കുറച്ചേറെ നാളുകളായി ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സമയം കണ്ടെത്തുകയാണ് മോഹൻലാൽ. കഴിഞ്ഞ മാസം കുടജാദ്രിയിലും തിരുവണ്ണാമലയിലും തിരുപ്പതിയിലെ തിരുമാല ക്ഷേത്രത്തിലുമെല്ലാം മോഹൻലാൽ സന്ദർശനം നടത്തിയിരുന്നു.
ഇപ്പോഴിതാ, കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ മോഹൻലാലിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബുധനാഴ്ച പുലർച്ചെ ആറു മണിയോടെയാണ് മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം ഭാരവാഹികളും ജീവനക്കാരും താരത്തെ സ്വീകരിച്ചു.
മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രത്യേക വഴിപാടായ മറിക്കൊത്തലും നടത്തിയാണ് മോഹൻലാൽ മടങ്ങിയത്. ദോഷങ്ങളും മർഗ തടസങ്ങളും അകറ്റാനുള്ള വഴിപാടാണിത്. ജീവിതവിഘ്നങ്ങളെ മറികടക്കാനായി, നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തൽ അഥവാ മറിസ്തംഭം നീക്കല്‍.
കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ. മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുൺ മൂർത്തി ചിത്രവും മോഹൻലാലിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്.
എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. ബിഗ് ബോസ് മലയാളം സീസൺ ആറിന്റ അവതാരകനും മോഹൻലാലാണ്. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് റിലീസിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: