പാലക്കാട്: അച്ചടക്കത്തിന്റെയും സമര്‍പ്പണ മനോഭാവത്തിന്റെയും പ്രതിനിധികളാണ് സ്വയംസേവകരെന്ന് നല്ലേപ്പിള്ളി നാരായണാലയാശ്രമം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി. ശരീരം, മനസ്, ബുദ്ധി എന്നിവ മനുഷ്യന്റെ ജീവിതയാത്രയിലെ മൂന്നു ഘടകങ്ങളാണ്. ഇവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ അധ്വാനവും ഉപാസനയും അറിവും അനിവാര്യമാണ്. ഈ ജീവിതശൈലി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ സ്വയംസേവകര്‍ക്ക് കഴിയണമെന്ന് സ്വാമി സന്മയാനന്ദ സരസ്വതി ആഹ്വാനം ചെയ്തു.
വ്യക്തമായ കാഴ്ചപ്പാടും ആശയവും ഉള്‍ക്കൊണ്ട് ഡോക്ടര്‍ജി തുടങ്ങിയ പ്രസ്ഥാനം ഇന്ന് രാജ്യമൊട്ടാകെ പടര്‍ന്ന് പന്തലിച്ചിരിക്കുമ്പോള് നാം ഓരോരുത്തരും അതിലെ കണ്ണികളാണെന്ന ബോധ്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആരംഭിച്ച ഉത്തരകേരള പ്രാന്ത സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ് സര്‍വാധികാരി കെ.പി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.
സുസംഘടിത ഹിന്ദു സമാജമാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന് മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ ദേശസ്നേഹം, അച്ചടക്കം, സമര്‍പ്പണ മനോഭാവം എന്നിവ വളര്‍ത്തുന്നതില്‍ സ്വയംസേവകര്‍ക്ക് ഏറെ പങ്കുവഹിക്കാനുണ്ട്. സംഘം ശതാബ്ദിയിലേക്ക് നീങ്ങുന്ന വര്‍ഷമാണിത്. നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് നൂറാം വയസിലേക്ക് പ്രവേശിക്കുന്നത്. ഇത്തരുണത്തില്‍ സ്വയംസേവകരുടെ പ്രവര്‍ത്തനവും മാതൃകാപരമായിരിക്കണമെന്ന് ഈശ്വരന് പറഞ്ഞു. വര്‍ഗ് കാര്യവാഹ് ഒ. രാഗേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: