യുഎസിലെ ഡോളര്‍ പ്രതിസന്ധി തുടരുന്നത് ഇന്ത്യയുടെ ഓഹരി വിപണി ഉയരുന്നതിന് വിലങ്ങു തടിയാകുന്നു. ഇന്ത്യയുടെ മാത്രമല്ല, മിക്ക ഏഷ്യന്‍ ഓഹരി വിപണികളും ബുധനാഴ്ച തകര്‍ച്ചയെ നേരിടുകയായിരുന്നു. മാത്രമല്ല, ഓഹരി വിപണി കൃത്യമായി ഒരു ദിശ കാണിക്കാത്തത് നിക്ഷേപകരെ വലയ്‌ക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നേട്ടുണ്ടാക്കിയ ശേഷം കഴിഞ്ഞ രണ്ട് ദിവസം വന്‍തോതില്‍ നഷ്മമുണ്ടാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച കയറ്റമോ ഇറക്കമോ എന്ന വ്യക്തമായ സൂചന വിപണി നല്കിയില്ല. കയറിയും ഇറങ്ങിയും അത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി.
ഏഷ്യന്‍ ഓഹരി വിപണി നഷ്ടത്തില്‍
ചൈനയുടെയും ജപ്പാന്റെയും ഓഹരി വിപണികള്‍ ബുധനാഴ്ച താഴ്ന്നു. ജപ്പാനിലെ വീഡിയോ ഗെയിമിംഗ് കമ്പനിയായ നിന്‍ടെന്‍ഡോയുടെ ബിസിനസ് ഫലം തിളക്കമല്ലാതായതോടെ അത് അവിടുത്തെ വിപണിയെ ബാധിച്ചു. ചൈനയുടെ ഓഹരി വിപണിയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേട്ടമുണ്ടാക്കിയ ശേഷം ബുധനാഴ്ച നേരിയ നഷ്ടം രേഖപ്പെടുത്തി.
യെന്നും യുവാനും ഇടിഞ്ഞപ്പോഴും പിടിച്ച് നിന്ന് ഇന്ത്യന്‍ രൂപ
കഴിഞ്ഞ 34 വര്‍ഷത്തേതിനേക്കാള്‍ മൂല്യം കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയ യെന്‍ എന്ന കറന്‍സിയെ രക്ഷപ്പെടുത്താന്‍ ജപ്പാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായ ദിവസമായിരുന്നു ബുധനാഴ്ച. അന്ന് വീണ്ടും യെന്‍ എന്ന കറന്‍സിയുടെ മൂല്യം കൂപ്പുകുത്തി. ചൈനയുടെ കറന്‍സിയായ യുവാനും ഡോളറുമായുള്ള വിനിമയനിരക്കില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേ സമയം ഇന്ത്യന്‍ രൂപ വലിയ വീഴ്ച വരുത്താതെ ഡോളറിനോട് പിടിച്ച് നിന്നു. ഇതിന് കാരണം ഫിച്ചിന്റെ രൂപയ്‌ക്ക് അനൂകലമായ റിപ്പോര്‍ട്ടായിരുന്നു.
ഷീ ജിന്‍പിങ്ങിന്റെ യൂറോപ്പ് സന്ദര്‍ശനം
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെ യൂറോപ്പ് സന്ദര്‍ശനത്തിലാണ് ലോക വിപണി കണ്ണുനട്ടിരിക്കുന്നത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളുമായി ഫലപ്രദമായ കച്ചവടക്കരാറുകളിലേക്ക് നയിക്കുമോ? ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരായ ആണവ യുദ്ധത്തെ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ ഉറ്റ ചങ്ങാതിയായ ചൈനയുടെ നേതാവ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്. ഇത് അമേരിക്കയും ഉറ്റുനോക്കുകയാണ്. അതേ സമയം ചൈനയുടെ യുഎസും തമ്മിലുള്ള ഉരസല്‍ പാരമ്യത്തിലാണ്. ക്വാല്‍കോമില്‍ നിന്നും ഇന്‍റലില്‍ നിന്നും സെമികണ്ടക്ടര്‍ വാങ്ങുന്നതില്‍ നിന്നും ചൈനയുടെ ടെലികോം കമ്പനിയായ ഹ്വാവേയെ വിലക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും എന്താണ് ചൈനയുടെ ഭാവിയെന്ന് കാത്തിരുന്ന് കാണാം.
സെന്‍സെക്സ് 45 പോയിന്‍റ് നഷ്ടത്തില്‍
എന്തായാലും സെന്‍സെക്സ് 45 പോയിന്‍റ് മാത്രമാണ് നഷ്ടം വരുത്തിയത്. ഇപ്പോള്‍ 73,466 പോയിന്‍റിലാണ് അവസാനിച്ചത്. അത് ഒരു ഘട്ടത്തില്‍ 73,684 പോയിന്‍റ് വരെ ഉയരുകയും 73,073 പോയിന്‍റ് വരെ താഴുകയും ചെയ്തിരുന്നു. നിഫ്റ്റിയും അല്‍പം താഴ്ന്ന് 22,302 പോയിന്‍റില്‍ നില്‍ക്കുന്നു. അത് 22,368 പോയിന്‍റ് വരെ ഉയരുകയും 22,185 പോയിന്‍റ് വരെ താഴുകയും ചെയ്തിരുന്നു.
ഏഷ്യന്‍ പെയിന്‍റ്സ്, അള്‍ട്രാടെക് സിമന്‍റ്സ്, എഡിഎഫ്സി ബാങ്ക് നഷ്ടത്തില്‍
ഏഷ്യന്‍ പെയിന്‍റ്സ്, അള്‍ട്രാടെക് സിമന്‍റ്സ്, എഡിഎഫ്സി ബാങ്ക്, എച്ച് സിഎല്‍ ടെക് , ഡോ. റെഡ്ഡീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഹരിവില താഴ്ന്നു. ബുധനാഴ്ച മിഡ് ക്യാപുകളും സ്മാള്‍ ക്യാപുകളും നേരിയ തോതില്‍ നേട്ടം കൈവരിച്ചു.
വിവിധ ബിസിനസ് മേഖലകള്‍ പരിശോധിച്ചാല്‍, ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങള്‍, ഐടി, ഉപഭോക്തൃഉല്‍പന്ന രംഗം, ഹെല്‍ത്ത് കെയര്‍ എന്നിവ നഷ്ടം രേഖപ്പെടുത്തി. അതേ സമയം, ഓയില്‍ ആന്‍റ് ഗ്യാസ്, മെറ്റല്‍, മീഡിയ, ഓട്ടോ, എഫ് എംസിജി, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവ നേട്ടമുണ്ടാക്കി.
നേട്ടമുണ്ടാക്കി ബാലാജി അമീന്‍സ്, ബജാജ് ഓട്ടോ, ഭാരത് ഫോര്‍ജ്
ബാലാജി അമീന്‍സ്, ബജാജ് ഓട്ടോ, ഭാരത് ഫോര്‍ജ് എന്നീ കമ്പനികള്‍ മികച്ച സാമ്പത്തിക പാദ ഫലങ്ങള്‍ പുറത്തുവിട്ടതിന്റെ അടിസ്ഥനാത്തില്‍ നേട്ടമുണ്ടാക്കി. ബാലാജി അമീന്‍സ് ഓഹരി പത്ത് ശതമാനം ഉയര്‍ന്നപ്പോള്‍ , ഭാരത് ഫോര്‍ജ് ഓഹരി 15.7 ശതമാനം ഉയര്‍ന്നു. ബജാജ് ഓട്ടോ 2.5 ശതമാനം നേട്ടമുണ്ടാക്കി
നേട്ടമുണ്ടാക്കിയിട്ടും കൂപ്പുകുത്തി കാനറ ബാങ്ക്
നാലാം സാമ്പത്തിക പാദത്തില്‍ 19 ശതമാനം ലാഭമുണ്ടാക്കിയിട്ടും കാനറബാങ്കിന്റെ ഓഹരികള്‍ നഷ്ടമുണ്ടാക്കി. 18.75 രൂപ ഇടിഞ്ഞ് 558 രൂപയില്‍ ഓഹരി താഴേക്ക് വീണു. വാസ്തവത്തില്‍ കിട്ടാക്കടം വരെ കുറച്ചിട്ടും ബുധനാഴ്ചത്തെ ഇടിവില്‍ കാനറ ബാങ്കും നിലം പൊത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: