പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
സിനിമാകുടുംബത്തിൽ നിന്നുമാണ് സംഗീത് ശിവന്റെ വരവ്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശിവന്റെ മകനാണ്.സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സഹോദരനാണ്. സംവിധായകനായ സഞ്ജീവ് ശിവനാണ് മറ്റൊരു സഹോദരൻ. 2021ൽ ആയിരുന്നു അച്ഛനായ ശിവൻ അന്തരിച്ചത്.
അച്ഛനും സഹോദരനുമാണ് സംഗീതിന്റെ ചലച്ചിത്ര ലോകത്തെ ഗുരുക്കന്മാർ. അച്ഛൻ ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടാണ് സംഗീത് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സഹോദരൻ സന്തോഷ് ശിവനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങി.
1990ൽ രഘുവരനേയും സുകുമാരനേയും പ്രധാന കഥാപാത്രങ്ങളാക്കി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് സംഗീതിന്റെ 27-ാം വയസ്സിലാണ് മോഹൻ ലാലിനെ നായകനാക്കി യോദ്ധ സംവിധാനം ചെയ്യുന്നത്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങൾ മലയാളത്തിൽ ഒരുക്കി.
മലയാളത്തിനപ്പുറത്തേക്കും വളർന്ന സംവിധായകനായിരുന്നു സംഗീത്. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രം ഒരുക്കികൊണ്ട് ബോളിവുഡിൽ എത്തി. രോമാഞ്ചം ഹിന്ദിയിൽ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് സംഗീതിന്റെ അപ്രതീക്ഷിത വിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: