തിരുവല്ല: വെര്‍ച്ച്വല്‍ ക്യൂ വഴി എണ്‍പതിനായിരം അയ്യപ്പന്മാരെ മാത്രമേ ദര്‍ശനത്തിന് അനുവദിയ്ക്കുകയുള്ളൂ എന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് അയ്യപ്പഭക്തന്മാരോടുള്ള തെറ്റായ സമീപനമാണെന്ന് യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട്. സ്പോട്ട്ബുക്കിങ്ങ് ഒഴിവാക്കുകയാണെന്നു ബോര്‍ഡിന്റെ പ്രസ്താവനയില്‍ കാണുന്നു. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരെ ശബരിമലയില്‍ എത്താന്‍ അനുവദിയ്ക്കേണ്ടതാണ്.
നൂറ്റാണ്ടുകളോളം ഒരു കുഴപ്പവും ഇല്ലാതെ ശബരിമല ദര്‍ശനം സാധ്യമായിരുന്നു. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായിട്ടാണ് അപക്വമായ നിയന്ത്രണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളോടുള്ള ദേവസ്വം ബോര്‍ഡിന്റെ സമീപനം മാറേണ്ടതുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാവര്ക്കും സുഗമമായ ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങള്‍ ഉണ്ടാവണം. തിരുപ്പതിയില്‍ ബുദ്ധിമുട്ടില്ലാതെ ദര്‍ശനം നടത്തുന്നതുപോലെയുള്ള സംവിധാനങ്ങള്‍ ഇവിടെയും വേണ്ടതാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ഭക്തജനങ്ങള്‍ കഷ്ടപ്പെടുന്നത് കണ്ടതാണ്. സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന് ഗണ്യമായ സംഭാവന നല്കുന്ന അയ്യഭക്തന്മാരോട് സര്‍ക്കാര്‍, അതിഥികളേപ്പോലെ പെരുമാറി വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്ത് മണ്ഡലകാലം സുഗമമായി കടന്നു പോകാനുള്ള തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: