തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍ കന്റോണ്‍മെന്റ് പോലീസ് കേസടുത്തു. കോടതി ഇടപെടലിനെ തുടര്‍ന്നാണ് കേസെടുത്ത്. ഇതോടെ നാണം കെട്ട് സിപിഎമ്മും പോലീസും. ഡ്രൈവര്‍ യദുവിന്റെ ജോലി കളയാന്‍ ഉറച്ച് പോലീസിന്റെ പ്രതികാര നടപടി.
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വൈകി കന്റോണ്‍മെന്റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ജോലി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എ കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിങ്ങനെയാണ് പ്രതിപട്ടികയിലുള്ളത്.
ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡ്രൈവര്‍ യദു പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ല. മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പറഞ്ഞിരുന്നത്. കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വവും വെട്ടിലായി. അതേസമയം കഴിഞ്ഞ ദിവസം യദു നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് കോടതി കേസ് പരിഗണിക്കും.
ഇതോടെ യദുവിനെതിരെ പ്രതികാര നടപടിയുമായി പോലീസും സിപിഎമ്മും രംഗത്ത് എത്തി. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ടായി നല്‍കാനാണ് നീക്കം. തൃശ്ശൂരില്‍ നിന്നും തലസ്ഥാനത്ത് എത്തുന്നത് വരെ ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് വെറും 10 മിനിറ്റില്‍ താഴെ മാത്രമാണ്. അതുകൊണ്ടുതന്നെ ബസ് ഓടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഫോണ്‍ സംസാരമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതോടെ താത്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാം.
അതിനിടെ, ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലും പോലീസ് അന്വേഷണം യദുവിലേക്ക് തിരിക്കാനാണ് നീക്കം. തര്‍ക്കം നടന്നതിന് പിറ്റേദിവസം പകല്‍ തമ്പാനൂര്‍ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്ന ബസിന് സമീപം യദു എത്തിയെയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബസ് സ്റ്റേഷനിലേക്ക് എത്തിച്ചവരെക്കുറിച്ചോ അതിനുശേഷം ബസില്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: