്‍ഫോന്‍സോ ഡേവിസ് ഇടത് വശത്ത് നിന്ന് തൊടുത്തൊരു ഉഗ്രന്‍ ലോങ് റേഞ്ചറിന് എതിരുണ്ടായില്ല. ബയേണ്‍ ആഘോഷത്തിലായി. തൊട്ടുപിന്നാലെ റയല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ഓഫ് സൈഡ് ആയിരുന്നു.
ഇരുവശത്തേക്കും പിന്നെയും താരങ്ങള്‍ പലകുറി മുന്നേറി. രണ്ട് ടീമുകളുടെയും ഗോളിമാര്‍ക്കും പ്രതിരോധക്കാര്‍ക്കും നന്നായി വിയര്‍ത്തു. പക്ഷെ പിന്നീട് സ്കോര്‍ ചെയ്തത് റയല്‍ മാത്രം. ഗോള്‍ നേടുന്നതിന് ആറ് മിനിറ്റ് മുമ്പ് മാത്രമാണ് ആന്‍സെലോട്ടി പകരക്കാരനായി ഹൊസേലുവിനെ കളത്തിലിറക്കിയത്. വാല്‍വെര്‍ദെയെ പിന്‍വലിച്ചായിരുന്നു കോച്ചിന്റെ നീക്കം. പക്ഷെ അതിവേഗം ഫലം കണ്ടു. പിന്നെയും ഗോള്‍ നേടിയ ഹൊസേലു സാന്റിയാഗോ ബെര്‍ണബ്യൂവിലെ ഇന്നലത്തെ ദിനം തന്റേതാക്കി മാറ്റി. രണ്ട് ഗോളുകള്‍ നേടി റയല്‍ മുന്നിലെത്തിയ ഇന്‍ജുറി ടൈമില്‍ ബയേണ്‍ തിരിച്ചടിച്ചതാണ്. പക്ഷെ ഓഫ്സൈഡായിരുന്നു. ഇന്‍ജുറി ടൈം 14 മിനിറ്റോളം നീണ്ടു. പക്ഷെ ബയേണിന് തിരിച്ചടിക്കാനായില്ല. നാല് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താമെന്ന ജര്‍മന്‍ ടീമിന്റെ മോഹം പൊലിഞ്ഞു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് റയല്‍ ഫൈനലിലെത്തുന്നച്. 2022ല്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ 14-ാം കിരീടം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീം ആണ് റയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: