ന്യൂഡല്‍ഹി: ഗർഭിണി എന്ന പദം നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി. സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നൻ്റ് വുമൺ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥം വരുന്ന പ്രഗ്നൻ്റ് പേർസൺ എന്ന പദം ഉപയോഗിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ലിംഗഭേദം തിരിച്ചറിയാൻ ലിംഗ-നിഷ്പക്ഷ പദാവലി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ തീരുമാനം.
നോണ്‍ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തില്‍ പ്രഗ്നൻ്റ് പേർസണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടത്.
14വയസുള്ള പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നൻ്റ് പേർസണ്‍ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്.
പതിനാല് വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച് സുപ്രീം കോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അതിജീവിതയായ 14 കാരിക്ക് ഗർഭം അലസിപ്പിച്ചാല് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് രക്ഷിതാക്കളാണ് ഹർജി സമർപ്പിച്ചത്. ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഏപ്രില്‍ 22 ന് ഇതേ കേസില്‍ വാദം കേട്ട കോടതി, അത്യപൂർവമായ സംഭവമെന്ന് വിലയിരുത്തിക്കൊണ്ടാണ് അതിജീവിതയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച് ഗർഭം അലസിപ്പിക്കാൻ ഉത്തരവിട്ടത്. മുംബൈയിലെ ലോകമാന്യ തിരക് മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയിലെ ഡീനിന്റെ വൈദ്യ പരിശോധനാ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായ ഗർഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി ഗർഭം അലസിപ്പിക്കാൻ ഉത്തരവിട്ടത്.
എന്നാൽ പിന്നീട് ആശുപത്രി അധികൃതരാണ് ഉത്തരവിൽ വ്യക്തത തേടി സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്. അതിജീവിതയുടെ അമ്മയുടെ മനസ് മാറിയെന്നും 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത് അതിജീവിതയ്ക്കുണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽ അമ്മ വ്യാകുലപ്പെട്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ഡിവിഷൻ ബെഞ്ച് വീണ്ടും ആശുപത്രി അധികൃതരുമായി വിഷയത്തിൽ സംസാരിക്കുകയും മുൻ ഉത്തരവ് തിരുത്താൻ തീരുമാനിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: