ഗാന്ധി കുടുംബത്തിന്റെ കുത്തകമണ്ഡലമായ അമേഠിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാനില്ലാത്തത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അടിവേരിളകുന്നതിന്റെ ഏറ്റവും വലിയ ലക്ഷ്ണമായി രാഷ്ട്രീയ പണ്ഡിതര്‍ വിലയിരുത്തുന്നു. അമേഠി മണ്ഡലം ഏകദേശം ബിജെപി സ്വന്തമാക്കിയ മട്ടാണ്. ബിജെപിയുടെ ഗുജറാത്തിലെ അഹമ്മദാബാദ് (മോദിയുടെ കുത്തക മണ്ഡലം) ഗാന്ധി നഗര്‍ (ആദ്യം വാജ് പേയി, പിന്നീട് അദാനി, ഒടുവില്‍ അമിത് ഷാ) എന്നിവര്‍ കുത്തകയാക്കിയ മണ്ഡലം പോലെ ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലമായ അമേഠി ഇപ്പോള്‍ സ്മൃതി ഇറാനി സ്വന്തമാക്കിയിരിക്കുന്നു.
2014ല്‍ രാഹുല്‍ ഗാന്ധിയോട് തോറ്റ സ്മൃതി ഇറാനി 2019ല്‍ 55200 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ തോല്പിച്ചത് ഗാന്ധി കുടുംബത്തിന് വലിയ ഷോക്കായിരുന്നു. ഇനി ഒരു വട്ടം കൂടി പരാജയപ്പെട്ടാല്‍ ഗാന്ധി കുടുംബത്തിന്റെ അജയ്യത ചോദ്യം ചെയ്യപ്പെടും. ജനങ്ങള്‍ക്കിടയില്‍ വിലയില്ലാത്ത കുടുംബം എങ്ങിനെ ഒരു സ്വാതന്ത്ര്യസമരത്തോളം പഴക്കമുള്ള പാര്‍ട്ടിയെ കൊണ്ടുനടക്കും എന്ന ചോദ്യവും ഉയരും.
അമേഠിയുടെ ചരിത്രം
ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിന് വലിയ ചരിത്രമുണ്ട്. ഇന്ദിരാഗാന്ധി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്നത് ഇളയമകന് സഞ്ജയ് ഗാന്ധിയെയാണ്. പക്ഷെ 1980ലെ വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടു. മരിയ്ക്കുന്നതിന് ഏതാനും മാസങ്ങള്‍ മുന്‍പ് അമേഠി ലോക് സഭാ മണ്ഡലത്തില്‍ 1980ല്‍ നടന്ന മത്സരത്തില്‍ സഞ്ജയ് ഗാന്ധി വിജയിച്ചിരുന്നു. അതോടെ മകന് വേണ്ടി കരുതിവെച്ച അമേഠി മണ്ഡലത്തിലേക്ക് ഇന്ദിരാഗാന്ധി മൂത്ത മകന് രാജീവ് ഗാന്ധിയെകൊണ്ടുവന്നു. വാസ്തവത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്ക് ഇവിടെ നിന്ന് മത്സരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ മേനക ഗാന്ധിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി അനുവദിച്ചില്ല. മാത്രമല്ല, മേനകഗാന്ധിയുടെ പ്രായം 25 വയസ്സില്‍ താഴെയായിരുന്നു. അന്ന് ഇത്രയും പ്രായക്കുറവുള്ള ഒരാള്‍ക്ക് ലോക് സഭയില്‍ മത്സരിക്കാന്‍ കഴിയില്ലായിരുന്നു. തന്റെ ഭര്‍ത്താവിന്റെ സീറ്റ് ഭര്‍തൃമാതാവ് ഇന്ദിരാഗാന്ധി രാജീവ് ഗാന്ധിയ്ക്ക് നല്‍കുന്നത് മേനകാഗാന്ധി കണ്ടു. “തന്റെ ഭര്‍ത്താവിന്റെ സീറ്റ് ഭര്‍ത്താവിന്റെ ജ്യേഷ്ഠന് തട്ടിയെടുക്കുന്നതില്‍ മേനകാഗാന്ധിക്ക് അങ്ങേയറ്റം അതൃപ്തിയുണ്ടായിരുന്നു.”- റെഡ് സാരി എന്ന പുസ്തകത്തില്‍ സ്പാനിഷ് എഴുത്തുകാരന് ജാവിയര്‍ മോറോ എഴുതുന്നു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ത്താണ് അവിടെ രാജീവ് ഗാന്ധി 1981ല്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. അതിന് മുന്‍പ് ലഖ്നോവില്‍ നടന്ന ഒരു ചടങ്ങില്‍ താന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവുകയാണെന്ന് മേനകാഗാന്ധി പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധിയെ അസ്വസ്ഥയാക്കി. ഇതോടെ തന്റെ വീട്ടിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കണമെന്ന് ഇന്ദിരാഗാന്ധി ആഗ്രഹിച്ചു. തന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവാനും നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ വീട്ടില്‍ പോകണമെന്നും ഇന്ദിരാഗാന്ധി മേനകാഗാന്ധിയോട് ആക്രോശിക്കുകയായിരുന്നു. അന്ന് രണ്ട് വയസ്സുകാരനായ വരുണ്‍ഗാന്ധിയെയും കയ്യിലെടുത്ത് മേനകാഗാന്ധി വീട് വിട്ട് പോയി. പുറത്ത് കാത്ത് നില്ക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ കൈവീശിക്കാണിച്ച് അവര്‍ മകനെയും കയ്യിലെടുത്ത് കാറില്‍ പോയി.
പിന്നീട് സ്വന്തമായി രാഷ്ട്രീയ മഞ്ച് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് 1984ല്‍ രാജീവ് ഗാന്ധിയ്ക്കെതിരെ അമേഠിയില്‍ മത്സരിച്ചു തോറ്റു. അന്ന് രാജീവ് ഗാന്ധി 84 ശതമാനം വോട്ടുകള്‍ നേടി. 1981,1984,1989, 1991 വര്‍ഷങ്ങളില്‍ വിജയിച്ചു. രാജീവ് ഗാന്ധിയ്ക്ക് ശേഷം 1999ല്‍ സോണിയാഗാന്ധി അമേഠിയുടെ മരുമകളായി. 2004ല്‍ മകന് രാഹുലിനെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ശേഷം സോണിയ ഗാന്ധി റായ് ബറേലിയില്‍ മത്സരിച്ചു. പക്ഷെ പിന്നീട് മേനകാ ഗാന്ധി അമേഠിയിലേക്ക് ഒരിയ്ക്കലും തിരിച്ചുവന്നില്ല. കാല് നൂറ്റാണ്ടിലേറെക്കാലം രാജീവ് ഗാന്ധിയുടെ കുടുംബം കൈവശം വെച്ചിരുന്ന അമേഠി എന്തിനാണ് ഗാന്ധി കുടുംബം കൈവിട്ടത്. എന്തിന് പ്രിയങ്കയ്ക്ക് പോലും അമേഠി സീറ്റ് നല്‍കാതെ തന്റെ അനുചരനായ കെ.എല്‍ ശര്‍മ്മയ്ക്ക് അമേഠി സീറ്റ് നല്കി? എന്തിന് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര അമേഠി സീറ്റ് പരസ്യമായി ചോദിച്ചിട്ടും കൊടുത്തില്ല. കഴിഞ്ഞ 30-35 വര്‍ഷക്കാലമായി ഗാന്ധി കുടുംബത്തിന് വേണ്ടി അമേഠിയില്‍ പ്രവര്‍ത്തിച്ച, സോണിയാഗാന്ധിയുടെ വലംകൈയായ വ്യക്തിയാണ് കിഷോരി ലാല്‍ ശര്‍മ്മ.
രാഹുല്‍ ഗാന്ധി അമേഠിയെ ഉപേക്ഷിച്ച് റായ് ബറേലിയില്‍ മത്സരിക്കുന്നതിനെ സ്മൃതി ഇറാനി വിമര്‍ശിച്ചു. “വയനാടിന് വേണ്ടി അമേഠി ഉപേക്ഷിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങള്‍ സ്വന്തം കുടുംബം പോലെയാണെന്നാണ് രാഹുല്‍ ഗാന്ധി അവിടെ പ്രസംഗിച്ചത്. ഇനി റായ് ബറേലിയില്‍ രാഹുല്‍ എന്ത് പ്രസംഗിക്കും?”- സ്മൃതി ഇറാനി ചോദിക്കുന്നു.
അമേഠി, റായ്ബറേലി മണ്ഡലങ്ങളെക്കുറിച്ച് ഗാന്ധി കുടുംബം 16 സര്‍വ്വേകള്‍ നടത്തിയതായി പറയുന്നു. അതില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ റായ് ബറേലിയില്‍ നിന്നാല്‍ ജയം ഉറപ്പാണെന്നും എന്നാല്‍ അമേറിയില്‍ വിജയസാധ്യത 50 ശതമാനം മാത്രമാണെന്നും കണ്ടു. ഇതോടെയാണ് അമേഠി വിട്ട് റായ് ബറേലി തെരഞ്ഞെടുക്കാന്‍ കാരണമായത്. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ് ബറേലിയിലും ജയിച്ചാല്‍ ഒരു സീറ്റ് ഒഴിയുമ്പോള്‍ നടത്തുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് പദ്ധതി.
എന്തായാലും 44 വര്‍ഷത്തെ ചരിത്രമാണ് ഗാന്ധി കുടുംബത്തിന് അമേഠിയുമായുള്ളത്. ഒരിയ്ക്കല്‍ അത് ഗാന്ധി കുടുംബത്തെ പിളര്‍ക്കുക പോലും ചെയ്തു. ഇപ്പോള്‍ ഗാന്ധി കുടുംബം ഈ കുത്തക മണ്ഡലം കൈവിടുകയാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: