മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കും സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇന്ന് കളത്തില്‍. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ രാത്രി 12.30 മുതലാണ് മത്സരം.
ഇരുവരും തമ്മില്‍ ബയേണ്‍ തട്ടകം മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ആദ്യപാദ പോരാട്ടം സമനിലയില്‍ കലാശിച്ചിരുന്നു. ഇരു ടീമുകളും രണ്ട് വീതം ഗോളുകളാണ് നേടിയത്. 24-ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളില്‍ റയല്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുകളുമായി ബയേണ്‍ തിരിച്ചടിച്ച് വിരുന്നുകാരെക്കാള്‍ മുന്നിലെത്തി. ലെറോയ് സാനെയും പെനല്‍റ്റിയിലൂടെ ഹാരി കെയ്നും ആണ് ഗോള്‍ നേടിയത്. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന ബയേണ്‍ 83-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച വിനീഷ്യസ് ഇരട്ടഗോള്‍ തികച്ച് മത്സരം സമനിലയിലാക്കി.
ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വഴിയടച്ചുകൊണ്ടൊണ് റയലിന്റെ വരവ്. കഴിഞ്ഞ സീസണില്‍ അന്ന് നിലവിലെ ജേതാക്കളായിരുന്ന റയലിനെ സിറ്റിയാണ് നോക്കൗട്ടില്‍ തോല്‍പ്പിച്ചത്. അതിനുള്ള മധുരപ്രതികരാമാകുകയായിരുന്നു ഇത്തവണത്തെ റയലിന്റെ ക്വാര്‍ട്ടര്‍ വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് റയല്‍ ജയിച്ചത്. രണ്ട് വര്‍ഷത്തിന് മുമ്പാണ് റയലിന് ഫൈനലിനെത്താന് കഴിഞ്ഞത്. 2022ല്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ കിരീടം നേടുകയും ചെയ്തു.
സീസണിലെ പ്രാദേശിയ ലീഗില്‍ മികച്ച നിലയില്‍ തുടരുന്ന ആഴ്സണലിന്റെ വമ്പിനെ കീഴ്പ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ നിന്നുള്ള ബയേണിന്റെ വരവ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കാനാണ് ബയേണും ഇറങ്ങുന്നത്. 2020ല്‍ പാരിസ് സെന്റ് ജെര്‍മെയ്നെ(പിഎസ്ജി) തോല്‍പ്പിച്ച് കിരീടം നേടിയ ടീം ആണ് ബയേണ്‍ മ്യൂണിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: