അരൂര്‍: നാവിക സേനയ്ക്ക് കരുത്തേകാന്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ച ‘മാരീച്’ വിശാഖപട്ടണത്തേക്ക്. കപ്പല്‍ തകര്‍ക്കുന്ന ബോംബ് (ടോര്‍പിഡോ) കണ്ടെത്താനും നിര്‍വീര്യമാക്കാനുമായി കെല്‍ട്രോണ്‍ നിര്‍മിച്ച ‘മാരീച്’ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കയറ്റിയയച്ചത്.
അരൂരിലെ കെല്‍ട്രോണ്‍ കണ്ട്രോള്സിലായിരുന്നു ഫ്ലാഗ്ഓഫ്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളില്‍ സ്ഥാപിക്കാനാണ് വിശാഖപട്ടണത്തെ നാവികസേനയുടെ ആസ്ഥാനത്തേക്ക് മാരീച് കയറ്റി അയച്ചത്. 11 വീതം രണ്ടുഘട്ടങ്ങളിലായി 22 എണ്ണത്തിന്റെ ഓര്‍ഡറാണ് ലഭിച്ചത്. ഇതില്‍ അഞ്ചെണ്ണം കെല്‍ട്രോണ്‍ കൈമാറി.
അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫന്‍സ് സംവിധാനമായ മാരീച് രൂപകല്‍പ്പന ചെയ്തത് എന്പിഒഎല്ലാണ്. ഇതിന്റെ അത്യാധുനിക സെന്‍സറുകള്‍ നിര്‍മിച്ച് നല്‍കിയത് മലപ്പുറം കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡും. ബാക്കി മുഴുവന്‍ ഭാഗവും നിര്‍മിക്കുന്നതും കൂട്ടിച്ചേര്‍ക്കുന്നതും ആലപ്പുഴ അരൂരിലാണ്.
സമുദ്രാന്തര്‍ ഭാഗത്ത് കെല്‍ട്രോണ്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. നാവികസേന ദക്ഷിണ മേഖല കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് ഫ്ലാഗ്ഓഫ് ചെയ്തു. കെല്‍ട്രോണ്‍ ചെയര്മാന് എന്‍. നാരായണമൂര്‍ത്തി, മാനേജിങ് ഡയറക്ടര്‍ ശ്രീകുമാര്‍ നായര്‍, അരൂരിലെ കെല്‍ട്രോണ്‍ കണ്ട്രോള്സ് മേധാവി അനില്‍കുമാര്‍, എന്‍പിഒഎല്‍, ഇന്ത്യന്‍ നേവി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: