പ്രദീപ്കുമാര്‍ വല്ല്യാപ്പള്ളി
(അസി. മാനേജര്‍, ഗുരുവായൂര്‍ ക്ഷേത്രം)
9249750054.
ഒട്ടനവധി പുണ്യദിനങ്ങളുമായി വൈശാഖ മാസത്തിന് ഇന്ന് തുടക്കമാകും. വൈഷ്ണവ ക്ഷേത്രദര്‍ശനത്തിന് ഏറ്റവും മഹത്തരവും മഹനീയവുമാണ് പുണ്യം നിറഞ്ഞു തുളുമ്പുന്ന വൈശാഖ മാസം. വിഷ്ണുഭക്തര്‍ക്ക് സര്‍വ്വ മാസങ്ങളിലും ശ്രേഷ്ഠമാണ് വൈശാഖം. ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈശാഖ മാസത്തില്‍ നടത്തുന്ന ദര്‍ശനം അതി വിശേഷമാണ്. ഒരു ജന്മസാഫല്ല്യമാണ് ഓരോ ഭക്തനും ഇതിലൂടെ അനുഭവിച്ചറിയുന്നത്. അതുകൊണ്ടുതന്നെ, ഭജഗോവിന്ദം കേള്‍ക്കുന്ന ഗുരുവായൂരമ്പലത്തില്‍, ഭക്തകോടികള്‍ക്ക് ദര്‍ശനമേകാന്‍ കാത്തിരിയ്ക്കുകയാണ് ഭൂലോക വൈകുണ്ഠനാഥനായ ശ്രീഗുരുവായൂരപ്പന്.
വൈശാഖത്തില്‍ വൈഷ്ണവ ക്ഷേത്രദര്‍ശനം മഹാഭാഗ്യമായി പരിണമിയ്ക്കുമ്പോള്‍, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം അതിവിശേഷമായാണ് കണക്കാക്കുന്നത്. മേട മാസത്തിലെ കറുത്ത വാവിന്റെ അടുത്ത ദിവസം മുതല്‍, ഇടവ മാസത്തിലെ കറുത്ത വാവു ദിവസം വരെ നീണ്ടുനില്‍ക്കുന്ന വൈശാഖ ദിനങ്ങളില്‍ ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനത്തിനും സല്ക്കര്മ്മ പ്രവര്‍ത്തികള്‍ക്കും അതിവിശേഷമായി ഗണിച്ചിരിയ്ക്കുന്നു. സല്ക്കര്മ്മങ്ങള്ക്ക് ഇരട്ടി ഫലം നല്കുന്ന മാസമായും വൈശാഖത്തെ വിശേഷിപ്പിയ്ക്കുന്നു. ശ്രുതികളും, സ്മൃതികളും, ഇതിഹാസങ്ങളും, പുരാണങ്ങളും, വേദാന്തങ്ങളുമൊക്കെതന്നെ ഈ പുണ്യമാസത്തെ അതി പ്രാധാന്യത്തോടേയാണ് വര്ണ്ണിയ്ക്കുന്നത്.
ഈ സുദിനങ്ങളില്‍, അതിഥിയെ ദേവനായി സങ്കല്‍പ്പിച്ച് സ്വീകരിയ്ക്കണമെന്ന് ഭഗവാന് അരുള്‍ചെയ്തിരിയ്ക്കുന്നു. മഹാവിഷ്ണു വൈകുണ്ഠം വിട്ട് ഓരോ ഭക്തനേയും നേരില്‍കാണാന്‍ വേഷപ്രച്ഛന്നനായി സമീപിയ്ക്കുന്നതും ഈ പുണ്യമാസത്തിലാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വീട്ടിലെത്തുന്ന അതിഥിയെ ദേവനായി സങ്കല്‍പ്പിച്ച് ഉപചാരപൂര്‍വ്വം ‘അതിഥി ദേവോ ഭവ:” എന്ന സങ്കല്പ്പത്തോടെ സ്വീകരിച്ചിരുത്തണമെന്നു പുരാണങ്ങള്‍ അടിവരയിട്ട് പറയുന്നു. മാത്രമല്ല, അതിഥിയ്ക്ക് പഴവര്ഗ്ഗങ്ങളുള്പ്പടെ ഭക്ഷണം, വസ്ത്രം, ധനം തുടങ്ങിയവ നല്‍കിവേണം യാത്രയയ്ക്കാനെന്നും പുരാണങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്നു. അതുകൊണ്ടത്രെ, വൈശാഖ മാസത്തില്‍ വീട്ടിലെത്തുന്ന അതിഥിയെ ദേവനായി സങ്കല്‍പ്പിച്ച് സല്‍ക്കാരം നടത്തി പറഞ്ഞയയ്ക്കണമെന്ന് വേദാന്തങ്ങള്‍ പഠിപ്പി്ക്കുന്നതും. ദാനധര്‍മ്മങ്ങള്‍ക്കും, ഈശ്വരചിന്തക്കും സദ്പ്രവൃത്തിക്കും വൈകുണ്ഠനാഥന് തക്ക പ്രതിഫലം നല്‍കുമെന്ന് വിശ്വസിച്ചുവരുന്നു.
27 പുണ്യദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ പുണ്യ മാസത്തില്‍ ഒട്ടേറെ മഹത്തരമായ ദിവസങ്ങളും വന്നുചേര്‍ന്നത് ആത്മീയതയ്ക്ക് നിറപ്പകിട്ടേകുകയാണ്. സകല വിജ്ഞനത്തിന്റേയും ഏഴാകാശം കീഴടക്കിയ ഭാരതപുത്രന് ആദിശങ്കരന്റെ ജന്മദിനമായ ശങ്കര ജയന്തി, ബലരാമ അവതാര സുദിനമായ അക്ഷയതൃതീയ, നരസിംഹ ജയന്തി, പരശുരാമ ജയന്തി, ദത്താത്രേയ ജയന്തി, ബുദ്ധപൂര്‍ണ്ണിമ തുടങ്ങി ഒട്ടേറെ വിശേഷ ദിനങ്ങളാല്‍ സമ്പന്നമാണ് വൈശാഖ പുണ്യമാസം. വൈശാഖത്തില്‍ ഉപവാസ സമാനമായ ലളിത ജീവിതം നയിയ്ക്കണമെന്ന് സ്കന്ദപുരാണം പറയുന്നു. അക്ഷയതൃതീയ, ശുക്ലപക്ഷ ദ്വാദശി, പൗര്‍ണ്ണമി എന്നീ മൂന്ന് ദിനങ്ങളില്‍ വ്രതം അനുഷ്ഠിച്ചാല്‍ വൈശാഖം മുഴുവന്‍ വ്രതം അനുഷ്ഠിച്ചതിന് തുല്ല്യമാണെന്നും പുരാണങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ന് ആരംഭിയ്ക്കുന്ന വൈശാഖമാസം ജൂണ്‍ 6 വരെ നീളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സങ്കീര്‍ണ്ണമായ താന്ത്രിക-പൂജാവിധികള്‍ വൈശാഖത്തില്‍ മാറ്റമില്ലാതെ തുടരുമെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ വളരെയധികം പ്രകീര്‍ത്തിയ്ക്കപ്പെടുന്നു. ഇന്നുമുതല്‍ ഗുരുവായൂരില്‍ ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമാകും. ഈ ഭാഗവത സപ്താഹ യജ്ഞത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഞ്ഞം, മേലേടം, തട്ടയൂര്‍, തോട്ടം എന്നീ നാല് ഇല്ലങ്ങളിലെ ആചാര്യന്മാര് തുടങ്ങി വെച്ച ഭാഗവത സപ്താഹങ്ങള്‍ അവരുടെ പിന്മുറക്കാരും, ശിഷ്യരും വളരെ വിപുലമായി ഇപ്പോഴും പിന്തുടര്ന്ന് വരികയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍.. ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ ഭക്തജന ബാഹുല്ല്യം അനുഭവപ്പെടുതു വൈശാഖ മാസത്തിലും, മണ്ഡല കാലത്തുമാണ്. അക്കാരണത്താല്‍തന്നെ വഴിപാടിലും ഇക്കാലയളവില്‍ വന്‍ വര്‍ദ്ധനയാണ് ക്ഷേത്രത്തില്‍. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ദേവസ്വം വകയായി മഹാപണ്ഡിതരുടെ ആധ്യാത്മിക പ്രഭാഷണത്തിനും ഇന്ന് തുടക്കമാകും.
അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഓരോഭക്തനും ആത്മസംതൃപ്തിയോടെ ദര്‍ശനം നടത്തി മടങ്ങാനുള്ള എല്ലാഒരുക്കങ്ങളും ദേവസ്വം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശ്രീഗുരുവായൂരപ്പന്റെ ‘ഇഷ്ടസഖി’യെന്ന് വിശേഷിപ്പിയ്ക്കുന്ന അഷ്ടപദി സംഗീതോത്സവവും കൂടിയാകുമ്പോള്‍, വൈശാഖമാസം തികച്ചും ആത്മനിര്‍വൃതിയില്‍ അമരും. ഓരോഭക്തനും വൈശാഖപുണ്യം നുകര്‍ന്ന് ഭഗവദ് ദര്‍ശനവും കഴിഞ്ഞ് ഭൂലോക വൈകുണ്ഠത്തില്‍ നിന്നും ആനന്ദക്കണ്ണീരോടെ സ്വഭവനങ്ങളിലേയ്ക്ക് മടങ്ങുന്നത് ഭഗവദ് പ്രസാദമായ പ്രസാദ ഊട്ടും കഴിച്ച് പൂര്‍ണ്ണ സംതൃപ്തിയോടേയാകും.
മഞ്ഞപ്പട്ടാട ചുറ്റി, മണിവേണു കൈയിലേന്തി, തൂമന്ദഹാസം പൊഴിയുന്ന പൊന്നുണ്ണിക്കണ്ണന് കാത്തിരിയ്ക്കുകയാണ് തന്റെ ഓരോ സതീര്‍ത്ഥ്യനേയും ഈ വൈശാഖ പുണ്യദിനങ്ങളില്‍. മാധവനാണ് ശ്രീകൃഷ്ണന്. മാധവമാസമാണ് വൈശാഖ പുണ്യമാസം. ”ഗുരുപവനപുരെ ഹന്ത ഭാഗ്യം ജനാനാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: