ന്യൂ ഡൽഹി, 8 മെയ് 2024: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായ സാം പിത്രോദ ദക്ഷിണേന്ത്യക്കാരടക്കമുള്ള ഭാരതീയരെ ഒന്നടങ്കം അവഹേളിച്ചു നടത്തിയ വംശീയ വെറി കലർന്ന പ്രസ്താവനക്ക് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് കേന്ദ്ര ഇലൿട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ.
കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ ഉപദേശകനുമായ സാം പിത്രോദ പറയുന്നത് അതെ പടി ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. ലോകമെമ്പാടും സഞ്ചരിച്ച് ഇന്ത്യയുടെ പ്രശസ്തി ഇല്ലാതാക്കുക, നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുക എന്നതെല്ലാം ഇവർ പല തവണ ആവർത്തിച്ചിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും വായ തുറക്കുന്നതിൽ സാം പിത്രോദക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. “1984 ലെ കലാപത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘അതിനെന്താ’ എന്നാണ് 2019-ൽ അദ്ദേഹം തിരിച്ചു ചോദിച്ചത്. യുപിഎയുടെ പത്തു വർഷത്തെ അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോൾ അഴിമതിയെന്നത് ജീവിതത്തിന്റെ ഭാഗമാണ് എന്നായിരുന്നു പിത്രോദയുടെ മറുപടി. പുൽവാമയിലെ ഭീകരാക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഭീകരത ഒരു ജീവിതരീതിയാണ്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് രാമക്ഷേത്രത്തിലും രാമജന്മഭൂമിയിലും അധിഷ്ഠിതമാണെന്നാണ് പിത്രോദയുടെ ഒടുവിലത്തെ കണ്ടുപിടിത്തം”, ബിജെപി നേതാവ് ഡോ.സുധാംശു ത്രിവേദിക്കൊപ്പം പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.
ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരാണെന്നും കിഴക്കൻ ഇന്ത്യക്കാർ ചൈനക്കാരാണെന്നും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരാണെന്നും പടിഞ്ഞാറൻ സംസ്ഥാനക്കാർ അറബികളാണെന്നുമുള്ള പിത്രോദയുടെ വ്യാഖ്യാനം കോൺഗ്രസ് നേതൃത്വത്തിന്റെ ഭിന്നിപ്പിച്ചു കാണലും വർഗീയതയും അജ്ഞതയും വെളിവാക്കുന്നു. ഇന്ത്യക്കാരെ ആഫ്രിക്കക്കാർ, ചൈനക്കാർ, വെള്ളക്കാർ, അറബികൾ എന്നിവരുടെ സങ്കരമെന്നു കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവ് തന്നെ വിശേഷിപ്പിക്കുമ്പോൾ അത് കോൺഗ്രസ് നേതൃത്വത്തിന്റെ സങ്കുചിത ചിന്താഗതിയെ വെളിപ്പെടുത്തുന്നു എന്ന് വേണം കരുതാൻ.
ഒരു വശത്ത് രാഹുൽ ഗാന്ധി മൊഹബത് കി ദുകാൻ, ഭാരത് ജോഡോ യാത്ര എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ സോണിയ ഗാന്ധി സമഗ്ര വികസനം പറയുന്ന വീഡിയോയുമായി വരുന്നു. അതിനിടെ എങ്ങനെയാണ് അവരുടെ തന്നെ നേതാവായ സാം പിത്രോദക്ക് ഇന്ത്യക്കാരെക്കുറിച്ച് ഇത്തരം അപകീർത്തികരവും ഭിന്നിപ്പിക്കുന്നതുമായ നിർവ്വചനം നടത്താൻ കഴിയുക? ‘ഒരു വശത്ത് നിങ്ങൾ ഭാരത് ജോഡോ യാത്ര, മൊഹബത് കാ ദുക്കൻ, തുടങ്ങിയവ പറയുമ്പോൾ മറുവശത്ത് നിങ്ങൾ ഇന്ത്യൻ ജനതയെ അറബികളോടും ചൈനക്കാരോടുമെല്ലാം ചേർത്തു പറഞ്ഞ് വംശീയതയും ഭിന്നിപ്പും സൃഷ്ടിക്കുന്നു. ഒപ്പം തന്നെ മൂന്നാമതൊരിടത്ത് ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷിനെപ്പോലുള്ളവർ ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യ വേർപിരിയേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു; തുടർന്ന് ഇന്തി സഖ്യത്തിലെ ദക്ഷിണേന്ത്യൻ പങ്കാളികൾ ഉത്തരേന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നു. ഇന്ത്യയെ വിഭജിക്കുന്നതിനും നശിപ്പിക്കുന്നതിനും നിരന്തരശ്രമം നടത്തുന്ന കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം കാപട്യവും ഭിന്നിപ്പും നുണകളും നിറഞ്ഞതാണ്. എന്നാൽ ഇന്ത്യയോടും നമ്മുടെ ജനാധിപത്യത്തോടും വ്യവസ്ഥിതിയോടും വിശ്വാസത്തോടും സനാതന ധർമ്മത്തോടും കോൺഗ്രസും ഇന്തി സഖ്യവും നടത്തുന്ന ഈ നിരന്തരമായ അപമാനം അവഗണിക്കാവുന്നതല്ല.
“ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരെന്ന് സാം പിത്രോദ വിശേഷിപ്പിച്ചതിനോട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനുമെല്ലാം എന്ത് നിലപാടാണുള്ളതെന്നു ഞാൻ അവരോടു ചോദിക്കുകയാണ്. കോൺഗ്രസ് പാർട്ടി നേതാവിന്റെ ഇത്തരം വംശീയ നിലപാടിനെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്താണ്”?, രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
വംശീയത കുത്തിനിറച്ച് ഇന്ത്യക്കാരെ ഇത്തരത്തിൽ അവഹേളിച്ച പ്രസ്താവന നടത്തിയതിനു രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതൃത്വം ഇന്ത്യൻ ജനതയോട് മാപ്പു പറയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: