പെരുമ്പാവൂർ : പതിനാറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മാറമ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഒഡീഷ്യയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് വിൽപ്പനയ്ക്കായി പെരുമ്പാവൂർ ഭാഗത്തേക്ക് വരുന്ന വഴിയാണ് കസ്റ്റഡിയിലെടുത്തത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. രണ്ട് ബാഗുകളിലായിട്ടാണ് കഞ്ചാവ് കടത്തിയത്. രണ്ടു കിലോ വീതമുള്ള 8 പായ്ക്കറ്റാണുണ്ടായിരുന്നത്. ഹോട്ടൽത്തൊഴിലാളിയായ ഇയാൾ അതിഥിത്തൊഴികൾക്കിടയിൽ വിൽപ്പന നടത്താനാണ് കൊണ്ടുവന്നത്.
ഇതിന് മുമ്പ് കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നു. പെരുമ്പാവൂരിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രത്യേക അന്വേഷണസംഘം നാല് കിലോ കഞ്ചാവും 50 ഗ്രാം ഹെറോയിനും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും , മയക്കുമരുന്നും പിടികൂടിയിരുന്നു.
എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായടോണി ജെ മറ്റം,റെജി മോൻ , എ.എസ്.ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എഅഫ്സൽ, സിപിഒ മാരായ കെ.എ അഭിലാഷ് , ബെന്നി ഐസക് ,മുഹമ്മദ് ഷാൻ തുടങ്ങിയവരാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: