കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തെന്ന വിവാദത്തിന് പിന്നാലെ പ്രദേശിക കോണ്‍ഗ്രസ് നേതാവ് പ്രമോദ് പെരിയക്കെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രമോദിനെ നീക്കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പെരിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. ഇന്നലെ പെരിയയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
വരന് ഡോ. ആനന്ദ് കൃഷ്ണന് ക്ഷണിച്ചിട്ടാണ് താന്‍ കല്യാണത്തില്‍ പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വിശദീകരിച്ചു. ജില്ലയില്‍ സിപിഎമ്മിനെതിരെ പെരിയ കൊലപാതകം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് പ്രമോദ് പെരിയ.
2019 ഫിബ്രവരി 17നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര് ജയിലിലാണ്. സിപിഎം നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: